പലരും ബ്രഷിംഗിന് പകരക്കാരനാക്കാം എന്ന് കരുതുന്ന ഒരു ഉത്പന്നമാണ് മൗത്ത് വാഷുകൾ. ദന്തരോഗ വിദഗ്ധനെ കാണുന്നതിന് മുൻപ് മൗത്ത് വാഷ് ആവശ്യത്തിൽ കൂടുതൽ ഉപയോഗിച്ച് വായിലെ മൃദുകോശങ്ങളും ശ്ലേഷ്മ സ്തരവും പൊള്ളിച്ചു കൊണ്ടു വരുന്നവരും വിരളമല്ല.
വായ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലയണിയാണെന്ന് ലളിതമായി പറയാം. പ്രധാനമായ ഘടകമായ അണുവിമുക്തി വരുത്തുന്നതും അഴുക്കിളക്കുന്നതുമായ രാസപദാർത്ഥത്തോടൊപ്പം രുചിക്കും, നിറത്തിനുമുള്ള വസ്തുക്കളും ഇവയിൽ ഉണ്ടാകും.
വെറുതെ ഉപയോഗിക്കാവുന്ന തരത്തിൽ കോസ്മറ്റിക് രീതിയിലും ഏതെങ്കിലും പ്രത്യേക അവസ്ഥയിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സയുടെ ഭാഗമായി തെറാപ്യൂട്ടിക് രീതിയിലും ഇവ ലഭ്യമാണ്. മറ്റൊരു തരത്തിൽ ആൽക്കഹോൾ അടങ്ങിയവയും ഇല്ലാത്തതും എന്നും തരാം തിരിക്കാൻ കഴിയും.
മോണവീക്കം. വായ്നാറ്റം. ദന്തക്ഷയം,വായ്പുണ്ണ് , വായ വരണ്ടുണങ്ങുന്നവർ, പല്ലിൽ കമ്പിയിട്ടിരിക്കുന്നവർ തുടങ്ങിയവരാണ് സാധാരണ മൗത്ത് വാഷ് ഉപയോഗിക്കുന്നത്.ഓരോ അവസ്ഥയിലും ഉപയോഗിക്കുന്ന തരം വ്യത്യസ്ഥമായിരിക്കും . സ്ഥിരമായി കുറച്ച് നാൾ ഉപയോഗിക്കേണ്ട കാര്യം പല്ലിൽ കമ്പിയിട്ടിരിക്കുന്നവരിലാണ് വരിക.
അണുവിമുക്തി വരുത്തുന്നതിൽ മുൻപന്തിയിലുള്ളത് ക്ലോർഹെക്സിഡിൻ എന്ന തന്മാത്ര അടങ്ങിയതാണ്. സിറ്റൈൽ പിരിഡിനിയം ക്ലോറൈഡാണ് മറ്റൊരു ഘടകം. ദന്തക്ഷയം ചെറുക്കേണ്ടവയിൽ ഫ്ലൂറൈഡും അടങ്ങിയിരിക്കും. വായ്നാറ്റം ചെറുക്കേണ്ടവയിൽ കാരണമായ സൾഫർ വാതക തന്മാത്രകളെ നശിപ്പിക്കാൻ സഹായിക്കുന്ന ഫ്ലവനോയിഡുകൾ അടങ്ങിയിട്ടുണ്ടാവും. വായ വരണ്ടുണങ്ങുന്നവരിൽ മീദൈയിൽ സെല്ലുലോസ് അടങ്ങിയ മൗത്ത് വാഷാണ് ഉപയോഗിക്കാറ്.
സ്ഥിരമായി ഉപയോഗിച്ചാൽ ക്ലോർഹെക്സിഡിൻ പോലുള്ളവ പല്ലുകളിൽ ബ്രൗൺ നിറം, നാവിലെ രസമുകുളങ്ങൾക്ക് കേടുപാട്, രുചി വ്യത്യാസം എന്നിവ ഉണ്ടാക്കാറുണ്ട്. ആൽക്കഹോൾ അടങ്ങിയവ ചെറിയ പുകച്ചിലും ഉണ്ടാക്കാറുണ്ട്. ആൽക്കഹോൾ വാദനാർബുദത്തിനും കരണമാവുന്നതിനാൽ കഴിവതും ആൽക്കഹോൾ അടങ്ങിയ മൗത്ത് വാഷ് ഒഴിവാക്കുന്നതാണ് നല്ലത്.
പ്രധാനമായും 0.12%, 0.2% എന്നീ രണ്ട് അളവിലാണ് ക്ലോർ ഹെക്‌സിഡിൻ അടങ്ങിയിട്ടുള്ളത്. അതിൽ 0.12% കൂടുതൽ അണുവിമുക്തി വരുത്തും എന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു. നേർപ്പിക്കാതെയും, നേർപ്പിച്ചും ഉപയോഗിക്കാറുണ്ട്. അവയിലുള്ള ഘടകങ്ങളുടെ അവസ്ഥ അനുസരിച്ച് ഉപയോഗക്രമം പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. ഒരു കാൽ ഭാഗം വലിയ ഗ്ലാസിൽ 5ml ഓളം ചേർത്ത് നേർപ്പിച്ചും ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് കുലുക്കുഴിഞ്ഞതിന് ശേഷം അരമണിക്കൂർ ഒന്നും കഴിക്കാനോ, കുടിക്കാനോ പാടില്ല. അര മണിക്കൂർ കഴിഞ്ഞ് വായ പച്ച വെള്ളത്തിൽ നന്നായി കഴുകണം. രണ്ടാഴ്ച ഉപയോഗിച്ച് നിർത്തുന്നതാണ് നല്ലത് അധികമായാൽ അമൃതും വിഷം എന്ന കാര്യം ഇവിടെയും ആപ്തവാക്യമാക്കാം.