Nammude Arogyam
General

ബി.പി പരിശോധന നടത്തേണ്ട സമയം എപ്പോഴാണ്?

ബി.പി അഥവാ രക്തസമ്മര്‍ദം പലര്‍ക്കുമുള്ള പ്രശ്‌നമാണ്. രക്തസമ്മര്‍ദം വര്‍ദ്ധിയ്ക്കുന്നത് പല പ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഒന്നാണ്. സാധാരണ 35 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്കാണ് ഇത്തരം അവസ്ഥകൾ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും ഇന്നിത് കാണപ്പെടുന്നുണ്ട്. ബി.പി കൂടുന്നത് ആദ്യ ഘട്ടത്തില്‍ കാര്യമായ ലക്ഷണം വരുത്തില്ല. എന്നാല്‍ തലവേദന, കൈകാല്‍ തരിപ്പ്, കണ്ണിന്റെ കാഴ്ച മങ്ങുക, തല ചുറ്റുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ബി.പി കൂടുമ്പോള്‍, അതായത് ആദ്യ ഘട്ടം കഴിയുമ്പോള്‍ അനുഭവപ്പെടുന്നവയാണ് ഇവയെല്ലാം.

രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ ഉയർന്നതാണെങ്കിൽ അതായത് രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 നേക്കാൾ അധികമാണെങ്കിൽ, ഇത് ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ, കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. ഹൃദയ ധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടി വരുമ്പോൾ സമ്മർദ്ദം വർദ്ധിക്കുകയും ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ബി.പി നമുക്കു വീട്ടില്‍ തന്നെ ചെക്ക് ചെയ്യാം. ഇതിനായി ഡിജിറ്റല്‍ മെഷീനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാൽ ബി.പി ചെക്ക് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയുളള സമയത്ത് വേണം, ചെയ്യുവാന്‍. ഇത് ഹോസ്പിറ്റലില്‍ ആണെങ്കിലും വീട്ടിലാണെങ്കിലും. അല്ലാതെ ഉച്ച കഴിഞ്ഞുള്ള സമയത്ത് എടുക്കുന്നത് കൃത്യമാകില്ല. ഇതു പോലെ തന്നെ ബി.പി മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ കൃത്യ സമയത്ത് തന്നെ കഴിയ്ക്കുക. മരുന്ന് കഴിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ബി.പി നോര്‍മലായി വന്നാല്‍ മരുന്ന് നിര്‍ത്തരുത്. ബി.പി മരുന്നു കഴിയ്ക്കുമ്പോള്‍ ആദ്യം ഛര്‍ദിയ്ക്കാന്‍ വരുന്നതു പോലുളള തോന്നലുകളുണ്ടാകാം. എന്നാല്‍ ശരീരം ഇതുമായി ചേര്‍ന്നു വന്നാല്‍ ഈ പ്രശ്‌നമില്ലാതാകും.

ബി.പി നിയന്ത്രിയ്ക്കാന്‍ ജീവിതശൈലീ മാറ്റങ്ങള്‍ പ്രധാനമാണ്. വ്യായാമം ശീലമാക്കുക. ഇത് ബി.പി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു പോലെ പുകവലി പൂര്‍ണമായി ഉപേക്ഷിയ്ക്കുക, ഭക്ഷണത്തില്‍ ഉപ്പ് നിയന്ത്രിയ്ക്കുക തുടങ്ങിയവയിലൂടെയും ബി.പി നിയന്തിക്കാൻ സാധിക്കും. ഡാഷ് ഡയറ്റ് ബി.പി രോഗികള്‍ക്ക് ഏറെ ചേര്‍ന്ന ഒന്നാണ്.

ബി.പിയുടെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി, നേരത്തെ തന്നെ ഈയവസ്ഥയെ ചികിത്സിക്കാനാവും. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത്തരമൊരവസ്ഥ നിരവധി രോഗങ്ങൾക്കും കാരണമായി മാറാൻ ഇടയാക്കിയേക്കും. അതിനാൽ പതിവായി പരിശോധനകൾ നടത്തി ഇതിന്റെ ലക്ഷണം ഉണ്ടോ എന്ന് സ്വയം തിരിച്ചറിയുക അത്യാവശ്യമാണ്.

Related posts