Nammude Arogyam
Covid-19

ഒരിടവേളക്ക് ശേഷം കോവിഡ് വീണ്ടും ഭീതിയിലാഴ്ത്തുമ്പോൾ……..

ഒമിക്രോണ്‍ BF.7 എന്ന കൊവിഡ് വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജറാത്തിലും ഒഡീഷയിലുമാണ് രോഗബാധ സ്ഥീരികരിക്കപ്പെട്ടത്. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം അല്‍പം കരുതിയിരിക്കേണ്ടതാണ്. പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പുറകേ നിരവധി മുന്‍കരുതലുകള്‍ രാജ്യം സ്വീകരിച്ച് കഴിഞ്ഞു. അതിതീവ്രതയേറിയ അതിവ്യാപന ശേഷിയുള്ള വൈറസാണ് BF.7. ഇന്ത്യയില്‍ ആദ്യമായാണ് കൊവിഡ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ അതിവ്യാപന ശേഷി തന്നെയാണ് ഏറ്റവും അപകടം. എന്നാല്‍ നിലവില്‍ രാജ്യത്തെ സാഹചര്യങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുന്‍കരുതലുകള്‍ എടുത്ത് ജാഗ്രതയോടെ ഇരുന്നാല്‍ മതി എന്നുമാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്.

2020-ല്‍ കൊവിഡ് അതിമാരകമായ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. കൊവിഡിന് നിരവധി വകഭേദങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അതിവ്യാപന ശേഷിയുമായി ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ടത്. പെട്ടെന്ന് വ്യാപിക്കുന്നതായത് കൊണ്ട് തന്നെ നല്ലൊരു ശതമാനം ആളുകളേയും ഒമിക്രോണ്‍ പിടികൂടിയിരുന്നു. ഒമിക്രോണ്‍ അതില്‍ നിന്നും നിരവധി ഉപവകഭേദങ്ങളേയും സൃഷ്ടിച്ചിരുന്നു. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒമിക്രോണ്‍ വകഭേദമായ BF.7 കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഏറ്റവും പുതിയ സബ് വേരിയന്റ് – BF.7 – കണ്ടെത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങളില്‍ നിന്ന് രാജ്യം മോചനത്തിലേക്ക് കടക്കുന്ന സമയത്താണ് വീണ്ടും രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. ചൈനയില്‍ വീണ്ടും കൊവിഡ് നിയന്ത്രണാതീതമായത് ഒമിക്രോണ്‍ ഉപവകഭേദം BF.7 മൂലമാണ്. BA.5.2.1.7 എന്നതിന്റെ ചുരുക്കെഴുത്താണ് BF.7 എന്നത്. ഇതിന്റെ അതിവ്യാപന ശേഷി തന്നെയാണ് ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ വകഭേദം വളരെ വേഗത്തില്‍ പകരുമെന്നും വാക്‌സിനേഷന്‍ എടുത്തവരെ ബാധിക്കുമെന്നുമാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്.

കൊവിഡ് രോഗാണുബാധ ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടി രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. ഒമിക്രോണിന് സമാനമായ രോഗലക്ഷണങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയ ഉപകവഭേദത്തിലും ഉള്ളത്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അപകടകരമായ അവസ്ഥയിലേക്ക് പോവാതെ മുന്നോട്ട് പോവുന്നതിന് അതീവ ശ്രദ്ധ വേണം. പ്രത്യേകിച്ച് കാലാവസ്ഥ മാറ്റങ്ങള്‍ കൂടി ഉള്ള സമയം അതീവ ശ്രദ്ധ വേണം. ഈ വേരിയന്റ് ദുര്‍ബലമായ പ്രതിരോധശേഷി ഉള്ളവരില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും.

പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പുറകേ വിമാനത്താവളത്തില്‍ രാജ്യത്തേക്ക് എത്തുന്ന വിദേശ യാത്രക്കാരില്‍ വീണ്ടും പരിശോധന ആരംഭിച്ചിട്ടുണ്ട്. കൊവിഡില്‍ നിന്ന് മുക്തമായി എന്ന ധാരണയില്‍ പലരും മാസ്‌ക് ധരിക്കാതേയും കൈകള്‍ സാനിറ്റൈസ് ചെയ്യാതേയും പോവുന്നു. എന്നാല്‍ ഇത്തരം ശീലങ്ങള്‍ വീണ്ടും ആരംഭിക്കുന്നതും ആരോഗ്യത്തോടെ തുടരുന്നതും അകലം പാലിക്കുന്നതും ഭാവിയില്‍ കൊവിഡിന് പിടികൊടുക്കാതിരിക്കാന്‍ സഹായിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ കൊവിഡ് വര്‍ദ്ധിക്കുന്നതിന് ഇടയിലാണ് ഇപ്പോള്‍ രാജ്യത്ത് BF.7 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലും ചൈനയിലും ജപ്പാനിലും കൊവിഡ് കേസുകളില്‍ വളരെയധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യു എസില്‍ കൊവിഡ് കേസുകളില്‍ നല്ലൊരു ശതമാനവും പുതിയ ഉപവകഭേദം സൃഷ്ടിക്കുന്നതാണ്. ജപ്പാല്‍, യു എസ്, റിപ്പബ്ലിക് ഓഫ് കൊറിയ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കേസുകള്‍ വളരെ പെട്ടെന്നാണ് വര്‍ദ്ധിച്ചത്. വാക്‌സിനുകൾ ഫലപ്രദമെങ്കിലും വകഭേദങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നാം ഓരോരുത്തരും നല്‍കേണ്ടതാണ്.

Related posts