Nammude Arogyam
GeneralOldage

മറവിയുടെ നിഴലനക്കം

🎵🎵🎵മേലെ വെള്ളിത്തിങ്കൾ, താഴെ നിലാ കായൽ

കള്ളനെ പോലെ തെന്നൽ, നിൻ്റെ ചുരുൾ മുടിത്തുമ്പത്തെ

വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു

പൊൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു🎵🎵🎵

ഇന്ന് ഈ പാട്ട് കേട്ടപ്പോഴാ തന്മാത്ര സിനിമയെക്കുറിച്ച് ഓർമ വന്നത്. ഓർമ നശിക്കുമ്പോഴുള്ള ഒരാളുടെ ഭീകര അവസ്ഥയെ എത്ര വേദനാജനകമായിട്ടാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഈ സിനിമ കണ്ടപ്പോഴാണ് പലരും ഓര്‍മയുടെ വിലയറിയുന്നത്. ഡിമന്‍ഷ്യ, അല്‍ഷൈമേഴ്‌സ് എന്നൊക്കെ നേരത്തേ കേട്ടിട്ടുള്ളവരാണ് നമ്മില്‍ പലരും. പക്ഷേ, ഓര്‍മ നശിക്കുന്നത് എങ്ങനെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നു എന്ന് സിനിമ കണ്ടപ്പോഴാണ് ഒരു ഞെട്ടലോടെ പലര്‍ക്കും ബോധ്യമായത്.

അത് ഇന്നും ഒരു വേവലാതിയായി പലരുടെയും മനസ്സിലുണ്ട്. അതാണ് മറവിയുടെ നിഴലനക്കംപോലും ചിലരില്‍ ഭീതി പടര്‍ത്തുന്നത്. മനുഷ്യനെ മനുഷ്യനാക്കുന്ന സവിശേഷമായ കഴിവാണ് ഓര്‍മ. ഓര്‍മ പോയാല്‍ പിന്നെ ജീവിച്ചിരുന്നിട്ടെന്തുകാര്യം അല്ലേ. എല്ലാമറിയാമെന്ന അഹങ്കാരത്തില്‍ നിന്ന് ഒന്നുമറിയില്ല എന്ന അവസ്ഥയിലേക്കുള്ള ആ പതനം എത്ര വേദനാജനകമാണ്. മറവിയുടെ നിലയില്ലാകയമാണ് അല്‍ഷൈമേഴ്‌സ് എന്നു പറയാം.

2050 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 30 മില്യണ്‍ അള്‍ഷൈമേഴ്‌സ് രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ അല്‍ഷൈമേഴ്‌സ് രോഗികളില്‍ 60 ശതമാനവും വികസിത രാജ്യങ്ങളിലാണുള്ളത്. പ്രായം ചെന്നവരുടെ ജനസംഖ്യയില്‍ ഏറ്റവുമധികം വളര്‍ച്ചയുള്ള ചൈനയിലും ഇന്ത്യയിലും അല്‍ഷൈമേഴ്‌സ് രോഗികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ കണക്കുകള്‍.

കേരളത്തിലും അല്‍ഷൈമേഴ്‌സ് അടക്കമുള്ള മേധാക്ഷയ രോഗങ്ങള്‍ ഏറിക്കൊണ്ടിരിക്കുകയാണ്. ആയുര്‍ദൈര്‍ഘ്യം കൂടിയതാണ് പ്രായമായവരില്‍ കാണപ്പെടുന്ന ഇത്തരം അസുഖങ്ങള്‍ വര്‍ധിക്കാനുള്ള ഒരു കാരണമായി പറയപ്പെടുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ 10 ശതമാനത്തിലധികം പേര്‍ അറുപതുകഴിഞ്ഞവരാണെന്ന് ഓര്‍ക്കുക. ഡിമന്‍ഷ്യ രോഗികളില്‍ പകുതിയലധികം പേര്‍ക്കും മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുന്ന അല്‍ഷൈമേഴ്‌സ് രോഗമാണുള്ളത്.

തലച്ചോറിലെ ചില ഭാഗങ്ങള്‍ രക്തയോട്ടമില്ലാതെ നിര്‍ജീവമായിത്തീരുന്നതുകൊണ്ടുണ്ടാകുന്ന മള്‍ട്ടി ഇന്‍ഫാര്‍ക്ട് ഡിമന്‍ഷ്യയാണ് നമ്മുടെ നാട്ടില്‍ അധികമായി കണ്ടുവരുന്നത്. അല്‍ഷൈമേഴ്‌സ് രോഗത്തിന് ഫലപ്രദമായ ചികില്‍സ ഇന്നും ലഭ്യമല്ല എന്നുതന്നെ പറയാം. പ്രമേഹരോഗികളിലും അധിക രക്തസമ്മര്‍ദമുള്ളവരിലും ഈ രോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹവും ബി.പി.യും അമിത കൊളസ്‌ട്രോളുമടക്കമുള്ള ജീവിത ശൈലീരോഗങ്ങളുടെ തലസ്ഥാനമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ അതുകൊണ്ടുതന്നെ അല്‍ഷൈമേഴ്‌സ് രോഗപ്രതിരോധത്തിന് പ്രസക്തിയേറെയാണ്.

തുടക്കം ഓര്‍മക്കുറവില്‍

ചെറിയ ഓര്‍മക്കുറവും ആശയക്കുഴപ്പവുമായിട്ടായിരിക്കും പലപ്പോഴും അല്‍ഷൈമേഴ്‌സിന്റെ തുടക്കം. തുടര്‍ന്ന് പതിയെ മാനുഷിക ശേഷികള്‍ നഷ്ടമാവും. ഓര്‍മശക്തി, കാര്യകാരണശേഷി, ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവുകള്‍, കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷി, സങ്കല്‍പ്പിക്കാനുള്ള കഴിവുകള്‍ അങ്ങനെ സ്ഥലകാലങ്ങളില്‍ നമ്മെ ഉറപ്പിച്ചുനിര്‍ത്താനുള്ള കഴിവുകളൊന്നൊന്നായി ചോര്‍ന്നുപോകും. എന്നുവെച്ച് എല്ലാ ഓര്‍മക്കേടുകളും അല്‍ഷൈമേഴ്‌സ് ആകണമെന്നില്ല. അതുകൊണ്ട് സാധാരണ പലര്‍ക്കുമുണ്ടാകുന്ന ചെറിയ ഓര്‍മക്കേടുകളെക്കുറിച്ച് വേവലാതിപ്പെടേണ്ട. അവയില്‍ പലതും പിന്നീട് തിരിച്ചുകിട്ടുന്നതാണ്.

ഒരേ കാര്യംതന്നെ ആവര്‍ത്തിച്ചു ചെയ്യുക, പറഞ്ഞതും കേട്ടതുമൊക്കെ മറക്കല്‍ പതിവാകുക, നമുക്ക് ഒരിക്കലും ചിന്തിക്കാനാവാത്ത സ്ഥലത്ത് സാധനങ്ങള്‍ സ്ഥാനം തെറ്റിച്ചുവെക്കുക, അക്കങ്ങള്‍ തിരിച്ചറിയാതാവുക, സംസാരിക്കുമ്പോഴും മറ്റും അനുയോജ്യമായ വാക്കുകള്‍ കണ്ടെത്താന്‍ കഴിയാതാവുക, സ്ഥലകാലബോധം നഷ്ടമാവുക, വിഷാദം, ഉത്കണ്ഠ, അടിക്കടി ഭാവമാറ്റം, ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാനാവാത്ത വിധമുള്ള മറവി തുടങ്ങിയവയൊക്കെയാണ് അല്‍ഷൈമേഴ്‌സിന്റെ സാധാരണ ലക്ഷണങ്ങള്‍. ഇവയില്‍ ചില ലക്ഷണങ്ങള്‍ മറ്റു ചില രോഗങ്ങളോടൊപ്പവും കാണാറുള്ളതുകൊണ്ട് കൃത്യമായ പരിശോധനകളിലൂടെയേ രോഗം അല്‍ഷൈമേഴ്‌സ് ആണെന്ന് ഉറപ്പു വരുത്താവൂ. സ്‌കാനിങ്, ന്യൂറോസൈക്കോളജിക്കല്‍ ടെസ്റ്റിങ്, രക്തപരിശോധന തുടങ്ങിയവയൊക്കെ രോഗനിര്‍ണയത്തിന് സഹായകരമാവും.

സ്ത്രീകളില്‍ കൂടുതലായി കണ്ട് വരുന്നു

അല്‍ഷൈമേഴ്‌സിന് ഒന്നിലധികം ഘടകങ്ങള്‍ കാരണമാകുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങള്‍, ജനിതക പ്രത്യേകതകള്‍ ഇവയൊക്കെ രോഗകാരണമാകാം. ഇവ മൂലം മസ്തിഷ്‌ക കോശങ്ങള്‍ തകരാറിലാവുകയും നശിക്കുകയുമാണ് അല്‍ഷൈമേഴ്‌സില്‍ സംഭവിക്കുന്നത്. ഇത് രണ്ടുവിധത്തില്‍ സംഭവിക്കാറുണ്ട്. മസ്തിഷ്‌ക കോശങ്ങള്‍ക്കിടയില്‍ പ്‌ളാക്കുകളുണ്ടായി അവയ്ക്കിടയില്‍ ആശയവിനിമയം തടസ്സപ്പെടുന്നതുമൂലവും പ്രോട്ടീനുകളില്‍ മാറ്റങ്ങളുണ്ടായി കോശങ്ങളിലെ ആന്തര ഘടനതന്നെ മാറിപ്പോയും കോശങ്ങള്‍ നശിക്കും.

പ്രായം, പാരമ്പര്യം, ജീവിത ശൈലീരോഗങ്ങള്‍, ബുദ്ധിപരമായ തകരാറുകള്‍, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ അപകട ഘടകങ്ങളാണ്. ലിംഗപരമായി സ്ത്രീകളിലാണ് രോഗം കൂടുതലായി കാണുന്നത്. 65 വയസ്സിനുമേല്‍ പ്രായമുള്ളവരെയാണ് രോഗം സാധാരണ ബാധിക്കാറ്. 85 കഴിഞ്ഞ 50 ശതമാനം പേര്‍ക്കും അല്‍ഷൈമേഴ്‌സ് ഉണ്ടാകും. രോഗം പൂര്‍ണമായി ഭേദമാക്കാന്‍ സഹായിക്കുന്ന ചികിത്സകള്‍ ഇന്നും ലഭ്യമല്ല. രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചികിത്സകളാണ് നല്‍കുന്നത്. രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇന്ന് പ്രധാന പരിഗണന നല്‍കുന്നത്.

ജീവിത ശൈലീമാറ്റാം

അല്‍ഷൈമേഴ്‌സ് പ്രതിരോധത്തിന്  ജീവിതശൈലിയില്‍ ആരോഗ്യകരമായ ക്രമീകരണങ്ങളാണ് ഏക പോംവഴി. ആരോഗ്യകരമായ ശീലങ്ങളിലൂടെ അല്‍ഷൈമേഴ്‌സിനെ പ്രതിരോധിക്കാനും വൈകിക്കാനും കഴിയും. ശാരീരികമായും മാനസികമായും സാമൂഹികമായും സജീവത നിലനിര്‍ത്താന്‍ സഹായിക്കുന്ന കാര്യങ്ങളാണ് ജീവിതശൈലീ ക്രമീകരണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്.

1.വ്യായാമം പതിവാക്കുക. അത് തലച്ചോറിന് നവോന്മേഷം പകരും

2.ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

3.ബി.പി, അമിതകൊളസ്‌ട്രോള്‍, പ്രമേഹം.

എന്നിവയുണ്ടെങ്കില്‍ അവ മരുന്നുകഴിച്ച് കൃത്യമായി നിയന്ത്രിക്കുക.

4.ബുദ്ധിക്ക് വ്യായാമമേകുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുക. യുക്തിവിചാരവും. വിശകലന ശേഷിയും മെച്ചപ്പെടുത്തുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെടുക.

5.മീനെണ്ണ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

6.മഞ്ഞളടങ്ങിയ കറികള്‍ ധാരാളമായി കഴിക്കുക.

7.വിറ്റാമിന്‍ ഇ ധാരാളമുള്ള ഇലക്കറികള്‍, അണ്ടിവര്‍ഗങ്ങള്‍ എന്നിവ പതിവാക്കുക.

8.മാനസിക പിരിമുറുക്കംകുറയ്ക്കുക.

9.നിത്യവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങുക.

10.വായനയും എഴുത്തും പതിവാക്കുക.

11.പാട്ട് കേള്‍ക്കുക.

12.പുകവലിയും മദ്യപാനവും ഒഴിവാക്കുക.

13.ശുഭചിന്തകള്‍ സദാ നിലനിര്‍ത്തുക.

14.ദൈനംദിന ജീവിതം ചിട്ടപ്പെടുത്തുക.

15.നല്ല സൗഹൃദങ്ങള്‍ സജീവമായി നിലനിര്‍ത്തുക.

മറവി ഒരു അനുഗ്രഹമാണെന്ന് പലരും പറയാറുണ്ട്. എങ്കിൽ പോലും ഓർമ്മക്കുറവിൻ്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ ഒരു ന്യൂറോളജിസ്റ്റിൻ്റെ സഹായം തേടുന്നത് നല്ലതാണ്. അതിലൂടെ ഒരു പക്ഷെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയേക്കാം.

Related posts