Nammude Arogyam
General

ജിം.. ബൂ.. ബാ.. മൊബൈൽ ഫോണിനെ അടിമയാക്കാൻ സമയമായി!

ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു നേരമെങ്കിലും നമുക്ക് ചിന്തിക്കാനാകുമോ. ഇന്റര്‍നെറ്റിന്റെ വേഗത ഒന്ന് അല്‍പം കുറഞ്ഞാല്‍ നമ്മള്‍ അസ്വസ്ഥരാകില്ലേ? ആധുനിക ജീവിതത്തില്‍ ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെയും തിരക്കില്‍ നിന്ന് അല്‍പ നേരം മാറി നില്കേണ്ടതിന്റെ ആവശ്യകതയാണ് ഈ മെന്റൽ ഹെൽത്ത് ഡേയിൽ പ്രധാനമായും ബോധവത്കരിക്കപ്പെടേണ്ട വിഷയം എന്ന് തോന്നുന്നു.

കൗണ്‍സലറുടെ സഹായത്തോടെ, ജീവിതത്തില്‍ ചിട്ട കൊണ്ടുവരാനും മൊബൈലിന് നിശ്ചിതസമയം നല്‍കി മാറ്റിനിര്‍ത്താനും ശ്രമിച്ചതിന്റെ ഫലമായി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന അവസ്ഥകൾ നമ്മൾ സ്ഥിരമായി വായിക്കുന്നതും ചുറ്റുപാടിൽ നിന്നും അറിയുന്നതും എല്ലാമാണ്. അപ്പോഴാണ് മോബിലെ ഫോൺ എന്ന സന്തതസഹചാരിയായ വില്ലനെ നമ്മളിൽ പലരും തിരിച്ചറിയുന്നത്.

വേഗത്തിലോടുന്ന ജീവിതത്തില്‍ പലപ്പോഴും ‘ക്വാളിറ്റി ടൈം’ എന്ന ചെല്ലപ്പേരോടെ നമ്മള്‍ വിളിക്കുന്ന, കുടുംബാംഗങ്ങളോടൊത്തുള്ള സമയം ചെലവിടല്‍ പലര്‍ക്കും സാധിക്കുന്നില്ല…….അടുത്തിരിക്കുന്നവരെ മാനിക്കാതെ അകലെയുള്ളവരെ അടുപ്പിക്കാനാണ് ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോഴും കൈയില്‍ പബ്ജിയോ വാട്‌സാപ്പോ ഓപ്പണ്‍ ആയിരിക്കും. ഇത് പലവിധത്തിലുള്ള പ്രശ്‌നങ്ങളാണ് ബന്ധങ്ങളിലും വ്യക്തിത്വത്തിലും സൃഷ്ടിക്കുന്നത്. ……

കേരളത്തില്‍ 14 മുതല്‍ 55 ശതമാനം പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നതില്‍, 20 ശതമാനം ആളുകള്‍ക്കുപോലും ശരിയായ മൊബൈൽ ഉപയോഗം നടക്കുന്നില്ല. സാങ്കേതികവിദ്യയില്‍ അടിപ്പെട്ട ഒരുവിഭാഗം ആളുകളാണ് ഇവര്‍. ഒരു വ്യക്തി ഇന്റര്‍നെറ്റിലോ മൊബൈല്‍ ഗെയിമിലോ അടിമപ്പെട്ടാല്‍, അദ്ദേഹത്തിന് ചുറ്റുമുള്ള അഞ്ച് മുതല്‍ എട്ട് പേരെ വരെയാണ് അത് ദോഷമായി ബാധിക്കുക.

14 മുതല്‍ 18 വയസ്സ് വരെയുള്ളവരില്‍ അമിത ഇന്റര്‍നെറ്റ് ഉപയോഗം പഠനത്തെയാണ് ബാധിക്കുന്നതെങ്കില്‍, 25 മുതല്‍ 40 വയസ്സ് വരെയുള്ളവരില്‍ കുടുംബപ്രശ്‌നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്.

മൊബൈല്‍ഫോണിന്റെ അമിതോപയോഗത്തെ ‘നിശ്ശബ്ദ പകര്‍ച്ചവ്യാധി’ ആയി വിശേഷിപ്പിക്കാം. ഉപയോഗിക്കുന്നയാള്‍ കടന്നുപോകുന്ന മാനസിക സംഘര്‍ഷം ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. വിഷാദരോഗവും അമിതാകാംക്ഷയുമെല്ലാം തുടര്‍ന്നുവരാം. ഇവ ആത്മഹത്യാ പ്രവണതയിലേക്ക് വരെ ചെന്നെത്തിക്കുന്നുണ്ട്.

‘ഗെയിമിങ് ഡിസോര്‍ഡര്‍’ ഇന്നൊരു മാനസിക രോഗമായി അംഗീകരിച്ചിട്ടുണ്ട്. ഈ അവസ്ഥ മാറുന്നതിന് കൃത്യമായ ബോധവത്കരണം മാത്രമാണ് ആവശ്യം.

Related posts