Nammude Arogyam
General

ഗർഭകാലം ആരോഗ്യകരമാക്കാൻ

ഏറെ ശ്രദ്ധയും കരുതലും വേണ്ട സമയമാണ് ഗർഭകാലം. ഈ സമയത്ത് അമ്മയിലൂടെ ലഭിക്കുന്ന സ്‌നേഹം പോലെ തന്നെ പ്രധാനമാണ് കുഞ്ഞിന് വളരാൻ പ്രാപ്‌തമായ പോഷകങ്ങളും. പോഷക സമ്പുഷ്ടവും കുഞ്ഞിന് ആവശ്യമായതുമായവയും ഗർഭകാലത്ത് കഴിക്കുക.

ഗർഭിണികൾക്ക് ശരിയായ ശരീരഭാരവും ശരിയായ പോഷകാഹാരവും ഉറപ്പാക്കാൻ, ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റായ കരിഷ്മ ചൗള പറഞ്ഞു. ​ഗർഭകാലത്ത് അമിതമായി ഭക്ഷണം കഴിക്കാതെ ​പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും പ്രധാനം.

സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് അവരരുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റാനാകും. അവര്‍ക്ക് ആവശ്യമായ അത്തരം നിരവധി അവശ്യ പോഷകങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഭക്ഷണങ്ങളാണ് പഴങ്ങളും പച്ചക്കറികളും.

ഗര്‍ഭിണികള്‍ക്കും കുഞ്ഞിനും ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ നല്‍കാന്‍ സഹായിക്കുന്ന നിരവധി പഴങ്ങളും പച്ചക്കറികളും ഈ സമയത്ത് നിങ്ങള്‍ കഴിക്കേണ്ടതുണ്ട്. ഗര്‍ഭകാലത്ത് സാധാരണയായി അനുഭവപ്പെടുന്ന മലബന്ധം തടയാനും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് സഹായിക്കും. ഗര്‍ഭിണികള്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ചില പഴങ്ങളും പച്ചക്കറികളും ഇതാ.

വാഴപ്പഴം

പൊട്ടാസ്യം ധാരാളമായ അടങ്ങിയ പഴമാണ് വാഴപ്പഴം. പൊട്ടാസ്യം കൂടാതെ, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, നാരുകള്‍ എന്നിവയും ഇതില്‍ ധാരാളമുണ്ട്. ഗര്‍ഭകാലത്ത് മലബന്ധം ഒരു സാധാരണ ലക്ഷണമാണ്. നാരുകള്‍ കൂടുതലുള്ള വാഴപ്പഴം കഴിക്കുന്നത് ഇത്തരം പ്രശ്‌നം പരിഹരിക്കാന്‍ സഹായകമാകും. ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ ഉണ്ടാകുന്ന ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് വിറ്റാമിന്‍ ബി 6 നല്ലതാണ്. വാഴപ്പഴത്തിലൂടെ ധാരാളം ബി 6 വിറ്റാമിന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. നല്ല അളവില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളാണ് നാരങ്ങ, നെല്ലിക്ക, കിവി, പൈനാപ്പിള്‍, ഓറഞ്ച് എന്നിവ. വിറ്റാമിന്‍ സി നിങ്ങളുടെ കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. സിട്രസ് പഴങ്ങള്‍ ഗര്‍ഭിണികളുടെ ദഹനം മെച്ചപ്പെടുത്തുന്നതിനും ഗര്‍ഭകാലത്തെ മോണിംഗ് സിക്ക്‌നസ് ഒഴിവാക്കുന്നതിനും സഹായിക്കുന്നു.

അവോക്കാഡോ

അവോക്കാഡോയില്‍ ധാരാളമായി ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, ബി, കെ, ഫൈബര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് അവോക്കാഡോ. ഇതിലെ പൊട്ടാസ്യം ഗര്‍ഭകാലത്ത് സാധാരണയായ കാലിലെ നീര് ചികിത്സിക്കാന്‍ സഹായിക്കുന്നു. പൊട്ടാസ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും കുറവുമൂലം കാലില്‍ നീര് വരാം. ഗര്‍ഭിണികള്‍ അവോക്കാഡോ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ലഭ്യമാകാനും ഓക്കാനം ചികിത്സിക്കാനും സഹായിക്കും.

ആപ്പിള്‍

ധാരാളം ഫൈബര്‍ അടങ്ങിയ പഴമാണ് ആപ്പിള്‍. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സിയും ഇതിലുണ്ട്. വിറ്റാമിന്‍ എ, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവയും ആപ്പിളിലുണ്ട്. നിങ്ങളുടെ കുടലില്‍ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്ന ആപ്പിളില്‍ കാണപ്പെടുന്ന ഒരു പ്രീബയോട്ടിക്കാണ് പെക്റ്റിന്‍. കൂടുതല്‍ പോഷകങ്ങള്‍ക്കായി ആപ്പിള്‍ അതിന്റെ തൊലിയോടെ കഴിക്കുക. എന്നാല്‍ ആദ്യം അത് നല്ലപോലെ കഴുകാന്‍ മറക്കരുത്.

തണ്ണിമത്തന്‍

വൈറ്റമിന്‍ എ, സി, ബി 6, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങി നിരവധി വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് തണ്ണിമത്തന്‍. ധാരാളം ധാതുക്കളും നാരുകളും ഇതിലുണ്ട്. ഗര്‍ഭിണികള്‍ക്ക്, പ്രത്യേകിച്ച് അവരുടെ അവസാന ത്രിമാസത്തില്‍ ഇത് നെഞ്ചെരിച്ചിലും കൈകളിലും കാലുകളിലുമുണ്ടാകുന്ന വീക്കവും ശമിപ്പിക്കുന്നു. പേശിവലിവ് ചികിത്സിക്കുന്നതിനും തണ്ണിമത്തനിലെ പോഷകങ്ങള്‍ സഹായിക്കുന്നു.

പച്ച ഇലക്കറികള്‍

ഗര്‍ഭിണികള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതാണ് പച്ച ഇലക്കറികള്‍. ചീര, കാബേജ് എന്നിവയുള്‍പ്പെടെയുള്ള പച്ച ഇലക്കറികളില്‍ നിങ്ങള്‍ക്ക് വളരെ നല്ലതാണ്. വിറ്റാമിന്‍ എ, സി, കെ, ഇ, കാല്‍സ്യം, ഇരുമ്പ്, ഫോളേറ്റ്, നാരുകള്‍ എന്നിവ ഇലക്കറികള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. ജനന വൈകല്യങ്ങള്‍ തടയാന്‍ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട വിറ്റാമിനാണ് ഫോളേറ്റ്.

മധുരക്കിഴങ്ങ്

ഉരുളക്കിഴങ്ങിലും മധുരക്കിഴങ്ങിലും ധാരാളം അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പൊട്ടാസ്യം, മഗ്‌നീഷ്യം, മാംഗനീസ്, ചെമ്പ്, ഇരുമ്പ്, വിറ്റാമിന്‍ സി, ചില ബി-വിറ്റാമിനുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് മധുരക്കിഴങ്ങ്.

കക്കിരി

ജലാംശമുള്ള പച്ചക്കറികള്‍ കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. അത്തരത്തിലുള്ളൊരു പച്ചക്കറിയാണ് കക്കിരി. ഇതില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികളിലെ നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കുന്നു. നാരുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് കക്കിരി. ഗര്‍ഭകാലത്തെ സാധാരണ പ്രശ്‌നങ്ങളായ മലബന്ധം, ഹെമറോയ്ഡുകള്‍ എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

തക്കാളി

വിറ്റാമിന്‍ എ, സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തക്കാളി. കൂടാതെ ഗര്‍ഭിണികള്‍ക്ക് പ്രധാനപ്പെട്ട കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, ഫോളിക് ആസിഡ്, പ്രോട്ടീനുകള്‍ തുടങ്ങിയ മറ്റ് പോഷകങ്ങളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗര്‍ഭകാലത്ത് തക്കാളി കഴിക്കുന്നത് നിങ്ങള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.

വഴുതന

ഗര്‍ഭിണികള്‍ വഴുതനങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നിരുന്നാലും, ഇത് മിതമായ അളവില്‍ കഴിക്കുക. ആരോഗ്യ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒരു പച്ചക്കറിയാണ് വഴുതന. ഇതില്‍ വിറ്റാമിന്‍ ഇ, എ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ മൊത്തത്തിലുള്ള വികാസം മെച്ചപ്പെടുത്തുന്നു.

Related posts