Nammude Arogyam
General

അന്താരാഷ്ട്ര നഴ്സ് ദിനം : കടപ്പാടോടെ ലോകം

ഇന്ന് ലോക നഴ്സ് ദിനം, പിറന്നു വീഴുന്നത് മുതൽ അവസാനശ്വാസം വരെയുള്ള മനുഷ്യജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നഴ്സിന്റെ കരുതലും സ്നേഹാശ്വാസങ്ങളും അനുഭവിക്കാത്തവർ ഉണ്ടാകില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളിലും ഏറ്റവും ദാരുണമായ സമയങ്ങളിലും അവരുടെ സാന്നിധ്യമുണ്ടാകും.

ആരോ​ഗ്യരക്ഷാ മേഖലയിൽ വളരെ വലിയ സേവനമാണ് നഴ്സുമാർ കാഴ്ച വയ്ക്കുന്നത്. ആരോഗ്യമേഖലയിൽ വെല്ലുവിളികൾ നേരിടുന്ന സമയങ്ങളിലെല്ലാം ലോകത്തിനു തന്നെ മാതൃകയായി മുൻനിരയിൽ ഇവരുണ്ടാകും. ഇതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് നിപ്പ കാലത്ത് ത്യാഗോജ്വലമായ സേവനം കാഴ്ചവെച്ച സിസ്റ്റർ ലിനി പുതുശ്ശേരി. നിപ്പ വൈറസ് ബാധിച്ച ആളുകളെ ചികില്സിക്കുന്നതിനിടെയാണ് വൈറസ് ബാധിച്ച് സിസ്റ്റർ ലിനി മരിക്കുന്നത്.സിസ്റ്റർ ലിനി ഉൾപ്പെടയുള്ള ആരോഗ്യസംഘത്തിന് നഴ്സിം​ഗ് മേഖലയിലെ സമ​​ഗ്ര സംഭാവനയ്ക്കുള്ള അം​ഗീകാരമായ ഫ്ലോറൻസ് നൈറ്റിം​ഗേൽ അവാർഡ് 2019 ൽ ലഭിക്കുകയുണ്ടായി.

ആരോഗ്യപ്രവർത്തകരുടെ സേവനം ഏറ്റവും ആവശ്യമായ ഒരു സമയത്താണ് നാമിപ്പോൾ ജീവിക്കുന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ തന്നെ പൊരുതുകയാണ് ലോകത്തെമ്പാടുമുള്ള നഴ്‌സുമാർ. നമ്മുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി നഴ്‌സുമാർ നൽകുന്ന സംഭാവനകൾ നാം നന്ദിയോടെ ഓർക്കേണ്ട ദിവസമാണ് ഇന്ന്. നഴ്‌സ് ദിനത്തിന് പുറമെ,നഴ്‌സുമാരുടെയും പ്രസവശുശ്രൂഷകരുടെയും അന്താരാഷ്ട്ര വർഷം കൂടിയാണ് 2020 എന്ന പ്രത്യേകതയുമുണ്ട്.

ലോകം കണ്ട ഏറ്റവും മികച്ച നഴ്‌സുമാരിൽ ഒരാളായ ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ജന്മദിന വാർഷികമായ മെയ് 12 ആണ് ലോക നഴ്സ് ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ നഴ്സ് ദിനത്തിലെ പ്രമേയം ലോകത്തെ ആരോഗ്യത്തിലേക്ക് നയിക്കുന്ന നഴ്സിംഗ് (Nurses: A Voice to Lead – Nursing the World to Health) എന്നതാണ്. ആരോഗ്യപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നഴ്‌സുമാർ എങ്ങനെയാണ് വലിയ പങ്കുവഹിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ വർഷത്തെ പ്രമേയം. അതാത് വർഷങ്ങളിലെ നഴ്സ് ദിനങ്ങളിലേക്കുള്ള പ്രമേയങ്ങൾ തീരുമാനിക്കുന്നത് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് ആണ്.

ഈ കൊറോണ കാലത്ത് അവിശ്രമം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും പലരീതിയിൽ ആളുകൾ നന്ദിയറിയിക്കുന്ന വാർത്തകൾ നമ്മളെല്ലാവരും കണ്ടതാണ്. ഈ സമയത്ത് നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും അത് വലിയൊരു പിന്തുണ തന്നെയാണ് നൽകുന്നത് എന്നതിൽ സംശയമില്ല. എന്നാൽ മികച്ച തൊഴിൽ ഉപകരണങ്ങൾ, സുരക്ഷിതമായ തൊഴിൽ സാഹചര്യം, മാന്യമായ വേതനം, എന്നിങ്ങനെയുള്ള അവരുടെ ആവശ്യങ്ങളും കൂടുതലായി പരിഗണിക്കപ്പെടേണ്ടതുണ്ട്. അതിനായുള്ള അവരുടെ പോരാട്ടത്തിലും പൊതുജനങ്ങൾ കൂടെ നിൽക്കണം. അവരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് നമ്മുടെ ആരോഗ്യത്തിലും ക്ഷേമത്തിലും പ്രതിഫലിക്കും.

ആഗോള പകർച്ചവ്യാധിയായ കോവിഡ് 19 നെതിരായ പോരാട്ടത്തിൽ ആരോഗ്യമേഖല മുഴുവനായിത്തന്നെ മുന്നിട്ടിറങ്ങിയ ഈ വർഷം, നഴ്‌സുമാരുടെ സേവനത്തെ നമുക്ക് നന്ദിയോടെ ഓർക്കാം, അവർക്കുവേണ്ടി എല്ലാ സുരക്ഷമാനദണ്ഡങ്ങളും പാലിക്കാം.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ലോകത്തിലെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനായി അവർ നൽകുന്ന ആത്മാർത്ഥമായ സേവനം, ഭാവിയിൽ ചരിത്രത്തിലെ മഹനീയമായ ഒരേടാകുമെന്നതിൽ സംശയമില്ല. ആ ഭാവിക്കു വേണ്ടി നമുക്കിപ്പോൾ അവരോടൊപ്പം ചേർന്ന് നിൽക്കാം, നമുക്ക് വേണ്ടി എല്ലാദിവസവും വെള്ളകുപ്പായങ്ങൾ അണിഞ്ഞു ജോലിക്കു പോകുന്ന നമ്മുടെ പ്രിയപ്പെട്ട നഴ്‌സുമാർക്ക്‌ വേണ്ടി നമുക്ക് വീടുകളിൽ തുടരാം, എല്ലാ സുരക്ഷാ സുരക്ഷാ നടപടികളും പാലിക്കാം, അതാകട്ടെ ഈ ദിവസവും ഈ വർഷവും മുഴുവനും അവർക്കായി നാം നൽകുന്ന ഉപഹാരം.

Related posts