കഴുത്തില്‍ ആദംസ് ആപ്പിളിന് താഴെയായി ചിത്രശലഭ രൂപത്തില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ തൈറോയ്ഡ് ഗ്രന്ഥിയില്‍ കോശങ്ങള്‍ അസാധാരണമായ രീതിയില്‍ വളരുമ്പോഴാണ് അത് കാന്‍സറിലേയ്ക്ക് എത്തുന്നത്. മനുഷ്യ ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും, ഹൃദയമിടിപ്പിന്റെ തോത് നിയന്ത്രിക്കുന്നതും ശരീരതാപവും ശരീരഭാരവും നിയന്ത്രിക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയാണ്. ഇതിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാതിരിക്കുമ്പോള്‍ എല്ലാം തകിടം മറിയുന്നു.
തൈറോയ്ഡ് ഗ്രന്ഥിയില്‍ കോശങ്ങള്‍ വളരുന്നതു മൂലമാണ് കാന്‍സര്‍ വരുന്നത്. ചിലര്‍ക്ക് കഴുത്തില്‍ വലിയ ഗോയ്റ്റര്‍ കാണാം. ഇത് കാന്‍സറിന്റെ സാധ്യത കൂട്ടുന്നു. കുടുംബത്തില്‍ പാരമ്പര്യമായി തൈറോയ്ഡ് രോഗം, കാന്‍സര്‍ ഉള്ളവര്‍ക്കും തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്. തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന വീക്കം, അയഡിന്‍ അളവ് കുറയുന്നത്, അമിത വണ്ണം, റേഡിയേഷന്‍ ഏല്‍ക്കുന്നത് എല്ലാം തൈറോയ്ഡ് കാന്‍സര്‍ വരുന്നതിന് കാരണമാണ്.
കഴുത്തില്‍ മുഴ ഉള്ളത് പോലെ അനുഭവപ്പെടുന്നത്(ഉണ്ടെങ്കിൽ പുറത്തേക്ക് ഉന്തി നില്‍ക്കും), ഷര്‍ട്ടിന്റെ കോളര്‍ ബട്ടന്‍ ഇടുമ്പോള്‍ ആകെ ഇറുകി ഇരിക്കുന്നതുപോലെ തോന്നുന്നത് തുടങ്ങിയവ തൈറോയ്ഡ് കാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ശബ്ദത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നതും കരകരപ്പ് തോന്നല്‍, ശബ്ദം പോകുന്നത് പോലെ തോന്നുന്നതും തൈറോയ്ഡ് കാന്‍സറിന്റെ ലക്ഷണമാണ്. അതുപോലെ ഭക്ഷണം കഴിക്കുമ്പോള്‍ ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഈ കാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. കഴുത്തിന് ചുറ്റും നല്ല ചീര്‍മ്മതയും കഴുത്തിനും തൊണ്ടയ്ക്കും നല്ല വേദനയും തൈറോയ്ഡ് കാന്‍സര്‍ ഉള്ളവര്‍ക്ക് അനുഭവപ്പെടാം.
പൊതുവില്‍ 4 തരം തൈറോയ്ഡ് കാന്‍സറാണ് ഉള്ളത്. പാപില്ലാരി, ഫോളികുലര്‍, മെഡുല്ലാരി, അനപ്ലാസ്റ്റിക് എന്നിവയാണ് അവ. പാപില്ലാരി കാന്‍സര്‍ ആണ് കൂടുതല്‍ അളുകളിലും കണ്ട് വരുന്നത്. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നവയാണ് ഇത്. 15 ശതമാനം ആളുകളില്‍ ഫോളികുലര്‍ കാന്‍സര്‍ കണ്ടുവരുന്നു. ഇത് എല്ലുകളിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും പകരുകയും ചികിത്സിച്ച് ഭേദമാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുന്നതും ആണ്. ഇന്ന് 2 ശതമാനം മാത്രം ആളുകളില്‍ കണ്ടുവരുന്ന തൈറോയ്ഡ് കാന്‍സറാണ് മെഡുല്ലാരി. കുടുംബപരമായി ഈ കാന്‍സര്‍ ഉള്ളവര്‍ക്കാണ് ഇത് വരാന്‍ സാധ്യത കൂടുതല്‍. എന്നാല്‍, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത കാന്‍സറാണ് അനപ്ലാസ്റ്റിക്. ഇത് പെട്ടെന്ന് വളരുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വേഗത്തില്‍ പടരുകയും ചെയ്യും.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യത ഏറ്റവും കൂടുതല്‍. കാരണം, സ്ത്രീകളിലെ ഹോര്‍മോണും ഈസ്ട്രജനും ഈ കാന്‍സര്‍ വരുന്നതിന് ഒരു കാരണമാണ്. അമിതമായി റേഡിയേഷന്‍ തെറാപ്പി ചെയ്യുന്നവര്‍ക്ക് തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് തലയിലും കഴുത്തിലും റേഡിയേഷന്‍ തെറാപ്പി ചെയ്യുന്നവര്‍ക്ക് സാധ്യതകള്‍ ഏറുന്നു. അതുപോലെ, പ്രായം കൂടുന്നതും ഈ രോഗ സാധ്യത കൂട്ടുന്നു. കഴുത്ത്, ശ്വാസകോശം, എല്ലുകള്‍, തലച്ചോര്‍, കരള്‍, ചര്‍മ്മം എന്നിവയെയും തൈറോയ്ഡ് കാന്‍സര്‍ ബാധിക്കും. ബ്ലഡ് ടെസ്റ്റ് നടത്തി ഈ കാൻസർ സാധ്യത കണ്ടെത്താവുന്നതാണ്. അതുപോലെ, ബയോപ്‌സി, റേഡിയോ അയഡിന്‍ സ്‌കാന്‍, ഇമേജിംഗ് സ്‌കാന്‍ എന്നിവ ചെയ്ത് നോക്കിയാലും തൈറോയ്ഡ് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്.
തൈറോയ്ഡ് രോഗം ഉള്ളവരില്‍ തൈറോയ്ഡ് കാന്‍സര്‍ കണ്ട് വരുന്നത് വളരെ വിരളമാണ്. തൈറോയ്ഡ് കാന്‍സര്‍ ബാധിച്ച വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് തൈറോയ്ഡ് രോഗം ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. നല്ല ഹെല്‍ത്തി ആയിട്ടുള്ള ആരോഗ്യശീലങ്ങള്‍ പിന്തുടരുന്നത് നല്ലതാണ്. അതിനോടൊപ്പം വ്യായാമം ചെയ്യുന്നതും ഹെല്‍ത്തി ഡയറ്റ് ശീലിക്കുന്നതും നല്ലതു തന്നെ.