Nammude Arogyam
Maternity

രക്തത്തിലെ പ്ലേറ്റ്‌ലറ്റ്‌ കൗണ്ടിന്റെ കുറവ് ഗർഭിണികളെ എങ്ങനെ ബാധിക്കുന്നു?

ഗര്‍ഭാവസ്ഥ എന്നത് പല അരുതുകളുടേത് കൂടിയാണ്. പലപ്പോഴും ഗര്‍ഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ ഇത്തരം അരുതുകള്‍ പലരും കൂടെക്കൂട്ടും. എന്നാല്‍ ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ഇത്തരം വിലക്കുകളെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കൂടെക്കൂട്ടിയാല്‍ മതി എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഗര്‍ഭകാലം കഴിക്കുന്ന ഭക്ഷണവും, ചെയ്യുന്ന വ്യായാമവും, കിടക്കുന്ന പൊസിഷനും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ഗര്‍ഭാവസ്ഥയില്‍ ആരോഗ്യം ശ്രദ്ധിക്കുമ്പോള്‍ ത്രോംബോസൈറ്റോപീനിയ എന്ന അവസ്ഥ കൂടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുറഞ്ഞ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തെയാണ് ത്രോംബോസൈറ്റോപീനിയ എന്ന് പറയുന്നത്. ആരോഗ്യമുള്ള വ്യക്തികളില്‍ സാധാരണ രക്തത്തിലെ പ്ലേറ്റ്ലറ്റ് എണ്ണം ഒരു മൈക്രോലിറ്റര്‍ രക്തത്തിന് 150,000 മുതല്‍ 450,000 വരെയാണ്. ഒരു മൈക്രോലിറ്ററിന് 150,000 പ്ലേറ്റ്ലറ്റുകളില്‍ താഴെയാകുമ്പോള്‍, അത് ത്രോംബോസൈറ്റോപീനിയ എന്ന അവസ്ഥയിലേക്ക് എത്തുന്നു.

ഗര്‍ഭാവസ്ഥയില്‍ ത്രോംബോസൈറ്റോപീനിയ സാധാരണമായി പല ഗര്‍ഭിണികളിലും കാണപ്പെടുന്നതാണ്. പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ നേരിയ കുറവ് സാധാരണയായി പ്രശ്നമല്ലെങ്കിലും, ഇത് ഗുരുതരമായാല്‍ അല്‍പം അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. ഗര്‍ഭാവസ്ഥയിലെ ത്രോംബോസൈറ്റോപീനിയക്കുള്ള കാരണങ്ങള്‍, ലക്ഷണങ്ങള്‍, സങ്കീര്‍ണതകള്‍, പരിഹാരങ്ങള്‍ എന്നിവ എന്തൊക്കെയാണ് നോക്കാം.

സാധാരണ ഗര്‍ഭകാലത്ത് രക്തത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കാം. ഇതിന്റെ ഫലമായി പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തിലും കുറവ് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് പ്രതിസന്ധികള്‍ അത്ര കണ്ട് ഉണ്ടാക്കുന്ന ഒന്നല്ലാത്തത് കൊണ്ട് തന്നെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. അനിമീയയുടെ അടുത്ത അവസ്ഥയാണ് ത്രോംബോസൈറ്റോപീനിയ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അനീമിയ ഗര്‍ഭകാലത്ത് നല്ലൊരു ശതമാനം ഗര്‍ഭിണികളിലും കാണപ്പെടുന്ന ഒന്നാണ്. ഇത് മൂന്നാമത്തെ ട്രൈമസ്റ്ററിലേക്കൊ അല്ലെങ്കില്‍ അതിന് മുന്‍പോ തന്നെ ഗര്‍ഭിണികളെ ബാധിക്കുന്നു.

പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ത്രോംബോസൈറ്റോപീനിയയെ മൂന്നാക്കി തരം തിരിക്കാന്‍ സാധിക്കും. ഇതില്‍ ആദ്യം വരുന്നതാണ് മിതമായ എണ്ണമുള്ളവ. ഒരു മൈക്രോലിറ്റര്‍ രക്തത്തിന് 100,000 മുതല്‍ 150,000 വരെ പ്ലേറ്റ്ലറ്റുകള്‍ ഉള്ളതാണ് മിതമായ പ്ലേറ്റ്‌ലറ്റുകള്‍ ഉള്ളത്. എന്നാല്‍ അടുത്ത സ്റ്റേജ് ആണ് ഒരു മൈക്രോലിറ്റര്‍ രക്തത്തിന് 50,000 മുതല്‍ 100,000 വരെ പ്ലേറ്റ്ലറ്റുകള്‍ എന്നത്. എന്നാല്‍ ഇതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് മൂന്നാമത്തേത്. ഇതില്‍ ഒരു മൈക്രോലിറ്റര്‍ രക്തത്തില്‍ 50,000 പ്ലേറ്റ്ലറ്റുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇത് അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു.

പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഗര്‍ഭകാലത്ത് പ്ലേറ്റ്ലറ്റ് എണ്ണം കുറയുന്നുണ്ട്. ഇതില്‍ ആദ്യം വരുന്നതാണ് ഗര്‍ഭാവസ്ഥയിലുള്ള ത്രോംബോസൈറ്റോപീനിയ എന്ന അവസ്ഥ. രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവ് മിതമായ നിരക്കിലേക്ക് താഴുകയും ഗര്‍ഭാവസ്ഥയില്‍ ത്രോംബോസൈറ്റോപീനിയയുടെ 70-80% കേസുകള്‍ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. എന്നാല്‍ ഇതില്‍ എന്തുകൊണ്ടാണ് പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നു. ഇത് മൂന്നാം ട്രൈമസ്റ്റര്‍ ആവുമ്പോഴേക്ക് വര്‍ദ്ധിക്കുന്നു. എന്നാല്‍ പിന്നീട് പരിഹരിക്കപ്പെടുകയും ചെയ്യുന്നു.

അടുത്തതാണ് ഹൈപ്പര്‍ടെന്‍സിവ് ഡിസോര്‍ഡേഴ്‌സ് എന്ന അവസ്ഥ. പ്രീക്ലാംസിയ, എക്ലാംപ്‌സിയ, ഹെല്‍പ് സിന്‍ഡ്രോം തുടങ്ങിയവയെല്ലാം ഈ അവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഇതാണ് ത്രോംബോസൈറ്റോപീനിയയുടെ രണ്ടാമത്തെ കാരണമായി നമുക്ക് കണക്കാക്കാവുന്നത്. ഇത് ഏകദേശം 20% കേസുകളിലും സംഭവിക്കുന്നുണ്ട്. അടുത്തതായി വരുന്നതാണ് ഇമ്മ്യൂണ്‍ ത്രോംബോസൈറ്റോപെനിക് പര്‍പുര എന്ന അവസ്ഥ. ഇത് അല്‍പം പ്രശ്‌നമുണ്ടാക്കുന്നതാണ്. പ്ലീഹയിലെ പ്ലേറ്റ്ലറ്റ് നാശം മൂലം ഉത്തേജിപ്പിക്കപ്പെടുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് ഇമ്മ്യൂണ്‍ ത്രോംബോസൈറ്റോപെനിക് പര്‍പുര അഥവാ ഐടിപി. എന്നാല്‍ ഇതൊരിക്കലും ഒരു സാധാരണ കാരണമല്ല എന്നത് മനസ്സിലാക്കണം.

കരള്‍ രോഗം പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കുന്നതാണ്. എന്നാല്‍ ഗര്‍ഭകാലത്തെ അക്യൂട്ട് ഫാറ്റി ലിവര്‍ (എഎഫ്എല്‍പി) വളരെ അപൂര്‍വ്വമായി മാത്രം ഗര്‍ഭിണികളില്‍ കാണപ്പെടുന്നതാണ്. ഇതാകട്ടെ വളരെയധികം ഗുരുതരാവസ്ഥയുണ്ടാക്കുന്നതാണ്. ഇവിടെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം മൈക്രോലിറ്റര്‍ രക്തത്തിന് 20,000-ല്‍ താഴെയാകാം. ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പല വിധത്തിലുള്ള അപകടങ്ങള്‍ ഇതിന്റെ ഫലമായി സംഭവിക്കാം.

ഇത് കൂടാതെ മറ്റ് ചില കാരണങ്ങളും ഇത്തരം ത്രോംബോസൈറ്റോപീനിയ എന്ന അവസ്ഥക്ക് പുറകിലുണ്ട്. ഇതില്‍ പ്രധാനമായും വരുന്നതാണ് പോഷകാഹാരക്കുറവ് പോലുള്ള അവസ്ഥ. സ്വയം രോഗപ്രതിരോധ രോഗങ്ങള്‍, ത്രോംബോട്ടിക് ത്രോംബോസൈറ്റോപെനിക് പര്‍പുര, ചില മരുന്നുകള്‍, വൈറല്‍ അണുബാധകള്‍ (എച്ച്‌ഐവി, സിഎംവി), മജ്ജ രോഗങ്ങള്‍ എന്നിവയെല്ലാം ഗര്‍ഭാവസ്ഥയില്‍ ത്രോംബോസൈറ്റോപീനിയ എന്ന അവസ്ഥക്ക് പുറകിലുണ്ട് എന്നത് ഓരോ ഗര്‍ഭിണകളും ഓര്‍ക്കേണ്ടതാണ്. കൃത്യമായ പരിശോധനകള്‍ക്കൊപ്പം ഡോക്ടറുടെ നിര്‍ദ്ദേശവും കൂടി പിന്തുടരുന്നതിന് ശ്രദ്ധിക്കണം.

മിക്ക കേസുകളിലും, ത്രോംബോസൈറ്റോപീനിയ ഉള്ള ഗര്‍ഭിണികള്‍ക്ക് സാധാരണ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. എന്നാല്‍ ചില പൊതുവായ ലക്ഷണങ്ങള്‍ ഇവര്‍ കാണിക്കുന്നുണ്ട്. ചില സ്ത്രീകളില്‍ മുറിവില്‍ നിന്നോ അല്ലെങ്കില്‍ മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ രക്തസ്രാവം നിലക്കുന്നില്ല. ഇത് കൂടാതെ ചര്‍മ്മത്തിന് താഴേയായി പലപ്പോഴും വൃത്താകൃതിയില്‍ രക്തപ്പാടുകള്‍ കാണപ്പെടുന്നു. ഇത് കൂടാതെ ഇടക്കിടെ ചതവ്, ക്ഷീണം, മുറിവുകള്‍ എന്നിവയുണ്ടാവുന്നു.

ഗര്‍ഭകാലത്ത് ത്രോംബോസൈറ്റോപീനിയ പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്ന സങ്കീര്‍ണതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഗര്‍ഭാവസ്ഥയില്‍ പ്ലേറ്റ്ലറ്റ് എണ്ണം വളരെ കുറയുകയും പ്രസവം വരെ കുറവായിരിക്കുകയും ചെയ്താല്‍ അത് ഇനി പറയുന്ന സങ്കീര്‍ണതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അനസ്‌തേഷ്യ നല്‍കുന്നതിന് സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. രക്തസ്രാവം കൂടുതലും, രക്തനഷ്ടം കൂടുതലുമായിരിക്കും. ഇത് കൂടാതെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അത് അപകടകരമായി മാറുന്നു.

ത്രോംബോസൈറ്റോപീനിയ പോലുള്ള അവസ്ഥക്ക് എന്തൊക്കെയാണ് പരിഹാരം എന്നത് അറിഞ്ഞിരിക്കാം. രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. എന്നാല്‍ രോഗാവസ്ഥ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ ചികിത്സ ആരംഭിക്കേണ്ടതാണ്. ഗര്‍ഭാവസ്ഥയിലെ ത്രോംബോസൈറ്റോപീനിയയ്ക്കുള്ള ചില ചികിത്സകള്‍ വൈകിപ്പിക്കേണ്ടതില്ല. കാരണം ഇത്തരം അവസ്ഥകള്‍ നിസ്സാരമാക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അനീമിയ പോലുള്ള അവസ്ഥകള്‍ക്ക് വഴി വെക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

Related posts