ബിഗ് ബി മൂവി കണ്ടവരാരും തന്നെ അതിലെ മേരി ടീച്ചർ എന്ന കഥാപാത്രത്തെ മറക്കാൻ ഇടയില്ല. മുന്‍ മിസ് ഇന്ത്യയും, അഭിനേത്രിയുമായ നഫീസ അലിയാണ് സ്ക്രീനിൽ ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. രാഷ്ട്രീയ പ്രവര്‍ത്തകയായും ഇന്ത്യന്‍ സാംസ്കാരിക മേഖലയില്‍ നിറഞ്ഞു നില്ക്കുന്ന നഫീസ അലിയെ അറിയാത്തവര്‍ കുറവായിരിക്കും. ക്യാന്‍സറിനോട് മല്ലിട്ട് ജീവിക്കുന്ന താരത്തിന്റെ ഓരോ സോഷ്യല്‍മീഡിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താന്‍ പെറ്റ് (PET) സ്കാന്‍ ചെയ്യാന്‍ പോകുന്നതിനെകുറിച്ച് ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ് താരം. ക്യാന്‍സര്‍ ബാധിതര്‍ ചെയ്യുന്ന ഈ പെറ്റ് സ്കാനിനെക്കുറിച്ച് കൂടുതൽ അറിയാം.
അവയവങ്ങളും അതുപോലെ, ടിഷ്യൂവും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി നടത്തുന്ന സ്കാനിംഗ് ആണ് ഇത്. ഇത് ചെയ്താല്‍ കൃത്യമായ ചിത്രം ലഭിക്കുന്നതാണ്. റേഡിയോ ആക്ടീവ് ഡ്രഗ് ഉപയോഗിച്ചാണ് ഈ സ്കാനിംഗ് നടത്തുന്നത്. ഇത് ചെയ്യുന്നതിനായി ഈ ഡ്രഗ് കുത്തി വയ്ക്കുകയോ, അല്ലെങ്കില്‍ വിഴുങ്ങാന്‍ തരികയോ, അല്ലെങ്കില്‍ ശ്വസിപ്പിക്കുകയോ ചെയ്യുന്നു. ശരീരത്തിന്റെ ഏത് ഭാഗത്തിന്റെ ചിത്രമാണ് എടുക്കേണ്ടത് അതിനനുസരിച്ചാണ് ഈ ഡ്രഗ് ഏത് രീതിയില്‍ ശരീരത്തില്‍ എത്തണം എന്ന് തീരുമാനിക്കുന്നത്. ശരീരത്തില്‍ എത്തുന്ന ഈ ഡ്രഗ് അവയവങ്ങളുടെ കൃത്യമായ ചിത്രം, പ്രത്യേകിച്ച് അസുഖം ബാധിച്ചിരിക്കുന്ന ഭാഗത്തിന്റെ കൃത്യമായ ചിത്രം നല്‍കുകയും ചെയ്യും.
നമ്മളുടെ ശരീരത്തില്‍ കെമിക്കല്‍സ് എത്രത്തോളം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പെറ്റ് സ്കാന്‍. തലച്ചോറില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, അതുപോലെ, ക്യാന്‍സര്‍ എന്നിവയെല്ലാം മനസ്സിലാക്കാന്‍ ഈ സ്കാനിംഗ് ഉപയോഗപ്രദമാണ്. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍ എന്നിവയില്‍ നിന്നും വ്യത്യാസ്തമാണ് പെറ്റ് സ്കാന്‍. ഈ സ്കാനിംഗ് നടത്തുന്നതിലൂടെ രോഗിയുടെ രോഗാവസ്ഥ എത്രത്തോളമാണ് എന്ന വ്യക്തമായ ചിത്രം ഡോക്ടര്‍ക്ക് ലഭിക്കും. ഇത് ചെയ്യുന്നതിലൂടെ രോഗിയുടെ അവയവങ്ങളുടെ വിശദമായ ചിത്രം ഡോക്ടര്‍മാര്‍ക്ക് ലഭിക്കുകയും അതുപോലെ, അവയുടെ പ്രവര്‍ത്തനം എത്തരത്തിലാണ് എന്ന ധാരണ ഡോക്ടര്‍ക്ക് ലഭിക്കുകയും ചെയ്യും. ക്യാന്‍സര്‍ കൂടാതെ മറ്റ് ചില അസുഖങ്ങള്‍ക്കും പെറ്റ് സ്കാന്‍ ഉപയോഗിക്കുന്നുണ്ട്.
അല്‍ഷിമേഴ്സ്, തലച്ചോറിലെ മുഴ, പാര്ക്കിന്സണ് രോഗം, പക്ഷാഘാതം, മാനസിക സമ്മര്‍ദ്ദം, ചുഴലി, ഡിസ്റ്റോണിയ എന്നീ അസുഖങ്ങളുടെ അവസ്ഥ മനസ്സിലാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, ക്യാന്‍സര്‍ എവിടെയാണ് ബാധിച്ചിരിക്കുന്നത്, മറ്റ് ഭാഗങ്ങളിലേയ്ക്ക് പടര്‍ന്നുവോ, അതിന്റെ വളര്‍ച്ച എത്രത്തോളമായി, എന്ത് ചികിത്സ നടത്തണം എന്നിവയെല്ലാം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്ന് കൂടിയാണിത്. സ്താനാര്ബദം, തലച്ചോറിലെ ക്യാന്‍സര്‍, ശ്വാസകോശ ക്യാന്‍സര്‍, അന്നനാള ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍, മലാശയ ക്യാന്‍സര്‍, കഴുത്ത്, തൈറോയ്ഡ്, പ്രോസ്റ്റേറ്റ്, പാന്‍ക്രിയാറ്റിക് എന്നിവിടങ്ങളിലെ ക്യാന്‍സര്‍ തുടങ്ങിയവ മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു.
അതുപോലെ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ മനസ്സിലാക്കുന്നതിന് പത്യേകിച്ച് ഹൃദയധമനികളിലേയ്ക്ക് കൃത്യമായി രക്തം എത്തുന്നത്, മൊത്തത്തിലുള്ള രക്തോട്ടം, ഹൃദയത്തിലെ ബ്ലോക്ക്, ചികിത്സ നടത്തിയാല്‍ അതില്‍ എത്രത്തോളം പുരോഗമനമുണ്ട്, ഹൃദയത്തിന്റെ വാല്‍വില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം മനസ്സിലാക്കാന്‍ ഈ സ്കാനിംഗിലൂടെ സാധിക്കുന്നു.
ചിലര്‍ക്ക് ഇത് ചെയ്യുന്നതിലൂടെ അലര്‍ജി പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഗര്‍ഭിണിയാണെങ്കില്‍ ജനിക്കാന്‍ പോകുന്ന കുട്ടിക്ക് റേഡിയേഷന് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതുപോലെ, മുലയൂട്ടുന്ന അമ്മമാരാണെങ്കില്‍ കുട്ടിക്ക് റേഡിയേഷന് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തന്നെ, ഇത് ചെയ്യുന്നതിന് മുന്‍പ് ഡോക്ടറോട് കൃത്യമായ വിവരം കൈമാറേണ്ടത് അനിവാര്യമാണ്.
പെറ്റ് സ്കാന്‍ മെഷീന് സിടി സ്കാന്‍ മെഷീനോട് സാമ്യമുള്ളതാണ്. ഈ സ്കാന്‍ ചെയ്യാന്‍ ഏകദേശം 2 മണിക്കൂര്‍ ആണ് സമയം എടുക്കുന്നത്. ഈ സ്കാനിംഗ് ചെയ്യുന്നതിനായി ഹോസ്പിറ്റലില്‍ താമസിക്കുകയോ, അല്ലെങ്കില്‍ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ആവശ്യമായി വരുന്നില്ല. ഇതിന്റെ എല്ലാ ഘട്ടങ്ങളും നടത്തുന്നത് റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റ് ആയിരിക്കും. ഇത് ചെയ്യുന്നതിന്റെ ഭാഗമായി രോഗിക്ക് റോഡിയോ ആക്ടീവ് ഡ്രഗ് അഥായത് ട്രേയ്സര് നല്‍കും. അതിനുശേഷം ഒരു 60 മിനിറ്റ് വെയ്റ്റ് ചെയ്യാന്‍ പറയും. ശരീരത്തിലേയ്ക്ക് ആ ഡ്രഗ് നന്നായി എത്തുന്നതിനായിട്ടാണ് 60 മിനിറ്റ് സമയം നല്‍കുന്നത്. അതിനുശേഷം കിടക്കാന്‍ പറയുകയും സ്കാനറിലേയ്ക്ക് ഇത് തള്ളി വിടുകയും ചെയ്യും.
സ്കാന്‍ ചെയ്യുന്ന സമയത്ത് രോഗിയോട് അനങ്ങാതെ കിടക്കാന്‍ ആവശ്യപ്പെടും. കാരണം ഇമേജ് വ്യക്തമായി ലഭിക്കുന്നതിനായിട്ടാണ് ഇത്. സ്കാന്‍ ചെയ്യുന്ന സമയത്ത് മെഷീനില്‍ നിന്നും ശബ്ദമെല്ലാം കേള്‍ക്കാം.എന്നാല്‍ ഇതൊന്നും രോഗിയെ ബാധിക്കുകയില്ല. ഈ സ്കാനിംഗ് വേദനയില്ലാത്തതാണ്. ഇത് ചെയ്യുന്ന സമയത്ത് രോഗിക്ക് ഭയമോ അല്ലെങ്കില്‍ അസ്വസ്ഥതയോ അനുഭവപ്പെട്ടാല്‍ നഴ്സിനോട് അല്ലെങ്കില്‍ ടെക്നീഷനോട് പറയേണ്ടത് അനിവാര്യമാണ്. ഇവര്‍ രോഗിയെ ശാന്തമാക്കാനുള്ള മരുന്ന് നല്‍കും. ചില രോഗികളോട് സിടി സ്കാനും അതുപോലെ, പെറ്റ് സ്കാനും ചെയ്യാന്‍ അവശ്യപ്പെടും. ഈ സ്കാനിംഗിലൂടെ ലഭിക്കുന്ന ചിത്രം ലാബിലേയ്ക്കാണ് പിന്നീട് അയക്കുന്നത്. ഈ സ്കാനിംഗ് ശേഷം രോഗിയോട് നന്നായി വെള്ളം കുടിക്കാന്‍ ആവശ്യപ്പെടും.
ഈ സ്കാനിംഗ് കഴിഞ്ഞാല്‍ ഫലം ലഭിക്കുമ്പോള്‍ അതില്‍ നല്ല വ്യക്തമായി, ഇരിക്കുന്ന സ്ഥലത്ത് കെമിക്കല്‍ റിയാക്ഷന് നല്ല രീതിയില്‍ നടക്കുന്നുണ്ട് എന്നാണ് പറയുന്നത്. റേഡിയോളജിസ്റ്റ് ഇത് നന്നായി വിശകലനം ചെയ്ത് ഡോക്ടര്‍ക്ക് കൃത്യമായ റിപ്പോര്‍ട്ട് നല്‍കുന്നതാണ്.