Nammude Arogyam
Health & Wellness

പൊറോട്ട ആരോഗ്യത്തിന് ദോഷം വരുത്താത്ത രീതിയിൽ എങ്ങനെ കഴിക്കാം?

നമ്മുടെ ആരോഗ്യത്തിലും, അനാരോഗ്യത്തിലും ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ ദോഷം വരുത്തും. അത് പോലെ തന്നെ അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമായി കഴിയ്ക്കാനും വഴിയുണ്ട്. മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമായ പൊറോട്ടയും ഇത്തരം ഗണത്തില്‍ പെടും. പലര്‍ക്കും ഏറെ ഇഷ്ടമാണ് ഇത്. പൊറോട്ടയും ബീഫും പൊറോട്ടയും മുട്ടയും പൊറോട്ടയും ചിക്കനുമെല്ലാം പലര്‍ക്കും ഇഷ്‌പ്പെട്ട കോമ്പോയുമാണ്. പക്ഷെ പൊറോട്ട അനാരോഗ്യകരമാണെന്ന് പലര്‍ക്കുമറിയാം. എന്നാൽ പൊറോട്ട ദോഷകരമായി വരാതിരിയ്ക്കാന്‍ ചില വഴികളുണ്ട്.

പൊറോട്ട മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണമാണ്. മൈദയെന്നാല്‍ യാതൊരു ഫൈബറുമില്ലാത്ത ഭക്ഷണമാണ്. തികച്ചും പോളിഷ്ഡായ ഭക്ഷണ വസ്തുവാണ് മൈദ എന്നു തന്നെ പറയാം. ഒരു ആവറേജ് പൊറോട്ടയില്‍ കലോറി 12-140 വരെയുണ്ട്. വലിപ്പം കൂടുമ്പോള്‍ കലോറിയും കൂടും. മൈദ, എണ്ണ, മുട്ട, ട്രാന്‍സ്ഫാറ്റുകള്‍ എന്നിവയെല്ലാം തന്നെ പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്. ഈ കോമ്പിനേഷനാണ് പൊറോട്ടക്ക് രുചി നല്‍കുന്നതും ശരീരത്തിന് അപകടമാകുന്നതും. ഇതില്‍ മൃദുവാകാന്‍ മുട്ടയോ എണ്ണയോ എല്ലാം ഉപയോഗിയ്ക്കുന്നു. ഇതു പാകം ചെയ്യാനും എണ്ണ ഉപയോഗിയ്ക്കുന്നു. ഇത് ക്രിസ്പി എന്ന രീതിയില്‍ വരണമെങ്കില്‍ ട്രാന്‍സ്ഫാറ്റ് വേണം. ഇതാണ് കൂടുതല്‍ ദോഷം. അതായത് മൈദ-ട്രാന്‍സ്ഫാറ്റ് കോമ്പോ ഏറെ ദോഷകരമാണ്. നല്ലതു പോലെ മൊരിഞ്ഞ പൊറോട്ടയുടെ രഹസ്യം ഇതാണ്. വനസ്പതി പോലുള്ളവയാണ് ട്രാന്‍സ്ഫാറ്റായി ഉപയോഗിയ്ക്കുന്നത്.

വെജിറ്റബിള്‍ ഓയിലില്‍ ഹൈഡ്രജന്‍ മോളിക്യുളുകള്‍ കടത്തി വിട്ടാണ് ട്രാന്‍സ്ഫാറ്റ് ഉണ്ടാക്കുന്നത്. ഇത് രുചി വര്‍ദ്ധിപ്പിയ്ക്കുന്നു. പല ബേക്കറി പലഹാരങ്ങളിലും ഇത് ചേർക്കുന്നുണ്ട്. ഇവ തണുക്കുമ്പോള്‍ ട്രാന്‍സ്ഫാറ്റ് കട്ടി പിടിയ്ക്കും. ഇത് കേടാകാതിരിയ്ക്കാന്‍ സഹായിക്കും. പക്ഷേ ആരോഗ്യത്തിന് ദോഷവുമാണ്. ട്രാന്‍സ്ഫാറ്റ് കരളിന് അപകടമാണ്. ഇതു പോലെ നല്ല കൊളസ്‌ട്രോള്‍ കുറയ്ക്കും, മോശം കൊളസ്‌ട്രോള്‍ വർദ്ധിപ്പിയ്ക്കും. ട്രാന്‍സ്ഫാറ്റ് ട്രൈ ഗ്ലിസറൈഡുകള്‍, ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവ വര്‍ദ്ധിപ്പിയ്ക്കും. ഇത് ഹൃദയാഘാതം പോലുള്ളവയ്ക്ക് സാധ്യത കൂട്ടുന്നു. പൊറോട്ട കഴിച്ച് നല്ലതു പോലെ വ്യായാമം ചെയ്താല്‍ കുഴപ്പമില്ല. എന്നാല്‍ ഇത് കഴിച്ച് വ്യായാമമില്ലാത്തത് ദോഷം വരുത്തും. ഇതു പോലെ സ്ഥിരം ഇതു കഴിച്ചാലും ദോഷം വരുത്തും.

പൊറോട്ടയ്‌ക്കൊപ്പം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ദോഷം ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും. ഇതു പോലെ നാരുകളും. കാരണം മൈദയില്‍ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമാണ് അടങ്ങിയിട്ടുള്ളത്. നാരുകളോ പ്രോട്ടീനോ മിനറലുകളോ ഇതില്‍ അടങ്ങിയിട്ടില്ല. ഇതു പോലെ ഗ്ലൈസമിന്‍ ഇന്‍ഡെക്‌സ് കൂടുതലാണ്. അതായത് രക്തത്തിലെ ഗ്ലൂക്കോസ് ഏറെ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. പ്രമേഹ സാധ്യത കൂട്ടുന്ന ഒന്ന്. എന്നാല്‍ മൈദയില്‍ മാത്രമല്ല, പുട്ട്, അപ്പം പോലുള്ള പല ഭക്ഷണങ്ങളും പൊറോട്ടയേക്കാള്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സുള്ളവയാണ്. എന്നാല്‍ ഇവയിലൊന്നും ട്രാന്‍സ്ഫാറ്റുകളില്ല. പൊറോട്ടയില്‍ ഇതുണ്ട്. ഇതാണ് ദോഷം കൂടുതല്‍ വരുത്തുന്നത്.

മൈദ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് മറ്റൊരു പ്രചരണം. ഇതില്‍ ബെന്‍സൈല്‍ പെറോക്‌സൈഡ് എന്ന വസ്തുവുണ്ട്. എന്നാല്‍ ഇത് വേവിയ്ക്കുമ്പോള്‍ നശിയ്ക്കും. അതായത് മൈദ വേവിച്ചുണ്ടാക്കുന്ന പൊറോട്ടയില്‍ ഇതില്ലെന്നര്‍ത്ഥം. മൈദ വെളുപ്പിയ്ക്കാന്‍ അലോക്‌സാന്‍ എന്ന വസ്തു ഉപയോഗിയ്ക്കുന്നു. എന്നാല്‍ ഇത് ഏറെ കൂടിയ തോതില്‍ ഉപയോഗിച്ചാലേ ദോഷമുള്ളൂ. മൈദയില്‍ ഇത് തീരെ കുറവേ ഉള്ളൂ. ഇതിനാല്‍ ഇത് ദോഷം വരുത്തുന്നില്ല.

പൊറോട്ടയുടെ ദോഷം തീര്‍ക്കാനുള്ള പ്രധാനപ്പെട്ട വഴി മുകളില്‍ പറഞ്ഞത് പോലെ പ്രോട്ടീന്‍ ഒപ്പം കഴിയ്ക്കുക. അതിന്റെ കൂടെ തന്നെ പച്ചക്കറികളും, സാലഡുകളും കഴിയ്ക്കുക. രണ്ട് പൊറോട്ട കഴിച്ചാല്‍ അത്യാവശ്യം വലിപ്പമുള്ള സവാള ഇതിനൊപ്പം കഴിച്ചാല്‍ ദോഷം ഒരു പരിധി വരെ ഒഴിവാക്കാം. കാരണം ഇതിലെ നാരുകള്‍ പൊറോട്ട ദഹിപ്പിയ്ക്കും. ശരീരത്തില്‍ നിന്നും ദോഷകരമായവ പുറംതള്ളുകയും ചെയ്യും. ഇതു പോലെ പൊറോട്ട കഴിച്ചാല്‍ നല്ല വ്യായാമം എന്നത് നിര്‍ബന്ധമാക്കുക. ഇത് ദോഷം വലിയ തോതില്‍ ഒഴിവാക്കാന്‍ സഹായിക്കും. മാത്രമല്ല, പൊറോട്ട കഴിച്ചാലുണ്ടാകുന്ന ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇതേറെ നല്ലതാണ്.

പൊറോട്ട അനാരോഗ്യകരമാണ്. എന്നിരുന്നാലും ഇത് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക്, പൊറോട്ട കഴിക്കുന്നതിന്റെ ദോഷം തീര്‍ക്കാനായി മുകളില്‍ പറഞ്ഞത് പോലെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. രാത്രി പൊതുവേ വ്യായാമം കുറവായതിനാല്‍ പൊറോട്ട രാത്രി കഴിയ്ക്കുന്നതിന് പകരം ശാരീരിക അധ്വാനം കൂടുതലുള്ള രാവിലെയോ മറ്റോ കഴിയ്ക്കുന്നതാണ് നല്ലത്.

Related posts