പുകവലിക്കുന്നവർ കോവിഡ് ബാധയെ കൂടുതൽ ഭയക്കണമെന്ന് പുതിയ പഠനം. മറ്റുള്ളവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ കോവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലെന്നാണ് വിദഗ്ധർ പറയുന്നത്.
സിഗരറ്റ് വലിക്കുമ്പോൾ ഓരോ തവണവും കൈ വായോടു ചേർത്തു പിടിക്കേണ്ടിവരുന്നതിനാൽ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധരുടെ നിഗമനം. പുകയില നിറച്ച പൈപ്പുകളും കുഴലുകളും പങ്കുവയ്ക്കുന്ന ശീലം ചില രാജ്യങ്ങളിലുണ്ട്. ഇതും രോഗാണു പകരാൻ കാരണമാകും. പുകവലിക്കാരുടെ ശ്വാസകോശത്തിനു പൊതുവേ ആരോഗ്യം കുറവായിരിക്കും. ന്യൂമോണിയ പോലെയുള്ള രോഗം ബാധിച്ചാൽ ശ്വാസതടസ്സ സാധ്യത ഏറെയാണ്. കൂടാതെ പുകവലിക്കുന്നവരിൽ ഡിപിപി 4 എന്ന പ്രോട്ടീന്റെ അളവ് ഏറെ അധികമായിരിക്കും. ഇതു ശ്വാസകോശത്തിലെ കോശങ്ങളിലേക്കു മെർസ് വൈറസ് പ്രവേശിക്കുന്നതിന് ഇടയാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
സാർസ് കോവ് 2 മനുഷ്യരുടെ ശരീരകോശത്തിനു മുകളിലെ പ്രോട്ടിനായ എസിഇ2വിനെ തിരിച്ചറിഞ്ഞ് അതിനോടു പറ്റിച്ചേരുകയാണു ചെയ്യുന്നത്. പുകവലിക്കുന്നവരുടെ ശ്വസനേന്ദ്രിയ കോശങ്ങളിൽ എസിഇ 2ന്റെ അളവ് കൂടുതലായിരിക്കും. ഇതു രോഗം ബാധിച്ചാൽ കൂടുതൽ പ്രശ്‌നങ്ങളിലേക്കു നയിക്കും. പുകവലിക്കാരുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിൽ പ്രശ്‌നങ്ങൾ നേരത്തേയുള്ളതിനാൽ കോവിഡ് 19 രോഗം ബാധിക്കുന്നതോടെ സ്ഥിതി വഷളാകുകയാണു ചെയ്യുന്നത്. അതുകൊണ്ട് കോവിഡ് വ്യാപനം കണക്കിലെടുത്ത് പുകവലിക്കുന്നവർ അത് ഒഴിവാക്കുന്നതാണു ഉചിതമായ മാർഗമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.