Nammude Arogyam
General

ദഹനസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരാണോ? ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ

ഒരു നേരം നാം കഴിച്ച ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ദഹിക്കാതെ വരുമ്പോൾ നമ്മുടെ ശരീരത്തിൽ ഇത് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് കാരണമായേക്കാം. യഥാർത്ഥത്തിൽ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്ന നിരവധി ശാരീരക പ്രവർത്തനങ്ങളെ ദഹനവ്യവസ്ഥ നിർവഹിക്കുന്നുണ്ട്. കഴിച്ച ഭക്ഷണം ആഗിരണം ചെയ്യുക, മാലിന്യങ്ങൾ ഇല്ലാതാക്കുക, പോഷകങ്ങളെ വേർതിരിച്ചെടുക്കുക തുടങ്ങിയവയെല്ലാം ദഹനവ്യവസ്ഥ നിർവഹിക്കുന്ന ചില പ്രധാന കർത്തവ്യങ്ങളാണ്. എന്തെങ്കിലും തരത്തിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ദഹനവ്യവസ്ഥയുടെ ഇത്തരം പ്രവർത്തനങ്ങളില്ലെല്ലാം തടസ്സമുണ്ടാക്കുന്നു.

മലബന്ധം, ശരീരവണ്ണം, ഗ്യാസ് പ്രശ്നങ്ങൾ, വയറിളക്കം തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ദഹനസംബന്ധമായി ഉണ്ടാകാൻ സാധ്യതയുള്ള സാധാരണ പ്രശ്നങ്ങളാണ്. ഇത്തരം ദഹന പ്രശ്നങ്ങളുമായി പോരാടുകയാണെങ്കിൽ ലളിതമായ കുറച്ച് വീട്ടുവൈദ്യങ്ങൾ മികച്ച രീതിയിൽ നമ്മളെ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനായി വളരെ എളുപ്പത്തിൽ ഈ ചേരുവകൾ ഉപയോഗിക്കുക മാത്രമാണ് ആകെ ചെയ്യേണ്ടത്. ദഹനത്തെ മികച്ചതാക്കി മാറ്റുന്നതിനുള്ള കുറച്ച് വീട്ടുവൈദ്യങ്ങളെ പറ്റിയറിയാം.

​1.ജീരകം

മെച്ചപ്പെട്ട ദഹനം ഉൾപ്പെടെ ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ ഇതിന് നൽകാൻ കഴിയും. ജീരകം നൽകുന്ന ശ്രദ്ധേയമായ ആരോഗ്യഗുണങ്ങളിൽ രക്തസമ്മർദ്ദം നിയന്ത്രണവും, ശരീരത്തിലെ ജലാംശം നിയന്ത്രണവും ഉൾപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ഈ വിത്തുകളിൽ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന നാരുകൾ കൂടുതലാണ്. മെച്ചപ്പെട്ട ദഹനത്തിനായി ഓരോ തവണയും ഭക്ഷണം കഴിഞ്ഞ ശേഷം കുറച്ച് ജീരകം വായിലിട്ടു ചവയ്ക്കാം.

2.ഇഞ്ചി

ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും ഓക്കാനം അടക്കമുള്ള ലക്ഷണങ്ങളെ കുറയ്ക്കുന്നതിനും സഹായിക്കും. ദഹനത്തെ മെച്ചപ്പെടുത്തുന്നതിനായി ഒരാൾക്ക് ഭക്ഷണങ്ങളിൽ ഇഞ്ചി ചേർക്കാവുന്നതാണ്. അല്ലെങ്കിൽ ഇഞ്ചി ചായ കുടിക്കാം. ഇഞ്ചി ചേർത്ത ചായ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പുതിയ ഇഞ്ചി കുറച്ച് കഷ്ണങ്ങൾ എടുത്ത് ഒരു കപ്പ് വെള്ളത്തിലിട്ട് കുറച്ച് നേരം തിളപ്പിച്ചാൽ മാത്രം മതി. രുചി മെച്ചപ്പെടുത്താനായി ഇതിലേക്ക് കുറച്ച് തേൻ കൂടി ചേർക്കുക.

3.തൈര്

ആരോഗ്യകരമായ ബാക്ടീരിയകൾ തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് ഉത്തമമായ ഒന്നാണ്. നിത്യജീവിതത്തിൽ ഉണ്ടാവുന്ന ഒന്നിലധികം ദഹന പ്രശ്നങ്ങളുമായി പോരാടാൻ ഇതിൻ്റെ ഉപയോഗം സഹായിക്കും. ദിവസവും ഒരു കപ്പ് തൈരെങ്കിലും കഴിക്കുന്നത് ദഹന ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് എന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രകൃതിദത്തമായ തൈര് വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കുക പഞ്ചസാര ചേർക്കാതെ കഴിക്കുക.

​4.നാരങ്ങ വെള്ളം

ഒരു ഗ്ലാസ് ശുദ്ധമായ നാരങ്ങ വെള്ളം നമുക്ക് ഉന്മേഷം മാത്രമല്ല പകരുന്നത് ഒപ്പം ഒന്നിലധികം ആരോഗ്യ ഗുണങ്ങളും ഇത് നൽകുന്നു. മികച്ച ദഹനം നൽകുന്ന അനേകം ഗുണങ്ങൾ ഇതിലുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോഴെല്ലാം ഒരു ഗ്ലാസ് ശുദ്ധമായ നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്. വേനൽക്കാലത്ത് ശരീരത്തിന് ജലാംശം നൽകാൻ ഏറ്റവും മികച്ച വഴി കൂടിയാണ് നാരങ്ങ വെള്ളം.

5.കർപ്പൂര തുളസി

നല്ല ദഹനത്തിന് കർപ്പൂര തുളസി നല്ല പരിഹാരമാണ്. കർപ്പൂരത്തുളസി ഇലകളിൽ അടങ്ങിയിരിക്കുന്ന മെന്തോളിന് ദഹന പ്രശ്നങ്ങളെ നേരിടാനുള്ള ശേഷിയുണ്ട്. ഓക്കാനം, നെഞ്ചെരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾക്കെതിരെ പോരാടാനും ഇത് സഹായിക്കും. കർപ്പൂര തുളസി ഇലകൾ ചേർത്ത സലാഡുകൾ, സ്മൂത്തികൾ അല്ലെങ്കിൽ ചട്ണികൾ എന്നിവ ഭക്ഷണത്തോടൊപ്പം ചേർക്കാം. മികച്ച ദഹനത്തിനായി കർപ്പൂര തുളസി ചായയും കുടിക്കുന്നത് ശീലമാക്കാം.

ദഹനപ്രശ്നം ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. അതിന് ഒരു പരിഹാരമെന്നോണം മുകളിൽ പറഞ്ഞ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്. വീട്ടുവൈദ്യം പരീക്ഷിച്ചിട്ടും ദഹനപ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.

Related posts