കോവിഡ് 19 രോഗത്തിനു മുമ്പിൽ ലോകം ഒന്നാകെ പകച്ചുനിൽക്കുകയാണല്ലോ. വൈദ്യശാസ്ത്ര വിഭാഗങ്ങളും ഗവേഷണ വിഭാഗങ്ങളും ലോകരാഷ്ട്രങ്ങളും ഒന്നാകെ എന്താണ് മുന്നോട്ട് എന്ന് ചിന്തിക്കുന്ന ഒരു അവസ്ഥയിലാണ് നാം ഇപ്പോൾ നിൽക്കുന്നത്. മൊത്തമായ അടച്ചുപൂട്ടൽ ഒരു ശാശ്വതമായ പരിഹാരമല്ല എന്ന് വളരെ വ്യക്തമാണ്.അടച്ചുപൂട്ടൽ കൊണ്ട് നമുക്ക് തയ്യാർ എടുക്കുവാനും നമ്മുടെ പൗരന്മാരെ രോഗം എന്ത് എന്ന് പഠിപ്പിക്കുവാനും ആശുപത്രികളെയും ജീവനക്കാരെയും സജ്ജരാക്കാനും സാധിച്ചു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അടച്ചുപൂട്ടൽ ഇത്ര ശക്തമായി നാം ഉപയോഗിച്ചിരുന്നില്ല എങ്കിൽ പല യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും സംഭവിച്ചതുപോലെ നമ്മുടെ മരണസംഖ്യ വളരെയധികം ഉയരുമായിരുന്നു. ഇപ്പോൾ നമ്മുടെ മുന്നിൽ ഉദിക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതിൽ നിന്നും എങ്ങനെ പുറത്തുകടക്കും എന്നുള്ളതാണ്. ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിൻറെ അവസ്ഥയിലാണ് ആണ് ഇവിടെ പല സമൂഹങ്ങളും. ഇതിൽ നിന്ന് പുറത്തുകടക്കാൻ ആയി വളരെയധികം മാർഗ്ഗങ്ങൾ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നമുക്ക് മുന്നിൽ ഉള്ള മാർഗങ്ങൾ പ്രധാനമായും താഴെ പറയുന്നവയാണ്
1.കോവിഡ് 19 രോഗത്തിനെതിരെയുള്ള വാക്‌സിൻ
2.കോവിഡ് 19 വൈറസിനെ നശിപ്പിക്കാൻ കഴിവുള്ള മരുന്നുകൾ
3.കോവിഡ് 19 വൈറസിനെതിരെ സമൂഹം സ്വയം പ്രതിരോധം ആർജ്ജിക്കുക
4.വൈറസിൽ സ്വയം ഉണ്ടാകുന്ന ഏതെങ്കിലും ജനിതകമാറ്റത്തിൻറെ ഭാഗമായി വൈറസ് സ്വയം നശിച്ചുപോവുക
വാക്‌സിനുകളെപറ്റിയും മരുന്നുകളെപറ്റിയുമുള്ള ചർച്ചകളും ഗവേഷണങ്ങളും ധാരാളം നടക്കുന്നുണ്ട്. അത് ഞാനിവിടെ പ്രതിപാദിക്കുന്നില്ല. ഇന്നിവിടെ നാം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത് സാമൂഹിക പ്രതിരോധശേഷിയെ സാധ്യമാണോ ഇല്ലയോ എന്നതാണ്. സാമൂഹിക പ്രതിരോധശേഷി എന്ന ചിന്താഗതി ഏറ്റവുമധികം കടന്നുവന്നത് മീസിൽസ് രോഗം പടർന്നു പിടിച്ചപ്പോൾ ആണ്.
എന്താണ് സാമൂഹിക പ്രതിരോധശേഷി ?
വൈദ്യശാസ്ത്രം സാമൂഹിക പ്രതിരോധശേഷിയെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു -‘രോഗാണുബാധയിൽ നിന്നും പ്രത്യേകിച്ച് വൈറസ് ബാധയിൽ നിന്നും ലഭിക്കുന്ന പരോക്ഷമായ പ്രതിരോധശേഷി ആണ് ഇത് ഇത് വാക്‌സിനേഷൻ മാർഗ്ഗം അണുബാധ മൂലമോ ഒരു സമൂഹത്തിലെ ഒരു നിശ്ചിത അനുപാതം വ്യക്തികളിൽ വൈറസിന് എതിരെയുള്ള ആൻറിബോഡികൾ ഉണ്ടാവുകയും തൽഫലമായി രോഗവ്യാപനം മുന്നോട്ടുപോകുന്നത് തടയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്’.
ഒരു സമൂഹത്തിലെ ഭൂരിപക്ഷം ആൾക്കാർക്കും ഇങ്ങനെ പ്രതിരോധശേഷി ലഭിക്കുമ്പോൾ രോഗ പ്രചരണത്തിന്റെ ശൃംഖല ഇവരിൽ തടയപ്പെടുന്നു എന്നതാണ് ഇതിൻറെ ശാസ്ത്രീയ അടിസ്ഥാനം. ഇപ്രകാരം പ്രതിരോധശേഷിയുള്ളവരുടെ എണ്ണം സമൂഹത്തിൽ കൂടി വരുമ്പോൾ അതിന് ആനുപാതികമായി രോഗം പടരാനുള്ള ശേഷി കുറഞ്ഞു വരുന്നു. എന്നാൽ ഇതൊരിക്കലും പൂജൃത്തിലേക്ക് എത്തിച്ചേരുന്നില്ല എന്നുള്ളതാണ് സത്യം.
മീസിൽസ് രോഗം പടർന്നുപിടിച്ച സമയത്താണ് സമൂഹ പ്രതിരോധം എന്നുള്ളത് ഒരു യാഥാർത്ഥ്യമായി മാറിയത്.പക്ഷേ മീസിൽസ് രോഗത്തെ നിയന്ത്രിച്ചതിൽ വാക്‌സിന്റെ പങ്കു വളരെ വലുതായിരുന്നു അതുപോലെതന്നെ മീസിൽസ് രോഗം കോവിഡ് പോലെ മാരകമല്ലായിരുന്നു. മരണസംഖ്യ കുറവായിരുന്നു എന്ന് മാത്രമല്ല രോഗം വ്യാപിച്ചു വളരെ വർഷങ്ങൾക്കു ശേഷമായിരുന്നു സാമൂഹ്യ പ്രതിരോധം നമുക്ക് നേടാൻ സാധിച്ചത്.വേറൊരു ഉദാഹരണം പറയാനുള്ളത് സാമൂഹ്യ പ്രതിരോധം നാം കൃത്രിമമായി സൃഷ്ടിച്ചെടുത്തതിൻറെ കഥയാണ്. റുബെല്ല അഥവാ ജർമൻ മീസിൽസ് എന്ന രോഗം ഭൂരിഭാഗം രോഗികളിലും ഒരു പ്രശ്‌നവും ഉണ്ടാകാതെ കടന്നുപോകുന്ന ഒരു രോഗമാണ്. ഗർഭത്തിൻറെ ആദ്യഘട്ടങ്ങളിൽ നവജാതശിശുക്കളിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ കൊണ്ടാണ് ഈ രോഗം നോട്ടപ്പുള്ളി ആയത്.വാക്‌സിൻ പൂർണമായും ലഭ്യമാകുന്ന അതിനുമുമ്പ് യൂറോപ്യൻ രാജ്യങ്ങളിൽ വിവാഹത്തിന് മുന്നോടിയായി പെൺകുട്ടികൾ റുബെല്ല പാർട്ടീസ് എന്നപേരിൽ രോഗികളുമായി ഇടപഴകുകയും അങ്ങനെ കൃത്രിമമായി ഈ രോഗം ഉണ്ടാക്കുകയും ചെയ്തു.ഇത്തരം പെൺകുട്ടികളിൽ ഈ രോഗത്തിനെതിരായ ആൻറി ബോർഡുകൾ ഉണ്ടാകുകയും അവർക്ക് അ മരണംവരെയും ഈ രോഗം ഉണ്ടാകാതെ ഇരിക്കുകയും എന്നൊരു അവസ്ഥ ഉണ്ടായിരുന്നു.
ഇതൊക്കെ നടക്കുമ്പോൾ തന്നെ ഈ രോഗങ്ങൾക്ക് എതിരായ വാക്‌സിൻ ലഭ്യമായിരുന്നു എന്നുമാത്രമല്ല ഈ രോഗം കൊണ്ട് ഉണ്ടാകുന്ന കുഴപ്പങ്ങൾ വളരെ കുറവായിരുന്നു എന്ന് നാം മനസ്സിലാക്കണം. കോവിഡ് അത്തരക്കാരനല്ല. സാമൂഹികമായി വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള മരണസംഖ്യ വളരെ ഉയർന്ന ഇന്ന് വളരെ പെട്ടെന്ന് പടർന്നു പിടിക്കാൻ കഴിവുള്ള ഒരു ശത്രുവാണ് കോവിഡ്. ശത്രുവിനെ മനസ്സിലാക്കാതെയുള്ള യുദ്ധം പലപ്പോഴും പരാജയത്തിലേ കലാശിക്കുകയുള്ളൂ. ഒരു കാര്യം നാം പ്രത്യേകം മനസ്സിലാക്കുക ഇതേ ആയുധം കോവിഡിൽ നാം ഉപയോഗിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ മാരകമായിരിക്കും. സാമൂഹിക പ്രതിരോധം ലഭിക്കണമെങ്കിൽ രണ്ടു മാർഗ്ഗങ്ങൾ മാത്രമേ ശാസ്ത്രീയമായി ഉള്ളൂ
1.രോഗം ഉണ്ടായി അതിൽനിന്നും മുക്തി നേടുക
2.രോഗപ്രതിരോധത്തിനുള്ള വാക്‌സിൻ ലഭ്യമാവുക.
രോഗപ്രതിരോധത്തിനുള്ളവാക്‌സിൻ ലഭ്യമാക്കുന്നതിന് മുമ്പ് ഒരു രോഗത്തിനെതിരെയും കൃത്യമായ സാമൂഹിക പ്രതിരോധം നേടിയിട്ടില്ല എന്നുള്ളതാണ് ചരിത്രം.ഇവിടെ നമ്മുടെ മുമ്പിലുള്ള പ്രശ്‌നങ്ങൾ രണ്ടാണ് ഒന്ന് ഈ രോഗത്തിനെതിരെ നമുക്ക് കൃത്യമായ വാക്‌സിൻ ലഭ്യമല്ല, രണ്ട് രോഗത്തിൻറെ സങ്കീർണതകളും മരണനിരക്കും ഗുരുതരമാണ് അതുകൊണ്ടുതന്നെ യുദ്ധഭൂമിയിലേക്ക് അത് ഒരു ആയുധവുമായി കണക്കാക്കി പോകുന്നത് ധൈര്യം അല്ല പകരം അസംബന്ധവും വിവരം ഇല്ലായ്മയും ആണ് എന്ന് പറയേണ്ടിയിരിക്കുന്നു. ചക്രവ്യൂഹത്തിൽ കടന്നുചെല്ലാൻ ധൈര്യം കാണിച്ച് ജീവൻ ഉപേക്ഷിക്കേണ്ടിവന്ന അഭിമന്യുവിൻറെ അവസ്ഥയിലേക്ക് നമ്മുടെ ജനത്തെ എറിഞ്ഞു കൊടുക്കുകയായിരിക്കും ഈ സാഹചര്യത്തിൽ സാമൂഹ്യ പ്രതിരോധം എന്ന ആയുധം കൊണ്ട് നാം ചെയ്യാൻ പോകുന്നത്. .ചില കണക്കുകൾ നമുക്ക് ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇന്ന് ലഭ്യമായ കണക്കുകളനുസരിച്ച് കോവിഡ് രോഗത്തിൻറെ ഏറ്റവും കുറഞ്ഞ മരണനിരക്ക് 1.2 ശതമാനം ആണ്. 20 ശതമാനം വരെ മരണം സംഭവിക്കുന്നു എന്നു പറയുന്ന ചില കണക്കുകൾ നിലവിലുണ്ട് നമുക്ക് എല്ലാം മറക്കാം . ശുഭാപ്തിവിശ്വാസത്തോടെ ഏറ്റവും കുറഞ്ഞ മരണനിരക്ക് തന്നെ നമുക്ക് എടുക്കാം.സാമൂഹ്യ പ്രതിരോധത്തിൻറെ ഏറ്റവും ശക്തരായ വക്താക്കൾ പറയുന്നത് 60 ശതമാനത്തിനും 70 ശതമാനത്തിനും ഇടയിൽ വ്യക്തികൾക്ക് രോഗാണുബാധ ഉണ്ടായാൽ മാത്രമേ അത് സാധിക്കുകയുള്ളൂ എന്നാണ്.ഇതിനുമുമ്പ് അപകടസാധ്യതയുള്ള അല്ലെങ്കിൽ ഉയർന്ന അപകട ശ്രേണിയിലുള്ള വ്യക്തികളെ സമൂഹത്തിൽ നിന്ന് മാറ്റി പാർപ്പിക്കേണ്ടിയിരിക്കുന്നു. 60 വയസ്സ് കഴിഞ്ഞവർ, ഹൃദ്രോഗികൾ, കാൻസർ ബാധിതർ, ഡയാലിസ് രോഗികൾ മുതലായ വ്യക്തികളെയാണ് സുരക്ഷിതമായി മാറ്റേണ്ടത്. നമ്മുടെ സമൂഹത്തിന് ഇത് നിലവിലെ സാഹചര്യത്തിൽ താങ്ങാൻ കഴിയുമോ എന്നുള്ളതും ഒരു വലിയ ചോദ്യമാണ് ആണ്. അതിനുശേഷം നമ്മുടെ ചെറുപ്പക്കാരെയും കുട്ടികളെയുമാണ് സിംഹ കൂട്ടിലേക്ക് എറിഞ്ഞു കൊടുക്കേണ്ടത്. അതും ഫലപ്രദമായ യാതൊരു ആയുധവും ഇല്ലാതെ അവിടെയൊക്കെ കടന്നുചെല്ലുന്നു. ഇന്ന് ലഭ്യമായ കണക്കുകളനുസരിച്ചാണെങ്കിൽ പോലും ഇങ്ങനെ എറിഞ്ഞുകൊടുക്കുന്ന ചെറുപ്പക്കാരിൽ 1.6 കോടിക്കും രണ്ടുകോടി ഇടയിൽ മരണം ഉണ്ടായേക്കാം. പലപ്പോഴും ഇതിലും കൂടാനാണ് സാധ്യത. ഇത് ഒരു വലിയ കൂട്ടക്കൊല അല്ലേ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല 10 ശതമാനം രോഗികളെ ആശുപത്രിയിൽ പ്രവേശിക്കേണ്ടിവരും. അതായത് പത്തു കോടി ജനങ്ങൾ. ഇത്രയും ആൾക്കാരെ പ്രവേശിക്കാനുള്ള ആശുപത്രികൾ ഇന്ന് ലഭ്യമല്ല എന്നുള്ളതാണ് സത്യം. മൂന്നാമതായി ഈ രോഗികളിൽ ഇതിൽ മൂന്നു കോടിക്ക് മുകളിലുള്ള രോഗികൾക്ക് ഇൻറ്റൻസീവ് കെയർ യൂണിറ്റ് ചികിത്സ ആവശ്യമായി വരും. ഇപ്പോൾ ലഭ്യമായ കണക്കനുസരിച്ച് അതിൻറെ ഒരു ശതമാനം പോലും ഐസിയു ബെഡ്ഡുകൾ ഇന്ത്യയിൽ ലഭ്യമല്ല. അങ്ങനെ വരുമ്പോൾ മരണസംഖ്യ എത്രയോ ഇരട്ടിയായി മാറാൻ സാധ്യതയുണ്ട്. എവിടെയെങ്കിലും ഈ പരിപാടി പാളിയാൽ രോഗം നമ്മൾ നേരത്തെ മാറ്റിയ ് വ്യക്തികളിലേക്ക് എത്തിച്ചേരുകയും മരണസംഖ്യ വളരെയധികം ഉയരുകയും ചെയ്യും.ഇതെല്ലാം ചിലപ്പോൾ നമ്മളെ കൊണ്ടെത്തിക്കുന്നത് ഇന്ന് അമേരിക്കയിൽ മരിച്ച ആളുകളുടെ എണ്ണത്തേക്കാൾ എത്രയോ ഇരട്ടി മാരകമായ ഒരു മരണസംഖ്യ ആയിരിക്കും എന്നുള്ളത് സത്യമാണ്.
ഒരു കാര്യം നാം ചിന്തിക്കണം, 500ൽ താഴെ മാത്രം സൈനികർ മരിച്ച കാർഗിൽ യുദ്ധം പോലും നമ്മുടെ മനസ്സിൽ ഉണ്ടാക്കിയ മുറിവ് ഇന്നും മാറിയിട്ടില്ല. അപ്പോൾ 150 ലക്ഷം ചെറുപ്പക്കാരും കുട്ടികളും മരണത്തിലേക്ക് നടക്കുന്നത് നമുക്ക് സങ്കല്പിക്കാൻ പോലുമാകില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയമായി നാം ചിന്തിക്കുമ്പോൾ സാമൂഹ്യ പ്രതിരോധം എന്നുള്ളത് ഉള്ളത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും എന്ന് പറയേണ്ടിയിരിക്കുന്നു. ഉത്തരം ഒന്നേയുള്ളൂ വാക്‌സിൻ എത്തുന്നതുവരെ നമുക്ക് സാമൂഹ്യ അകലം പാലിക്കാം, കൈകാലുകൾ ഉൾപ്പെടെയുള്ള വ്യക്തിശുചിത്വം പാലിക്കാം, മാസ്‌ക് ഉപയോഗിക്കാം. ശത്രുവിനെ തടഞ്ഞു നിർത്തുക വാക്‌സിൻ വരുമ്പോൾ നമുക്ക് കടന്നാക്രമിക്കാം. യുദ്ധത്തിൽ ബുദ്ധിപൂർവമായ പിന്തിരിയൽ ഒരു പരാജയം അല്ല അത് വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്ന സത്യം നമുക്ക് ഓർമ്മിക്കാം.