Nammude Arogyam
General

വടക്കേടത്തെ കുട്ടി വിഷം കഴിച്ച് മരിച്ചത്രെ…..

അറിഞ്ഞോ നമ്മുടെ വടക്കേടത്തെ കുട്ടി വിഷം കഴിച്ച് മരിച്ചത്രെ……

ഈശ്വരാ….ഇന്നലെയല്ലെ ആ കുട്ടി ഇവിടെ വന്ന് ചിരിച്ച് കളിച്ച് വർത്തമാനമൊക്കെ പറഞ്ഞ് പോയത്. എന്താണാവോ അതിന് തോന്നിയത്.

ഇക്കാലമത്രയും വളരെ സന്തോഷത്തോടെ നമ്മളിൽ ഒരാളായി ജീവിച്ച ഒരാൾ പെട്ടന്നൊരു ദിവസം സ്വയം ജീവിതം അവസാനിപ്പിച്ചു എന്ന് കേൾക്കുമ്പോൾ നെട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്തിനാകും അയാൾ അല്ലെങ്കിൽ അവൾ ആത്മഹത്യ ചെയ്തത് എന്ന് ആലോചിച്ച് തല പുകഞ്ഞവരാകും നമ്മളിൽ പലരും.

ആത്മഹത്യാ ചിന്തകൾ, അത് ഏതു രീതിയിൽ പ്രകടിപ്പിച്ചാലും ഗൗരവത്തോടെ വേണം കാണാൻ. കാരണം അങ്ങനെ ചിന്തകൾ പ്രകടിപ്പിക്കുന്നവർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഓരോ 40 സെക്കൻ്റിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് കണക്കുകൾ. ഒരു വർഷം 8 ലക്ഷം ആളുകൾ സ്വയം അവരുടെ ജീവിതം അവസാനിപ്പിക്കുന്നുണ്ട്. ലോകത്തെ ആകെ ആത്മഹത്യകളിൽ 20 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. ആത്മഹത്യ മരണങ്ങളിൽ 80 % വും നടക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലാണ്. 15 മുതൽ 29 വയസുവരെയുള്ള യുവാക്കളിലെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനം ആത്മഹത്യയ്ക്കാണ്. ഇന്ത്യയിൽ ഇത് ഒന്നാമതാണ്. ഓരോ ആത്മഹത്യ നടക്കുമ്പോഴും ഏകദേശം 20 ആത്മഹത്യ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഓരോ മരണവും 135 ആളുകളെ വൈകാരികമായും അല്ലാതെയും ബാധിക്കാം. അതായത് വർഷവും 10.8 കോടി ആളുകളാണ് ആത്മഹത്യയെ തുടർന്നുള്ള പ്രത്യാഘാതങ്ങളിലൂടെ കടന്നുപോകുന്നത്. ആത്മഹത്യ ചെയ്യുന്നവരിലോ, ശ്രമിക്കുന്നവരിലോ ചെറിയ ഒരു ഭാഗം ആളുകൾക്ക് മാത്രമേ വിദഗ്ധ ചികിത്സയും മറ്റു സേവനങ്ങളും ലഭിക്കുന്നുള്ളൂ.

ഇപ്പോൾ കണ്ട് വരുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴി തൻ്റെ മനസിലെ വിഷമങ്ങൾ പങ്കുവെക്കുന്ന, ചിലപ്പോൾ ആത്മഹത്യ ചിന്തകൾ തന്നെ പങ്കുവെക്കുന്ന ആളുകളെയാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ ആത്മഹത്യ കുറിപ്പുകൾ എഴുതി മരണം വരിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. എന്നാൽ പലപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യം ഇത്തരം പോസ്റ്റുകൾ അതിൻ്റെ പ്രാധാന്യത്തിൽ ആരും എടുക്കാറില്ല എന്നതാണ്.

ആത്മഹത്യ ചിന്തകൾ അത് ഏത് രീതിയിൽ പ്രകടിപ്പിച്ചാലും ഗൗരവത്തോടെ വേണം കാണാൻ. കാരണം അങ്ങനെ ചിന്തകൾ പ്രകടിപ്പിക്കുന്നവർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു വഴിയും ഇല്ലാത്തപ്പോൾ, ആരെങ്കിലും ഒരു സഹായത്തിൻ്റെ കൈ നീട്ടും എന്ന് കരുതിയാവും ആ വ്യക്തി അങ്ങനെ എഴുതുന്നത്. അത്കൊണ്ട് തന്നെ നമ്മുടെ ഒരു ചോദ്യം അവർക്ക് ചിലപ്പോൾ മനസ് തുറക്കാൻ ഉള്ള അവസരം നൽകാം. അവര് പറയുന്നത് കേൾക്കുന്നതുവഴി അവരെ ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചു കയറ്റാൻ നമുക്ക് സാധിക്കും. അത്കൊണ്ട് എൻ്റെ പ്രിയ സുഹൃത്തുക്കൾ തമാശയായി ഇത്തരം കാര്യങ്ങളെ എടുക്കരുത് എന്നൊരു അപേക്ഷയും ഉണ്ട്.

ആത്മഹത്യ പ്രവണതയും ചിന്തകളും ഒരു മെഡിക്കൽ എമർജൻസി തന്നെയാണ്. ക്യത്യമായി ഇടപ്പെട്ടില്ല എങ്കിൽ ജീവിതം തന്നെ നഷ്ടമായേക്കാവുന്ന ഒരു അത്യാഹിതം. എന്നാൽ പലപ്പോഴും ആരോഗ്യ പ്രവർത്തകർക്കു പോലും ഇത്തരക്കാരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. ആത്മഹത്യ ചെയ്തവരിൽ മൂന്നിലൊന്നു പേർ മരിക്കുന്നതിന് മുൻപേ ഏതെങ്കിലും ഒരു ആശുപത്രിയിൽ പോയിട്ടുണ്ട് എന്നാണ് പഠനങ്ങൾ പറയുക. എന്നിട്ടും ആർക്കും അവരെ സഹായിക്കാൻ പറ്റിയില്ല, തിരിച്ചറിയാൻ പറ്റിയില്ല. വലിയൊരു ശതമാനം ആളുകളും ഇത് പുറത്തു പറഞ്ഞാലോ, സഹായം തേടിയാലോ ഉണ്ടാവുന്ന പുച്ഛവും, ഒറ്റപ്പെടുത്തലും പേടിച്ചു സഹായം ചോദിക്കാൻ പോലും തുനിയില്ല.

എന്തൊക്കെയാണ് ആത്മഹത്യയുടെ കാരണങ്ങൾ?

ജനിതകപരമായ പ്രത്യേകതകൾക്ക് ഒപ്പം തന്നെ, മാനസിക രോഗാവസ്ഥകൾ, മാനസിക സംഘർഷങ്ങൾ, സാമൂഹികമായ കാരണങ്ങൾ, ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ ഇവയൊക്കെ ആത്മഹത്യയിലേക്ക് നയിക്കാം. ആത്മഹത്യ ചെയ്തവരിൽ 90% കൂടുതൽ ആളുകൾക്ക് ചികിത്സ വേണ്ട തരത്തിലുള്ള മാനസികരോഗാവസ്ഥ ഉണ്ടായിരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുക.

പ്രധാനമായും വിഷാദം, ഉന്മാദ വിഷാദ രോഗം, ഉത്കണ്ഠ രോഗങ്ങൾ, ലഹരി ഉപയോഗം എന്നീ രോഗാവസ്ഥകൾ ആണ് ആത്മഹത്യയിലേക്ക് നയിക്കുക. വ്യക്തി ജീവിതത്തിലോ സമൂഹ ജീവിതത്തിലോ ഉണ്ടാകുന്ന തിരിച്ചടികൾ ആയിരിക്കും മിക്കവാറും മരിക്കണം എന്ന തീരുമാനത്തിലേക്ക് നയിക്കുക. ജോലി നഷ്ടപ്പെടുക, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ, കടുത്ത ശാരീരിക രോഗാവസ്ഥകൾ, അടുത്ത ആളുകളുടെ വേർപാട് ഇവയൊക്കെ ഇത്തരത്തിലുള്ള ഘടകങ്ങളാണ്.

എന്തൊക്കെയാണ് ആത്മഹത്യ സാധ്യതകൾ വർധിപ്പിക്കുന്ന ഘടകങ്ങൾ ?

1. മുൻപ് ആത്മഹത്യ ശ്രമം നടത്തുക എന്നതാണ് പ്രധാന ഘടകം.

2. കുടുംബത്തിൽ ആത്മഹത്യ ഉണ്ടായിട്ടുള്ളവർ

3. വിവിധ തരത്തിലുള്ള മാനസിക രോഗാവസ്ഥകൾ ഉള്ളവർ

4. ലഹരി ഉപയോഗം

5. ബുദ്ധിമുട്ടേറിയ ജീവിതാനുഭവങ്ങൾ

6. ഒറ്റപ്പെടൽ

7. ശാരീരികവും മാനസികവുമായ ഉപദ്രവം ഏറ്റുവാങ്ങുന്നവർ

ആത്മഹത്യ സാധ്യതയുള്ളവർ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാം. അത് മനസിലാക്കാനും തിരിച്ചറിയാനും സാധിച്ചാൽ ഇവരെ നമുക്ക് നേരത്തെ സഹായിക്കാൻ പറ്റും.

ടേക്കിഗ് എ മിനുറ്റ് ( taking a minute) എന്നൊരു രീതിയുണ്ട്. ഇത്തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് വേണ്ടി നമ്മുടെ ഒരു നിമിഷം മാറ്റിവെക്കുക എന്നതാണ് ലക്ഷ്യം. ഒരു നിമിഷം നമ്മളെ കുറിച്ചും നമ്മുടെ ചുറ്റുമുള്ളവരെ കുറിച്ചും ചിന്തിക്കാനും, മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ തിരിച്ചറിയാനും ശ്രമിക്കുക, ആരിലെങ്കിലും ഇത്തരം ബുദ്ധിമുട്ടുകൾ ശ്രദ്ധിച്ചാൽ ഒരു നിമിഷം അവരോടു സംസാരിക്കാൻ നീക്കി വെക്കുക, അവർക്ക് വേണ്ട സഹായം എത്തിക്കാൻ ഒരു നിമിഷം മാറ്റിവെക്കുക എന്നിവയാണ് ഈ പരിപാടിയിലൂടെ ചെയ്യുന്നത്.

ആത്മഹത്യ ശ്രമം നടത്തുക എന്നത് ഇന്ത്യയിൽ IPC 309 പ്രകാരം കുറ്റകരം ആയിരുന്നു.എന്നാൽ 2017 ലെ മാനസികാരോഗ്യ നിയമം ഇത് കുറ്റകരം അല്ലാതാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ശ്രമം നടത്തുന്നവർ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്ന് പോകുന്നവർ ആണെന്നും അത്കൊണ്ട് ഇവർക്ക് ആവശ്യമായ പരിചരണവും ചികിത്സയും സർക്കാർ ഉറപ്പാക്കണം എന്നും നിയമം നിഷ്കർഷിക്കുന്നുണ്ട്.

അത് കൊണ്ട് നമ്മൾ ആരും തന്നെ ആത്മഹത്യകളെ ചെറുതായി കാണരുത്. നിങ്ങളുടെ ഒരു നിമിഷം ചിലപ്പോൾ ഒരാളുടെ ജീവൻ രക്ഷിച്ചേക്കാം, അതു വഴി നിരവധിയാളുകളുടെ ഭാവിയും.

Related posts