Nammude Arogyam
Covid-19

രണ്ട് ഡോസ് വാക്‌സിനുകൾ എടുത്തതിന് ശേഷവും കോവിഡ് പോസിറ്റീവ് ആകുന്നുവോ?

കോവിഡ് -19 ന്റെ ‘ഡെല്‍റ്റ’ വേരിയന്റ് കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത്. കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുന്നുണ്ടെങ്കിലും, അതിന് ശേഷവും നമ്മള്‍ എല്ലാ തരത്തിലുള്ള പ്രതിരോധ നടപടികളും തുടരേണ്ടതുണ്ട് എന്നുള്ളതാണ് സത്യം. കാരണം 2 ഡോസ് വാക്‌സിൻ എടുത്ത ആളുകളിൽ വീണ്ടും കൊറോണ പോസിറ്റീവ് ആയവരുണ്ട്. ഡല്‍ഹി എയിംസ് നടത്തിയ പഠനത്തിലാണ് കോവാക്‌സിന്‍ അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനുകള്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ച ആളുകളിൽ ഡെല്‍റ്റ വേരിയന്റ് ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയത്.

എയിംസ് പഠനം സൂചിപ്പിക്കുന്നത് എന്തെന്നാല്‍ ‘ഡെല്‍റ്റ’ വേരിയന്റ് എന്ന് പറയുന്നത് ബ്രിട്ടനില്‍ നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ‘ആല്‍ഫ’ പതിപ്പിനേക്കാള്‍ 40 മുതല്‍ 50 ശതമാനം വരെ കൂടുതല്‍ പകര്‍ച്ചവ്യാധിയുള്ളതാണ് എന്നതാണ്. ആരോഗ്യ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് ശരിവെക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിക്കുന്നവരിലും രോഗം സ്ഥിരീകരിക്കുന്നത് ഈ വേരിയന്റ് മൂലമാണ്. 63 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തപ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് ദിവസം വരേയും പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായിരുന്നു. എമര്‍ജന്‍സി വാര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്ത 63 പേരില്‍ കണ്ടെത്തിയ രോഗലക്ഷണത്തെ അടിസ്ഥാനമാക്കിയാണ് എയിംസ്-ഐജിഐബി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി) പഠനം നടത്തിയത്.

ഈ 63 പേരില്‍ 53 പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് കോവാക്‌സിനും ബാക്കിയുള്ളവര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് കോവിഷീല്‍ഡും നല്‍കിയിട്ടുണ്ട്. ഇതില്‍ 36 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഡെല്‍റ്റ’ വേരിയന്റില്‍ നിന്നുള്ള കൊവിഡ് വൈറസ് 76.9 ശതമാനവും ഒരൊറ്റ ഡോസ് ലഭിച്ചവരില്‍ 60 ശതമാനവുമാണ് രോഗബാധ. ഇത് കൂടാതെ രണ്ട് ഡോസുകളും ലഭിച്ചവരിലും രോഗബാധ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പഠനം അനുസരിച്ച് വാക്‌സിന്‍ സ്വീകരിച്ച 27 രോഗികളില്‍ ഡെല്‍റ്റ വേരിയന്റിലേക്ക് നയിക്കുന്ന അണുബാധ കണ്ടെത്തിയിട്ടുണ്ട്. അണുബാധയുടെ നിരക്ക് 70.3 ശതമാനമാണ്.

രണ്ട് പഠനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ‘ആല്‍ഫ’ വേരിയന്റ് കോവിഷീല്‍ഡിനും കോവാക്‌സിനും പ്രതിരോധം തീര്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്ന് ആദ്യം റിപ്പോര്‍ട്ടുചെയ്ത വൈറസിനെപ്പോലെ ഇപ്പോഴുള്ള വൈറസിനെ ചെറുക്കുന്നതിന് വാക്‌സിന്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നില്ല എന്നാണ്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. എന്നാല്‍ വാക്‌സിന്‍ എടുത്ത ശേഷവും ബാധിക്കുന്ന കൊവിഡ് ഡെല്‍റ്റ’ വേരിയന്റിന് കൊവിഡ് ബാധിച്ച് ഉണ്ടാവുന്ന മരണങ്ങളോ കൂടുതല്‍ ഗുരുതരമായ അണുബാധകളോ ഉണ്ടാക്കുന്നു എന്നതിന് ഇതുവരെ ശക്തമായ തെളിവുകളില്ലെന്നും വിദഗ്ധര്‍ പറയുന്നുണ്ട്.

ഡെല്‍റ്റ, ബീറ്റ എന്നീ വകഭേദങ്ങളില്‍ നിന്ന് കോവാക്‌സിന്‍ സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. ‘ബീറ്റ’ വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. ഈ അടുത്ത് നടത്തിയ പഠനത്തില്‍ എന്‍സിഡിസിയിലെയും ഇന്ത്യന്‍ സാര്‍സ് സിഒവി 2 ജെനോമിക് കണ്‍സോര്‍ഷ്യയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ കോവിഡ് തരംഗത്തിന് പിന്നില്‍ ‘ഡെല്‍റ്റ’ വേരിയന്റ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

SARS-CoV-2വിന്റെ വിവിധ തരത്തിലുള്ള വേരിയന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഒന്നാണ് ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 ലീനിയജിലുള്ള വേരിയന്റ്. ഇതിന്റെ മറ്റൊരു വൈറസ് വേരിയന്റാണ് ഡെല്‍റ്റാ വേരിയന്റ്. ഇതിന് രോഗവ്യാപനശേഷി മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇതാണ് ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ വ്യാപിച്ചിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഈ വേരിയന്റ് ഇപ്പോള്‍ കണ്ടെത്തിയിട്ടുമുണ്ട്.

കൊറോണ വൈറസ് എന്ന ഭീകരൻ ഈ ലോകത്ത് നിന്ന് എന്നെന്നേക്കുമായി തുടച്ച് നീക്കുന്നത് വരെയും നമ്മള്‍ എല്ലാ തരത്തിലുള്ള പ്രതിരോധ നടപടികളും തുടരേണ്ടതുണ്ട് എന്നുള്ളതാണ് സത്യം.

Related posts