Nammude Arogyam
Covid-19

ഒമിക്രോൺ:അതീവ അപകടകാരിയായ പുതിയ വകഭേദം

കൊവിഡിൻറെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കാൻ തുടങ്ങിയത് ലോകത്തിന് വീണ്ടും ഭീഷണിയാവുകയാണ്. പലയിടത്തും നിലവിലെ രോഗികളുടെ എണ്ണവും വൈറസിന്റെ പ്രഹരശേഷിയും ഒരു പരിധി വരെ കുറഞ്ഞുവെന്ന് ആശ്വസിക്കുന്ന സമയത്താണ് വ്യാപനശേഷിയും പ്രഹരശേഷിയും കൂടിയ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. ഇതിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ B.1.1. 529 കണ്ടെത്തുകയും ചെയ്തു. ബെൽജിയം, ഹോങ്കോങ്ങ്, ഇസ്രയേൽ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ധാരാളം മ്യൂട്ടേഷൻ സംഭവിച്ചിട്ടുള്ളതാണ് പുതുതായി കണ്ടെത്തിയ ഒമിക്രോൺ വേരിയന്റ്. അതുകൊണ്ട് തന്നെ കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കാൻ ഇത് കാരണമാകും. മാത്രമല്ല, മുൻപ് കൊവിഡ് ബാധിച്ച ആളുകളിൽ കൂടുതൽ അപകടകാരിയാകാനും ഈ വകഭേദത്തിന് സാധിക്കും.

പല തവണ മ്യൂട്ടേഷൻ സംഭവിച്ചു കഴിഞ്ഞ വൈറസ് വകഭേദങ്ങൾ കൂടുതൽ ശക്തിയോടെയാണ് വ്യാപിക്കാറുള്ളത്. രണ്ടോ മൂന്നോ തവണ മാത്രം ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ പ്രഹരം പോലും അതി ശക്തമായിരുന്നു. ആ സാഹചര്യത്തിലാണ് 30 തവണ സപൈക്ക് പ്രോട്ടീനിൽ ജനിതക മാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പകരുന്നത്. ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചു കയറാൻ സഹായിക്കുന്ന വൈറസിന്റെ ഭാഗമാണ് സ്പൈക്ക് പ്രോട്ടീൻ. അതുകൊണ്ട് തന്നെ ഒമിക്രോൺ വ്യാപനം തടയാൻ മാസ്ക് കൊണ്ട് മാത്രം സാധ്യമാകുമോ എന്ന കാര്യം ആശങ്കയാണ്.

ആഫ്രിക്കയിലെ ബോട്ട്സ്വാനയിൽ കണ്ടെത്തിയ B.1.1. 529 വകഭേദം ഇത്തരത്തിൽ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ്. വൈറസ് ബാധിച്ചവരിൽ ലക്ഷണങ്ങൾ പ്രകടമാകാത്തതും എന്നാൽ ശരീരത്തിലെ അവയവങ്ങളെ ബാധിക്കുന്നതും ഗുരുതര പ്രശ്നങ്ങളിലേക്ക് വഴിവെക്കും. എന്നാൽ കുറഞ്ഞ സമയംകൊണ്ട് ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഡെൽറ്റ വേരിയന്റിനേക്കാൾ വലിയ ഭീഷണി സൃഷ്ടിക്കാൻ ഒമിക്രോൺ വകഭേദം കാരണമാകുമെന്ന് നിഗമനമുണ്ട്. അതുകൊണ്ട് തന്നെ പല രാജ്യങ്ങളും സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ രാജ്യാതിർത്തികൾ അടച്ചു തുടങ്ങി. ഇതുവരെ കണ്ടതിനേക്കാൾ വലിയ അപകടസൂചന മുന്നിൽക്കണ്ടാണ് ഇത്.

സാമൂഹിക അകലവും, ക്വാറൻറ്റൈനും പാലിക്കുക എന്നത് മാത്രമാണ് ഏത് കൊറോണ വകഭേദങ്ങൾക്കുമുള്ള ഏക പരിഹാരം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

Related posts