Nammude Arogyam
Covid-19

മൂന്നാം തരംഗം:കൂടുതൽ അപകടത്തിലാകുന്നത് കുട്ടികൾ

കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുകയാണ് രാജ്യം. എന്നാല്‍, കോവിഡിന്റെ മൂന്നാംതരംഗം തല ഉയര്‍ത്തുന്ന സമയം വിദൂരമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അടുത്ത 3-5 മാസത്തിനുള്ളില്‍ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയപ്പെടുന്നു. ഈ ഘട്ടത്തില്‍ വൈറസ് ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയായിരിക്കുമെന്നും അവര്‍ കരുതുന്നു. മഹാമാരിയുടെ എപ്പിഡെമോളജിക്കല്‍ പാറ്റേണ്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയാണെങ്കില്‍, ആദ്യത്തെ തരംഗം 60 വയസ്സിനു മുകളിലുള്ളവരെയും രണ്ടാമത്തെ തരംഗം യുവതലമുറയെയുമാണ് സാരമായി ബാധിച്ചത്. ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കും മറ്റുമായി വാക്‌സിനേഷന്‍ ഉള്ളതിനാല്‍, മൂന്നാം തരംഗത്തില്‍ കുട്ടികളാണ് കൂടുതല്‍ അപകടസാധ്യതയിലാകാന്‍ പോകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

നമ്മുടെ രാജ്യത്തെ പ്രമുഖ എപ്പിഡെമിയോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍, ആദ്യത്തെ തരംഗത്തില്‍ ഇന്ത്യയിലുടനീളമുള്ള 4% ല്‍ താഴെ കുട്ടികളെ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ. രണ്ടാമത്തെ തരംഗത്തില്‍ 10-15% കുട്ടികള്‍ക്ക് നേരിയ ലക്ഷണങ്ങള്‍ ബാധിച്ചു. കണക്കുകള്‍ പ്രകാരം, മൂന്നാം തരംഗത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ഉടന്‍ തന്നെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് നിര്‍ദേശവും അവര്‍ പങ്കുവയ്ക്കുന്നു.

സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ 12 വയസ്സിന് താഴെയുള്ള 30 കോടി കുട്ടികളുണ്ട്, ഇത് നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ 35% ത്തിലധികം വരും. നമ്മുടെ ജനസംഖ്യയുടെ വളരെ വലിയൊരു ഭാഗമാണിത്. ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 2% പേരെ കോവിഡ് 19 ബാധിച്ചതായി അടുത്തിടെയുള്ള ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ജനസംഖ്യയുടെ 2% പേരെ വൈറസ് ബാധിച്ചതിനാല്‍, നിലവിലെ ആരോഗ്യസംരക്ഷണ സംവിധാനം കടുത്ത സമ്മര്‍ദ്ദത്തിലാണ്. നിലവില്‍ ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്കായി 90,000 ഐ.സി.യു കിടക്കകളും കുട്ടികള്‍ക്കായി 2,000 കിടക്കകളും ഉണ്ട്. മൂന്നാമത്തെ തരംഗം ഇതിലും കഠിനമാകുമെന്നതിനാല്‍ ഈ സംവിധാനങ്ങള്‍ എത്രത്തോളം പര്യാപ്തമാണെന്നും സംശയമാണ്.

മാത്രമല്ല, വളരെക്കാലമായി കുട്ടികള്‍ അവരുടെ വീടുകളില്‍ തന്നെ ഒതുങ്ങിനില്‍ക്കുകയാണ്. സാധാരണ നിലയിലേക്ക് മടങ്ങാന്‍ അവര്‍ ആഗ്രഹിക്കുന്നു. കളിക്കാനും കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കാനുമൊക്കെയായി ഇറങ്ങുമ്പോള്‍ അവര്‍ അല്‍പം അശ്രദ്ധ കാണിച്ചേക്കുകയും അതുവഴി വൈറസിന് ഇരയാക്കുകയും ചെയ്യും. കുട്ടികള്‍ക്ക് നിലവില്‍ വാക്‌സിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ സ്ഥിതി കൂടുതല്‍ വഷളായി മാറുകയും ചെയ്യും.

ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളും മുതിര്‍ന്നവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, മറ്റ് പല രാജ്യങ്ങളും ഈ ഘട്ടത്തില്‍ തന്നെ കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ തുടങ്ങി. കഴിഞ്ഞയാഴ്ച 12 നും 15 നും ഇടയില്‍ പ്രായമുള്ള 600,000 കുട്ടികള്‍ക്ക് യു.എസ് കോവിഡ് -19 വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചിരുന്നു. അതേസമയം, 4-6 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് 2021 അവസാനത്തോടെയും 2022 ന്റെ തുടക്കത്തിലും വാക്‌സിനേഷന്‍ എടുക്കാന്‍ കഴിയുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സിംഗപ്പൂരില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നതിനിടയിലും 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നുണ്ട്. യു.എ.ഇയും ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ഷോട്ട് ഉപയോഗിച്ച് വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്.

ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ രണ്ട് വാക്‌സിനുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ, അവയിലൊന്നും കുട്ടികളില്‍ ഇവ പരീക്ഷിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളില്ല. 2-18 വയസ് പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഭാരത് ബയോടെക് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി നേടിയിട്ടുണ്ട്. 6-17 വയസ് പ്രായമുള്ളവരില്‍ അസ്ട്രാസെനെക്ക വാക്സിനുള്ള പരീക്ഷണങ്ങളും നടത്തുന്നുണ്ട്, എന്നാല്‍ ഇതുവരെ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, കര്‍ണാടക ബെല്‍ഗാവിയിലെ 20 കുട്ടികള്‍ക്ക് മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി കോവിഡ് -19 വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

മൂന്നാം തരംഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ചെയ്യേണ്ടത് എന്തൊക്കെ?

1.മിക്ക വീടുകളിലും കുട്ടികള്‍ അവരുടെ കുടുംബത്തോടൊപ്പം താമസിക്കുന്നതിനാല്‍, മാതാപിതാക്കള്‍ രണ്ടുപേര്‍ക്കും പൂര്‍ണ്ണമായി കുത്തിവയ്പ് നല്‍കുന്നതിലൂടെ കുട്ടികളുടെ അപകട സാധ്യത കുറയ്ക്കാവുന്നതാണ്.

2.കുട്ടികള്‍ക്കായി വെന്റിലേറ്ററുകള്‍, മറ്റ് ആവശ്യമായ സൗകര്യങ്ങളുമുള്ള പീഡിയാട്രിക് ഐസിയുവുകള്‍ തയ്യാറാക്കണം.

3.പീഡിയാട്രിക് കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക.

4.കുട്ടികള്‍ക്ക് വാക്‌സിനേഷനായി ഫാസ്റ്റ് ട്രാക്ക് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുക.

5.സാമൂഹിക ഒത്തുചേരലുകള്‍ നിയന്ത്രിക്കുക.

6.കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തുടരുക.

7.സ്‌കൂളുകള്‍ ഉടനെ തുറക്കരുത്

8.കോവിഡ് സുരക്ഷ, ശുചിത്വ രീതികള്‍, കോവിഡ് വ്യാപനം എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക.

9.ആരോഗ്യകരവും വീട്ടില്‍ പാകം ചെയ്യുന്നതുമായ ഭക്ഷണം കുട്ടികൾക്ക് നൽകുക.

Related posts