പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ചില മരുന്നുകളുടെ ഉപയോഗം, ചില ഭക്ഷണങ്ങൾ കഴിക്കുന്നത്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, ചില പോഷകങ്ങളുടെ അഭാവം തുടങ്ങിയ കാര്യങ്ങളെല്ലാം മലബന്ധത്തിന് കാരണമാകാം. ദഹന പ്രവർത്തനങ്ങൾ മന്ദഗതിയിലാകുമ്പോൾ മലബന്ധം രൂക്ഷമാകും. ധാരാളം വെള്ളം കുടിക്കുക, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നിവയൊക്കെ മലബന്ധത്തിന് പരിഹാരമാകുന്ന കാര്യങ്ങളാണ്.
പതിവായുള്ള വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലത്തിലും ശ്രദ്ധ നൽകിയാൽ മലബന്ധം തടയാം. അത്തരത്തിൽ മലബന്ധത്തിനെതിരെ പോരാടുന്നതിനും ഒന്നിലധികം പോഷകങ്ങൾ നൽകുന്നതിനും സഹായിക്കുന്ന വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ജ്യൂസുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1.ആപ്പിൾ ജ്യൂസ്
വിറ്റാമിൻ എ, സി, ഇ, കെ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ആപ്പിൾ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഇത് കലോറിയും, കൊഴുപ്പും ഇല്ലാത്തതാണ്. മലബന്ധത്തിനെതിരെ പോരാടുന്നതിന് ആപ്പിൾ ജ്യൂസ് ഗുണം ചെയ്യും. എന്നിരുന്നാലും ഇത് മിതമായി കുടിക്കുവാൻ ശ്രദ്ധിക്കുക.
2.പിയർ (സബർജിൽ) ജ്യൂസ്
പിയർ ജ്യൂസിൽ വിറ്റാമിൻ സി, കെ, പൊട്ടാസ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പിയർ ജ്യൂസ് മലബന്ധം ഒഴിവാക്കാനും സഹായിക്കും. കുട്ടികൾക്ക് മലബന്ധം ചികിത്സിക്കുന്നതിനും ഇത് അനുയോജ്യമാണ്. മികച്ച രുചിക്കായി കുറച്ച് നാരങ്ങ നീര് അല്ലെങ്കിൽ കല്ലുപ്പ് എന്നിവ ഇതിലേക്ക് ചേർക്കാം.
3.നാരങ്ങ വെള്ളം
നാരങ്ങ നീരിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മത്തിനും നാരങ്ങ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഈ ജ്യൂസിന് മലബന്ധം കുറയ്ക്കാനും കഴിയും. ഈ പാനീയം തയ്യാറാക്കാൻ പകുതി നാരങ്ങയുടെ നീര് ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ ചേർക്കാം. രുചിക്കായി കുറച്ച് തേനും അതിലേക്ക് ചേർക്കാം.
4.പ്രൂൺ ജ്യൂസ്
പ്രൂൺ ജ്യൂസിൽ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ പ്ലം കൊണ്ട് തയ്യാറാക്കുന്ന ഇത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ദഹന പ്രശ്നത്തെ ഒഴിവാക്കുകയും ചെയ്യുന്നു. മലബന്ധത്തിനെതിരെ പോരാടുന്നതിന് ഉണങ്ങിയ പ്ലം കഴിക്കാവുന്നതുമാണ്. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ, മലബന്ധം കൂടാതെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഈ ജ്യൂസ് സഹായകമാണ്.
മലബന്ധം എന്ന പ്രശ്നത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന പോഷക സമൃദ്ധമായ ജ്യൂസുകളാണ് മുകളിൽ പറഞ്ഞവ. പതിവായുള്ള വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലത്തിലും ശ്രദ്ധ നൽകിയാൽ മലബന്ധം തടയാൻ സാധിക്കും. എന്നിരുന്നാലും ഒരു സ്പെഷ്യലിസ്റ്റിൻ്റെ സഹായം തേടുന്നത് നല്ലതാണ്.