ഹെഡ്ഫോണുകൾ കൂടെ കൂടിയിട്ട് നാളേറെയായി. മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരിൽ പകുതിയിലധികം പേരും ഹെഡ് ഫോണുകൾ നിരന്തരമായി ഉപയോഗിക്കുന്നവരാണ്. ഫോണിൽ സംസാരിക്കുന്നതിനും പാട്ടുകൾ കേൾക്കുന്നതിനും എല്ലാം ഈ ഹെഡ് ഫോണുകൾ കൂടിയേ തീരൂ എന്നാണു അവസ്ഥ. സാധാരണ ഹെഡ്‍ഫോണുകളെക്കാൾ വയർലെസ്സ് ഹെഡ്‍ഫോണുകളാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്, അതായത് ബ്ലൂ ടൂത്ത് വഴി ബന്ധിപ്പിക്കുന്നവ.
നിരന്തരമായി ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതിന്റെ ദീർഘകാല ഉപയോഗം തലച്ചോറിന്റെ ആരോഗ്യത്തിന് ദോഷകരമാകുമെന്ന് സൂചിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകളും നിലവിലുണ്ട്. ഇത് ക്യാൻസറിന്റെ ഉറവിടമായി മാറുകയും ചെയ്യാം എന്നാണ് പല പഠനങ്ങളുടെയും വിലയിരുത്തൽ.
കൂടുതലായി ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളും ചെറിയ ഹെഡ്‌ഫോണുകളും ഉപയോഗിക്കുന്നത് തലച്ചോറിലെ വികിരണം വർദ്ധിപ്പിക്കുകയും ക്യാൻസറിന് കാരണമാവുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ ഗവേഷണം നടത്തി കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ഹെഡ്‌ഫോണുകൾ സാധാരണയായി ചെവിയ്ക്കുള്ളിലേയ്ക്ക് ചേർത്തുവെയ്ക്കുന്നതിനാൽ ഈ ഭാഗത്തെ പ്രധാനപ്പെട്ട കലകൾ എല്ലാം തന്നെ ഉയർന്ന റേഡിയോ ഫ്രീക്വൻസിക്ക് വിധേയമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
ഇത്തരം ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നും ഇവയിലൂടെ വരുന്ന വൈദ്യുത കാന്തിക തരംഗങ്ങൾ മാരകമായ അസുഖങ്ങൾക്ക് കാരണമാകുമെന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
ഗർഭാവസ്ഥയിൽ ഇത്തരം ഉപകരണങ്ങളുടെയും ഗാഡ്‌ജെറ്റുകളുടെയും ദീർഘകാല ഉപയോഗം വളരെ ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു, ഗർഭാവസ്ഥയിൽ അപകടസാധ്യത സൃഷ്ടിക്കാൻ ഇത് കാരണമാകും. മാത്രമല്ല, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ഉള്ള കുട്ടികൾ ജനിക്കുമെന്നും പഠനങ്ങൾ പറയുന്നു.കൂടാതെ ബ്രെയിൻ ട്യൂമർ അപകടസാധ്യതകളുമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ മൊബൈൽ ഫോണുകൾ പോലെയുള്ള ഗാഡ്‌ജെറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹെഡ്‌ഫോണുകൾ പുറപ്പെടുവിക്കുന്ന വികിരണം വളരെ കുറവാണെന്നും ചിലർ പറയുന്നു.
ചില നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്നും അതോടൊപ്പം പലതരം ന്യൂറോളജിക്കൽ ഡിസോർഡറുകൾക്കും ഡിഎൻഎ കേടുപാടുകൾക്കും കാരണമാകുമെന്നാണ്. എന്നിരുന്നാലും, ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ ഇനിയും തെളിവുകൾ ലഭിക്കേണ്ടതുണ്ട്.
അതുകൊണ്ടു തന്നെ ഇത്തരം ഹെഡ് ഫോണുകൾ ഉപയോഗിക്കുന്നത് പൂർണമായും അപകടകരമാണെന്നോ അല്ലെന്നോ പറയാൻ കഴിയില്ല. എന്നാൽ ഇവ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന നിരീക്ഷണങ്ങൾ നിലനിൽക്കുന്നതിനാൽ അവ അവഗണിക്കാതെ അല്പം ശ്രദ്ധയോടെ മാത്രം ഇവ ഉപയോഗിക്കുന്നതാണ് നല്ലത്.