Nammude Arogyam
Covid-19

കൊറോണവൈറസിന്റെ ജനിതകമാറ്റം കൂടുതൽ അപകടകരമോ?

ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ നമുക്കിടയില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ട് നില്‍ക്കേയാണ് ഇപ്പോള്‍ വീണ്ടും കൊറോണഭീതിയില്‍ ലോകം ഞെട്ടിവിറച്ചിരിക്കുന്നത്. യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണയാണ് ഇപ്പോള്‍ ഭീതി പരത്തി മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടന്ന് വരുന്നതേ ഉള്ളൂ. വരും ദിവസങ്ങളില്‍ മാത്രമേ ഇതിന്റെ കൃത്യമായ കാരണങ്ങളും ഭീതിയെക്കുറിച്ചുള്ള സംശയങ്ങളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

വൈറസ് വ്യാപനം പഴയതിനേക്കാള്‍ ഇരട്ടിയില്‍ നടക്കുന്നത് കൊണ്ട് തന്നെ ലോകത്തിന്റെ പല ഭാഗത്തേക്കും ഉള്ള യാത്രാതിര്‍ത്തികള്‍ എല്ലാം തന്നെ അടച്ചിരിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ തോത് കുറക്കുന്നതിനും കൂടുതല്‍ പടരാതിരിക്കുന്നതിനും വേണ്ടിയുള്ള നടപടികളാണ് ഓരോ ലോകരാജ്യങ്ങളും സ്വീകരിക്കുന്നത്. ഇത് കൂടുതല്‍ അപകടകരമാണോ, എന്താണ് ഇതിന്റെ വസ്തുതകള്‍ എന്നിവയെക്കുറിച്ച് നിലവില്‍ ലഭ്യമായ വിവരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എന്തുകൊണ്ട് കൂടുതല്‍ ആശങ്ക?

മുന്‍പുണ്ടായിരുന്ന വൈറസിനെ അപേക്ഷിച്ച് ഇപ്പോള്‍ ജനിതക മാറ്റം വന്ന വൈറസുകള്‍ വളരെ പെട്ടെന്നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്. ഈ വൈറസ് 70% വരെ വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ലണ്ടനില്‍ വൈറസ് ബാധിച്ചവരില്‍ നല്ലൊരു ശതമാനം ആളുകളും പുതിയ വേരിയന്റ് മൂലമുള്ള രോഗബാധയേറ്റവരാണ്. എന്നാല്‍ പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്നു എന്നുള്ളത് കൊണ്ട് മാത്രം രോഗം അപകടകാരിയായി മാറണം എന്നില്ല. ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. സാധാരണ നോവല്‍ കൊറോണവൈറസുമായി താരതമ്യം ചെയ്യുകയാണെങ്കിലും അതിനേക്കാള്‍ ഗുരുതരമായ ഒരു സ്ഥിതി വിശേഷം ഉണ്ടാക്കാന്‍ ഈ വൈറസിന് കഴിയില്ല എന്ന് തന്നെയാണ് നിലവിലെ പ്രധാന വിവരം.

എന്താണ് ജനിതകവ്യതിയാനം

വൈറസിന്റെ ജനിതക ഘടനയില്‍ വരുന്ന മാറ്റങ്ങളെയാണ് ജനിതക വ്യതിയാനം അഥവാ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് എന്ന് പറയുന്നത്. കൊവിഡിന്റെ ആര്‍ എന്‍ എ ഉണ്ടാക്കിയിരിക്കുന്നത് നിരവധി ന്യൂക്ലിയോടൈഡുകള്‍ ചേര്‍ത്താണ്. ഇതില്‍ കുറേ ന്യൂക്ലിയോടൈഡുകള്‍ക്ക് മാറ്റം സംഭവിക്കുമ്പോള്‍ അത് വൈറസിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നുണ്ട്. ഈ അവസ്ഥയിലാണ് വൈറസില്‍ ജനിതക മാറ്റം സംഭവിക്കുന്നത്.

എന്നാൽ വേരിയന്റ് അത്ര പുതിയതല്ല എന്നുള്ളതാണ് സത്യം. വാസ്തവത്തില്‍, സെപ്റ്റംബറിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. നവംബറില്‍ ലണ്ടനിലെ നാലിലൊന്ന് കേസുകളും പുതിയ വേരിയന്റില്‍ നിന്നുള്ളതാണ്. ഡിസംബര്‍ പകുതിയോടെ ഇത് മൂന്നില്‍ രണ്ട് കേസുകളിലും എത്തിയതായി പല വാര്‍ത്താ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ജോനാഥന്‍ ബോളിന്റെ അഭിപ്രായത്തില്‍ വൈറസ് യഥാര്‍ത്ഥത്തില്‍ പകരുന്നത് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ശക്തമായ അല്ലെങ്കില്‍ ഉറച്ച അഭിപ്രായങ്ങള്‍ പറയുന്നതിന് ഇപ്പോഴുള്ള തെളിവുകള്‍ പോരാ, എന്നും ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ് എന്നുമാണ് ഇദ്ദേഹം പറയുന്നത്.

വടക്കന്‍ അയര്‍ലന്‍ഡ് ഒഴികെ യുകെയിലുടനീളം ഈ വേരിയന്റ് കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ ഇത് ലണ്ടന്‍, സൗത്ത് ഈസ്റ്റ്, കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ അവര്‍ ഏകദേശം 4000-ത്തോളം ജനിതക വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നുള്ളതാണ്. ഡിസംബര്‍ 13 വരെ യുകെയില്‍ 1108 കേസുകളാണ് നിലവിലുള്ളത്.

വൈറസിന്റെ ജനിതകവ്യതിയാനം മാരകമാകുമോ?

ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്ന തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, വ്യാപനം വര്‍ദ്ധിപ്പിക്കുന്നത് ആശുപത്രികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ പുതിയ വേരിയന്റില്‍ കൂടുതല്‍ ആളുകള്‍ കൂടുതല്‍ വേഗത്തില്‍ രോഗം ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയാല്‍ അത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ കടുത്ത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ യുകെയില്‍.

വാക്‌സിന്‍ ഫലപ്രദമാകുമോ?

ജനിതക വ്യതിയാനം സംഭവിച്ച അവസ്ഥയില്‍ വൈറസിനെതിരെ നിലവിലുള്ള വാക്‌സിന്‍ ഫലപ്രദമാകുമോ എന്ന ചോദ്യം പലപ്പോഴും പലരിലും ഉടലെടുക്കുന്നുണ്ട്. എന്നാല്‍ വൈറസിന്റെ പ്രോട്ടീനുകള്‍ക്കെതിരെ ആന്റിബോഡി ഉണ്ടാക്കുന്നതിന് ശരീരത്തെ സജ്ജമാക്കുന്ന തരത്തിലാണ് വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വൈറസ് അതിന്റെ പ്രോട്ടീനില്‍ വ്യതിയാനം വരുത്തിയാല്‍ അത് വാക്‌സിന് ഒരു വെല്ലുവിളിയാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിലവില്‍ അത്തരം ഒരു സാഹചര്യം ഇല്ല എന്നാണ് ഗവേഷകാഭിപ്രായം. അതുകൊണ്ട് നിലവില്‍ ആശങ്കക്ക് അടിസ്ഥാനമില്ല എന്ന് തന്നെ പറയാവുന്നതാണ്.

ഈയൊരു സാഹചര്യത്തിൽ കൂടുതല്‍ മുന്‍കരുതലുകള്‍ നാം ഓരോരുത്തും സ്വീകരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം പുതുവത്സരവും, ക്രിസ്മസും വരുന്ന കാലമായത് കൊണ്ട് തന്നെ ലോകം മുഴുവന്‍ ആഘോഷത്തിന്റെ മുന്നൊരുക്കത്തിലാണ്. ഇത് വീണ്ടും രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയും ലോകത്തെ വീണ്ടുമൊരു ലോക്ക്ഡൗണിലേക്ക് എത്തിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. എന്നാല്‍ അമിത ആശങ്കകള്‍ ഒഴിവാക്കി ജാഗ്രതയോടെ മുന്നോട്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

Related posts