പലപ്പോഴും പലരും പറയുന്ന പ്രശ്‌നമാണ് കാല്‍ കഴപ്പ്, കാല്‍ കടച്ചില്‍ എന്നിവ. പ്രധാനമായും സ്ത്രീകള്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകാറ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. നമ്മുടെ ഹൃദയത്തില്‍ രക്തം പമ്പ് ചെയ്യുമ്പോള്‍ ശുദ്ധ രക്തം അര്‍ട്ടെറിയിലൂടെ അവയവങ്ങളില്‍ എത്തും. ദുഷിച്ച രക്തം വെയിനുകളിലൂടെ തിരികെ ഹൃദയത്തിലെത്തും. താഴെ ഭാഗത്തു നിന്നുള്ള രക്തം ഒരു വാല്‍വിലൂടെയാണ് ഹൃദയത്തിലെത്തുന്നത്. ഈ വാല്‍വ് തുറക്കുകയും അടയുകയും ചെയ്യുന്നതാണ്. ഇത് ദുര്‍ബലമാകുന്നതാണ് കാലിലെ കഴച്ചിലിന് കാരണമാകുന്നത്. വീനസ് ഇന്‍കോംപിറ്റന്‍സ് എന്ന് ഇതിനെ വിശേഷിപ്പിയ്ക്കാം. വീനസ് റിഫ്‌ളക്‌സ് എന്നും ഇതറിയപ്പെടുന്നു. ഈ അവസ്ഥ മുന്‍പോട്ടാകുമ്പോഴാണ് വെരിക്കോസ് വെയില്‍ പോലുള്ളവ ഉണ്ടാകുന്നത്.
ഇത്തരം കാല്‍കടച്ചിലിന് പ്രധാന കാരണം ഏറെ നേരം നില്‍ക്കുന്നതാണ്. ഇതിലൂടെ വാല്‍വ് ദുര്‍ബലമാകുന്നു. ഗര്‍ഭാവസ്ഥയില്‍ ഇതുണ്ടാകും. ഈ അവസ്ഥയില്‍ കുഞ്ഞ് യൂട്രസില്‍ ഇരിയ്ക്കുന്ന അവസ്ഥയില്‍ കാലിലെ ഞരമ്പുകളില്‍ മര്‍ദമേല്‍ക്കുന്നു. ഇതിലൂടെ ഈ വാല്‍വ് പ്രശ്‌നവും, കാല്‍ കടച്ചിലുമുണ്ടാകം. കൂടുതല്‍ നില്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ക്ക് ഇതുണ്ടാകാം.
ഇത് ഒരു രോഗമല്ല, അവസ്ഥയാണ്. അതായത് നമ്മുടെ ജീവിതശൈലികള്‍ കാരണമുണ്ടാകുന്ന ഒന്നാണിത്. ഇത്തരം പ്രശ്‌നമെങ്കില്‍ നീണ്ട സമയം നില്‍ക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ ഇരിയ്ക്കാന്‍ ശ്രമിയ്ക്കുക. ഇതു പോലെ തന്നെ കംപ്രഷന്‍ ബാന്‍ഡേഡുകള്‍ ഉപയോഗിയ്ക്കുക. പ്രത്യേകിച്ചും നില്‍ക്കുന്ന, വേദനയുളള സമയത്ത്. ഇത് ഇലാസ്റ്റിക്കോ നോണ്‍ ഇലാസ്റ്റിക്കോ ഉപയോഗിയ്ക്കാം. സ്‌റ്റോക്കിന്‍സ് പോലുള്ള ആയാലും മതി. ഇത് രാത്രിയില്‍ ഉപയോഗിയ്ക്കരുത്. കാരണം ഇറുകിക്കിടക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും.
ഇതു പോലെ കിടക്കുന്ന സമയത്ത് കട്ടിലിന്റെ കാല്‍ഭാഗം ഉയര്‍ത്തി വയ്ക്കുന്നത് നല്ലതാണ്. തടിയോ ഇഷ്ടികയോ വച്ച് ഉയര്‍ത്തി വച്ചാല്‍ മതിയാകും. അല്ലെങ്കില്‍ തലയിണ കാല്‍ഭാഗത്തു വയ്ക്കാം. കാല്‍ ഉയര്‍ത്തി വയ്ക്കുന്നത് ഗുണം നല്‍കുമെന്നു പറയും. ഇതു പോലെ വ്യായാമങ്ങള്‍ ചെയ്യുന്നത് ഗുണകരമാണ്. കൂടുതല്‍ കാല്‍ കഴപ്പുണ്ടെങ്കില്‍ ക്രേപ് ബാന്‍ഡേജ് കെട്ടാം. താഴെ നിന്നും മുകളിലേയ്ക്ക് കെട്ടാം. അതല്ലെങ്കില്‍ ട്യൂബുലാര്‍ ബാന്‍ഡേജ് ഉപയോഗിയ്ക്കാം. പകല്‍ സമയത്തേ കെട്ടാവൂ. തുടര്‍ച്ചയായി വേദനയെങ്കില്‍ തുടര്‍ച്ചയായി ഇതു കെട്ടുക.
ഇതു പോലെ ഇരിയ്ക്കുമ്പോള്‍ കാല്‍ ഉയര്‍ത്തി വയ്ക്കുക. നമ്മുടെ ഇടുപ്പിനേക്കാള്‍ ഉയര്‍ന്ന അവസ്ഥയില്‍ കാല്‍ ഉയര്‍ത്തി വയ്ക്കാം. അതായത് മുകളില്‍ നിന്നും താഴേക്ക് രക്തം പ്രവഹിയ്ക്കുന്ന രീതിയില്‍. കാലിലെ രക്തക്കുഴലുകള്‍ വികസിയ്ക്കാന്‍ സഹായിക്കുന്ന സുഷുമ്‌നാ നാഡിയിലെ ഗാംഗ്ലിയോണ്‍ അടിവയറ്റിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ കാല്‍ വയറിലേയ്ക്കു ചേരുന്ന ഭാഗത്ത് അടിവയറ്റില്‍ ചൂടു വയ്ക്കുക. ഇതു പോലെ തുടയുടെ മുന്‍വശത്തും ചെയ്യുക. അടിവയറിലും തുടയുടെ മുന്‍വശത്തുമാണ് വയ്‌ക്കേണ്ടത്. അല്ലാതെ വേദന തോന്നുന്ന ഭാഗത്തല്ല.
ഇതിനായി വ്യായാമം ചെയ്യാം. ഒരു കേസരയില്‍ ഇരുന്ന് ഒരു കാല്‍ നീട്ടുക. പാദം മുകളിലേയ്ക്കാക്കുക. അല്‍പനേരം വച്ച ശേഷം താഴെ വയ്ക്കാം. അടുത്ത കാലും ഇതു പോലെ ചെയ്യാം. ഒരു കസേരയില്‍ പിടിച്ചു നിന്ന് രണ്ട് ഉപ്പുറ്റിയും ഉയര്‍ത്തി നില്‍ക്കാം. ഇത് അഞ്ചു മിനിറ്റു നേരം ഇതേ രീതിയില്‍ പിടിയ്ക്കാം. ഇതു പോലെ നിവര്‍ന്നു കിടന്ന് കാല്‍ തലയിണയില്‍ ഉയര്‍ത്തി വയ്ക്കുക. അല്‍പനേരം കഴിഞ്ഞ് കാല് താഴേയ്ക്കാക്കി വയ്ക്കുക. കാലിന്റെ പാദം വട്ടം കറക്കാം. ഇതു പോലെ നിവര്‍ന്നു കിടന്ന് വീണ്ടും പാദം ചലിപ്പിയ്ക്കാം.