Nammude Arogyam
Cancer

പുരുഷൻമാരിലെ അർബുദ രോഗങ്ങളിൽ രണ്ടാം സ്ഥാനമായ പ്രോസ്‌റ്റേറ്റ് കാൻസറിനെക്കുറിച്ചറിയാം

പുരുഷന്‍മാരില്‍ കാന്‍സറിനു സാധ്യതയുള്ള നാല് പ്രധാന ഭാഗങ്ങളിലൊന്നാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി. ഇന്ത്യൻ പുരുഷൻമാരിൽ കണ്ടുവരുന്ന അർബുദ രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് പ്രോസ്‌റ്റേറ്റ് കാൻസറിനെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു. പ്രായാധിക്യത്തിനനുസരിച്ച് പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയും വര്‍ധിക്കുന്നു. മിക്ക കേസുകളിലും 65 വയസ്സിനു മുകളിലുള്ളവരിലാണ് ഇത്തരം കാന്‍സര്‍ കണ്ടുവരുന്നത്. സാധാരണയായി പ്രോസ്‌റ്റേറ്റ് കാന്‍സര്‍ 40 വയസിനു താഴെയുള്ളവരില്‍ കണ്ടുവരുന്നത് വിരളമാണ്. എന്നാല്‍ ഇവരിലെ സാധാരണ പ്രോസ്‌റ്റേറ്റ് വീക്കം മറ്റ് സ്വാഭാവിക അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാവാം. വളരെ സവധാനത്തിൽ പടരുന്ന കാൻസറായതിനാൽ ഏറെ വൈകിയാവും ഈ രോഗം മിക്കപ്പോഴും തിരിച്ചറിയുക.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍

പുരുഷന്‍മാരില്‍ മാത്രം കണ്ടുവരുന്നതാണിത്. പുരുഷന്‍മാരില്‍ പ്രത്യുത്പാദനത്തിനു സഹായിക്കുന്ന പ്രധാന അവയവമാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെയായാണ് ഇത് കാണപ്പെടുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലുണ്ടാവുന്ന മുഴയാണ് പ്രോസ്‌റ്റേറ്റ് കാന്‍സറായി പരിണമിക്കുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്കുള്ളില്‍ തന്നെയാണ് മുഴ വളരാറ്. എന്നാല്‍ മുഴ പുറത്തായാല്‍ ഇവ സമീപ അവയവങ്ങളിലേക്കും എല്ലുകളിലേക്കും വ്യാപിക്കുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സറിനെ സങ്കീര്‍ണമാക്കുന്നതും ഇതാണ്.

കാരണങ്ങള്‍

പ്രോസ്റ്റേറ്റ് കാന്‍സറിന്റെ കാരണം വ്യക്തമല്ല. പുരുഷ ഹോര്‍മോണ്‍  പ്രോസ്റ്റേറ്റ് ഗ്രന്ഥിയെയും അതിലെ കാന്‍സര്‍ കോശങ്ങളെയും ഉദ്ദീപിപ്പിക്കുന്നു. പ്രായം കൂടുന്നതാണ് ഏറ്റവും വലിയ അപകട ഘടകമായി കരുതുന്നത്. അമിതമായ മാംസാഹാരം-പ്രത്യേകിച്ച് ചുവന്ന മാംസം  കൊഴുപ്പുകൂടിയ ഭക്ഷണങ്ങള്‍ പഴങ്ങളുടെയും പച്ചക്കറിയുടെയും വിരളമായ ഉപയോഗം എന്നിവ പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കൂട്ടും. പത്ത് ശതമാനത്തില്‍ താഴെ ആളുകളില്‍ ചില പാരമ്പര്യ ഘടകങ്ങള്‍ (ഉദാ: ബി.ആര്‍.സി.എ. ജീന്‍) കാണുന്നു. അച്ഛനോ സഹോദരനോ അടുത്ത ബന്ധുക്കള്‍ക്കോ പ്രോസ്റ്റേറ്റ് കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ സാധ്യത കൂടുതലുള്ളതായി കണക്കാക്കും.

ലക്ഷണങ്ങള്‍ എന്ത്?

ചിലയിനം പ്രോസ്റ്റേറ്റ് കാന്‍സറുകള്‍ കാലങ്ങളോളം ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ നിലനില്‍ക്കും. മിക്ക പ്രോസ്റ്റേറ്റ് കാന്‍സറും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പുറത്ത് ബാധിക്കുന്നതിനാല്‍ പ്രാരംഭ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. എന്നാല്‍ കാന്‍സര്‍ അല്ലാത്ത പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ അന്തര്‍ഭാഗത്ത് മൂത്രനാളിക്ക് ചുറ്റും വരുന്നത് തുടക്കത്തിലെ ലക്ഷണങ്ങള്‍ കാണിക്കുന്നു. രോഗം വര്‍ധിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍, കൂടെക്കൂടെ മൂത്രമൊഴിക്കുക, അണുബാധ, മൂത്രത്തില്‍ രക്തത്തിന്റെ അംശം, നട്ടെല്ലിനും മറ്റും വേദന, എല്ല് പൊട്ടല്‍, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ കാണപ്പെട്ടേക്കാം.

രോഗ നിര്‍ണയം

രോഗലക്ഷണങ്ങള്‍ വിലയിരുത്തിയ ശേഷം ശാരീരിക പരിശോധന, രക്തപരിശോധന, സ്‌കാനിങ്, ബയോപ്‌സി എന്നിവ ചെയ്യും.

1.പി.എസ്.എ. പരിശോധന: പി.എസ്.എ. എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍നിന്നും ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ്. രക്തത്തില്‍ ഇതിന്റെ അളവ് സാധാരണ 4 നാനോഗ്രാം/മില്ലിലിറ്റര്‍ ആയിരിക്കും. പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളില്‍ പി.എസ്.എ. കൂടുതലായി കാണുന്നു. എന്നാല്‍ കാന്‍സറല്ലാത്ത സാധാരണ മുഴയിലും   മൂത്രതടസ്സം, അണുബാധ തുടങ്ങിയ കാരണങ്ങളിലും രക്തത്തില്‍ പി.എസ്.എ. അളവ് കൂടാം. അനുയോജ്യമായ ചികിത്സയ്ക്ക് ശേഷം ഇത് പൂര്‍വസ്ഥിതിയിലാകും. വളരെ കൂടിയ തോതിലുള്ള പി.എസ്.എ. (ഉദാ: 10ല്‍ കൂടുതല്‍), പെട്ടെന്നുള്ള പി.എസ്.എ. വര്‍ധന എന്നിവ കണ്ടാല്‍ വിശദ പരിശോധനകള്‍ നടത്തണം.

2.സ്‌കാനിങ്: അള്‍ട്രാസൗണ്ട് സ്‌കാനിങ് മുഖേന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പവും മുഴയുടെ സവിശേഷതകളും മനസ്സിലാക്കാന്‍ കഴിയും. വൃക്ക, മൂത്രസഞ്ചി പ്രവര്‍ത്തനവും വിലയിരുത്താം.

3.ബയോപ്‌സി: മരവിപ്പിച്ചതിന് ശേഷം പ്രത്യേകതരം സൂചി ഉപയോഗിച്ച്, മലദ്വാരത്തിലൂടെ നടത്തുന്ന ബയോപ്‌സി പരിശോധന വഴി രോഗം സ്ഥിരീകരിക്കുന്നു. ബയോപ്‌സി റിപ്പോര്‍ട്ട് പ്രകാരം രോഗം കാഠിന്യം കൂടിയവ, അല്ലാത്തവ എന്ന് തരം തിരിക്കാം.

രോഗനിര്‍ണയത്തിനുശേഷം, സി.ടി., എം.ആര്‍.ഐ., ബോണ്‍ സ്‌കാന്‍ എന്നീ പരിശോധനകള്‍ നടത്തി രോഗം പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ മാത്രം ഒതുങ്ങിയതാണോ, ചുറ്റുമുള്ള കഴലകളിലേക്കോ മറ്റ് അവയവങ്ങളിലേക്കോ പടര്‍ന്നിട്ടുണ്ടോ എന്നു വിലയിരുത്തും. പ്രാരംഭ ദശയിലുള്ള കാന്‍സര്‍ ഗ്രന്ഥിയില്‍ മാത്രം ഒതുങ്ങിയിരിക്കും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കഴലകളിലേക്കോ അസ്ഥികളിലേക്കോ വ്യാപിക്കും.

ചികിത്സ

ചികിത്സ നിര്‍ണയിക്കുന്നതിനു മുന്‍പ്, രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതി, മറ്റ് അനുബന്ധ രോഗങ്ങള്‍ എന്നിവ വിലയിരുത്തും. പ്രാരംഭദശയിലുള്ളതും ഗ്രന്ഥിയില്‍ മാത്രം ഒതുങ്ങിയിരിക്കുന്നതുമായ കാന്‍സര്‍ സര്‍ജറിയിലൂടെ  പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയും. ഈ രംഗത്ത് കീഹോള്‍ സര്‍ജറി, റോബോട്ടിക് സര്‍ജറി തുടങ്ങിയ ആധുനിക സാങ്കേതിക രീതികള്‍ വന്നുകഴിഞ്ഞു. ആരംഭ ദശയില്‍ത്തന്നെ, ശസ്ത്രക്രിയ സാധ്യമല്ലാത്തവര്‍ക്കും ശസ്ത്രക്രിയ വിജയിക്കാത്തവര്‍ക്കും റേഡിയേഷന്‍ ചികിത്സ നടത്തുവാന്‍ കഴിയും. നൂതന റേഡിയേഷന്‍ സംവിധാനങ്ങള്‍ വഴി മികച്ച രീതിയില്‍, പാര്‍ശ്വഫലങ്ങള്‍ കുറച്ചുകൊണ്ട് റേഡിയേഷന്‍ ചികിത്സ ലഭ്യമാണ്. ശസ്ത്രക്രിയയ്ക്കും റേഡിയേഷനും ശേഷം ഇടവിട്ടുള്ള കാലയളവില്‍ തുടര്‍പരിശോധന നടത്തേണ്ടതാണ്.

കൂടിയ സ്റ്റേജിലുള്ള കാന്‍സര്‍ പ്രധാനമായും ഹോര്‍മോണ്‍ ചികിത്സവഴി സുഖപ്പെടുത്തുവാനോ, തടുത്തുനിര്‍ത്തുവാനോ കഴിയും. പുരുഷഹോര്‍മോണ്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളെ ഉദ്ദീപിപ്പിക്കും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടയുന്നതിനായി ചെറിയ ശസ്ത്രക്രിയയിലൂടെ വൃഷണങ്ങള്‍ നീക്കം ചെയ്യുകയോ   കുത്തിവെപ്പുകള്‍ നടത്തുകയോ ചെയ്യാം. ഹോര്‍മോണ്‍ തടയാനുള്ള മരുന്നുകളും കഴിക്കേണ്ടതാണ്.

അസുഖം എല്ലുകളിലേക്ക് പടര്‍ന്നാല്‍ ഭവിഷ്യത്തുകള്‍ തടയാനായി ബിസ്‌ഫോസ്ഫണേറ്റ്  ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ ഉപയോഗിക്കും. പുതിയ മരുന്നായ ഡെനോസുമാബും  ഇപ്പോള്‍ ലഭ്യമാണ്. രോഗം കൂടിയ അവസ്ഥയിലെത്തുകയും ഹോര്‍മോണ്‍ ചികിത്സകൊണ്ട് ഫലം കിട്ടാതെ വരികയും ചെയ്യുമ്പോള്‍ കീമോതെറാപ്പി ചികിത്സ ചെയ്യും. പുതിയ മരുന്നുകളായ ഡോസി ടാക്‌സല്‍, കബാസി ടാക്‌സല്‍, അബിറാട്ടറോണ്‍ എന്നിവ രോഗം നിയന്ത്രിക്കാനും രോഗ ലക്ഷണങ്ങളില്‍നിന്നു മോചനം ലഭിക്കാനും സഹായിക്കും. 

പ്രായമായവരില്‍ പി.എസ്.എ. ടെസ്റ്റും ശാരീരിക പരിശോധനകള്‍ വഴിയും പ്രോസ്റ്റേറ്റ് കാന്‍സര്‍ നേരത്തെ കണ്ടെത്താം. 50 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി പി.എസ്.എ. ടെസ്റ്റു ചെയ്യുന്നത് സാധാരണമാണ്. ടെസ്റ്റ് റിസള്‍ട്ടില്‍ അസ്വാഭാവികതയുള്ളവര്‍ കൂടുതല്‍ പരിശോധന നടത്തണം. കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി കാണുന്നു. അടുത്ത ബന്ധുക്കള്‍ക്ക് അസുഖമുണ്ടായിരുന്നവര്‍ക്ക് നേരത്തേയുള്ള പരിശോധനകള്‍ ഗുണകരമായിരിക്കും.

Related posts