Nammude Arogyam
GeneralHealthy Foods

ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

ചർമ്മ പരിപാലനത്തിനായി പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ മാറി മാറി പരീക്ഷിക്കുന്നവരാണ് എല്ലാവരും തന്നെ. ഇന്ന് വിപണികളിൽ ലഭ്യമായ പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നമുക്ക് പുതുമയുള്ളതും മികവുറ്റതുമായ ചർമ്മസൗന്ദര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് നൽകുന്ന ഫലങ്ങൾ വെറും താൽക്കാലികം മാത്രമായി മാറിയിരിക്കുന്നു. പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എത്ര തന്നെ പരീക്ഷിച്ചു നോക്കിയാലും ചർമ്മ സ്ഥിതി ആരോഗ്യമുള്ളതല്ലെങ്കിൽ ഇതുകൊണ്ട് കാര്യമില്ല എന്നതാണ് വാസ്തവം. ആരോഗ്യമുള്ള ഒരു ചർമ്മ വ്യവസ്ഥിതി സ്വന്തമായി ഉണ്ടെങ്കിൽ നമ്മുടെ ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങളും താനേ കുറയും.

ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങളെ നൽകുക എന്നതാണ്. അതോടൊപ്പം നമ്മുടെ ചർമ്മത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ സംരക്ഷിച്ചു നിർത്തേണ്ടതും അത്യാവശ്യമാണ്. നമുക്കറിയാം, നിർജലീകരണം ആരോഗ്യത്തെ മാത്രമല്ല, സൗന്ദര്യത്തിനും ദോഷം വരുത്തുന്നതായി മാറും. ചർമത്തിന് സംഭവിക്കുന്ന നിർജലീകരണം കുറച്ചുകൊണ്ട് സ്വാഭാവികമായ രീതിയിൽ പരിപോഷിപ്പിക്കാനുള്ള ഒരു പ്രധാന മാർഗ്ഗമാണ് പതിവായി ഡിറ്റാക്സ് ഡ്രിങ്കുകൾ കഴിക്കുന്നത്. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഡിറ്റാക്സ് ഡ്രിങ്കുകൾ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നത് വഴി ചർമ്മ കോശങ്ങളെ പരിപോഷിപ്പിക്കുന്നു.

ചർമ്മത്തെ സ്വാഭാവികമായ രീതിയിൽ ആരോഗ്യമുള്ളതും സൗന്ദര്യമുള്ളതാക്കി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില ഡിറ്റാക്സ് പാനീയങ്ങളുണ്ട്. ഈ പാനീയങ്ങൾ ചർമ്മത്തെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കുകയും മികച്ച ആരോഗ്യസ്ഥിതി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. എപ്പോഴും അഴകുള്ളതും ചെറുപ്പമായി കാണപ്പെടുന്നതുമായ ചർമ്മത്തിനായി ദൈനംദിന ശീലങ്ങളിൽ ഉൾപ്പെടുത്തേണ്ട ചില ഡിറ്റോക്സ് പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1.വിറ്റാമിൻ സി സമ്പുഷ്ടമായ നാരങ്ങ ഡീറ്റോക്സ് ഡ്രിങ്ക്

സി വിറ്റാമിനുകൾ ചർമ്മത്തിന് ഏറ്റവും മികച്ച ആവശ്യകമായ ഒന്നാണ്. ആരോഗ്യവും അഴകാർന്ന ചർമത്തിനും മാത്രമല്ല, തലമുടിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനുമെല്ലാം വിറ്റാമിൻ സി വളരെ ആവശ്യമാണ്. ശരീരത്തെ മുഴുവനായി ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഈ പോഷകം നിരവധി ചർമ്മപ്രശ്നങ്ങളെ പ്രതിരോധിച്ചു നിർത്തുന്നതിന് സഹായകമാണ്. വിറ്റാമിൻ-സി സമ്പുഷ്ടമായ ഒരു ഡിറ്റാക്സ് പാനീയമാണ് തിരയുന്നതെങ്കിൽ ഒരു ഗ്ലാസിൽ വെള്ളെമെടുത്ത് അതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക. അതോടൊപ്പം വേണമെങ്കിൽ ഓറഞ്ച്, പൈനാപ്പിൾ, കിവി, തുടങ്ങിയ പഴങ്ങൾ ചെറിയ കഷണങ്ങളാക്കി അരിഞ്ഞു ചേർക്കുകയും ചെയ്യാം. ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കുടിക്കാം. ചേർക്കുന്ന പഴങ്ങൾ എപ്പോഴും ഫ്രഷ് തന്നെയാണെന്ന് ഉറപ്പാക്കുക. കൂടാതെ ഈ ഡ്രിങ്ക് കൂടുതൽ പ്രയോജനകരമാക്കാൻ ഒരു സ്പൂൺ ചിയ വിത്തുകൾ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. ചിയ വിത്തുകൾ ചർമ്മത്തിനും ആന്തരിക ആരോഗ്യത്തിനും നല്ലതാണ്.

2.ആപ്പിൾ സിഡെർ വിനെഗർ ഡ്രിങ്ക്

ചർമ്മാരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഏറ്റവും പ്രചാരമുള്ള ടോണിക്കുകളിലൊന്നാണ് ആപ്പിൾ സിഡർ വിനെഗർ. ഇത് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ വെറും വയറ്റിലാണ്. ആപ്പിൾ സിഡെർ വിനെഗർ പതിവായി കഴിക്കുന്ന ശീലം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം മുഖക്കുരുവും ചർമ്മത്തിന്റെ മറ്റ് അവസ്ഥകളും അകറ്റി നിർത്താൻ സഹായിക്കുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളാനും സഹായിക്കും. ഈ ആപ്പിൾ സിഡെർ വിനെഗർ ഡിറ്റാക്സ് ഡ്രിങ്ക് നിർമ്മിക്കാനായി വെള്ളം നിറച്ച കുപ്പിയിൽ 1-2 സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചേർക്കുക. ഈ പാനീയം രുചികരമാക്കാനായി ഒരു ടേബിൾസ്പൂൺ തേൻ കൂടി ചേർക്കാവുന്നതാണ്. അതിരാവിലെ തന്നെ പതിവായി ഇത് കുടിക്കുന്നതാണ് ഏറ്റവും ഉചിതം.

3.കുക്കുമ്പർ-നാരങ്ങ-പുതിന പാനീയം

കുക്കുമ്പർ, നാരങ്ങ എന്നിവയുടെ മിശ്രിതം ശരീരത്തിനുള്ള ഒരു ഡിടോക്സിഫയർ ഡ്രിങ്കാണ്. ഇത് ചർമ്മം, മൂത്രസഞ്ചി, വൻകുടൽ എന്നിവയിൽ അവശേഷിക്കുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവ് ഉത്തേജിപ്പിക്കുന്നു. ഈ ഡ്രിങ്കിൽ പുതിനയില ചേർക്കുന്നത് ചർമ്മത്തിന് ഏറ്റവും ഗുണം നൽകുന്ന പ്രവർത്തികളിൽ ഒന്നാണ്. കാരണം പുതിനയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. മാത്രമല്ല ഇതിൽ ശരീരത്തെയും ചർമ്മത്തെയും സംരക്ഷിക്കുന്നതിനാവശ്യമായ ആന്റിഓക്‌സിഡന്റുകളെല്ലാം അടങ്ങിയിട്ടുണ്ട്.

ഒരു പാത്രത്തിൽ ആവശ്യത്തിന് കുടിവെള്ളം എടുത്ത് ഇതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞ് ചേർക്കാം. കുറച്ച് വെള്ളരി കഷ്ണങ്ങൾ കൂടി ചേർത്ത് ഇത് നന്നായി മിക്സ് ചെയ്യുക. ഒരു പിടി കഴുകിയ പുതിന ചേർക്കുന്നത് ഈ പാനീയം സുഗന്ധ തീവ്രമാക്കി മാറ്റും. ഇത് നന്നായി ഇളക്കിയ ശേഷം കുടിക്കാം.

4.​ഗ്രീൻ ഡീറ്റോക്സ് ഡ്രിങ്ക്

പച്ചിലകൾ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ശരീരത്തിൽ നിന്ന് വിഷാംശത്തെ പുറന്തള്ളാനും അകത്ത് നിന്ന് ചർമ്മത്തിന് അധിക തിളക്കം നൽകാനുമെല്ലാം ദിവസവും രാവിലെ പച്ചിലകൾ ചേർത്ത ഒരു ഡിറ്റോക്സ് ഡ്രിങ്ക് കഴിക്കാൻ ശ്രമിക്കുക. ഇത് തയ്യാറാക്കാനായി ഒരു ഗ്രൈൻഡറിൽ കുറച്ച് ചീര ഇലകൾ ചേർത്ത് ഇതിലേക്ക് കുക്കുമ്പർ കഷ്ണങ്ങളും ഒരു ഇഞ്ച് നീളത്തിൽ ഇഞ്ചി, അല്പം മഞ്ഞൾ, കുറച്ച് മല്ലിയില അല്ലെങ്കിൽ സെലറി തണ്ടുകൾ എന്നിവയോടൊപ്പം കുറച്ച് വെള്ളവും ചേർത്ത് ജ്യൂസ് അടിച്ചെടുക്കാം. ഒരു ഗ്ലാസിലേക്ക് ജ്യൂസ് അരിച്ചെടുത്ത് കുറച്ച് തുള്ളി നാരങ്ങ നീര് ചേർത്ത ശേഷം കുടിക്കാം. ഒരു മാസത്തേക്ക് തുടർച്ചയായി അതിരാവിലെ ഇത് കഴിക്കുന്നത് ചർമ്മത്തിന് മികച്ച ഫലങ്ങൾ നൽകും.

5.സരസഫലങ്ങൾ ചേർത്ത ഡിറ്റോക്സ് ഡ്രിങ്ക്

സരസഫലങ്ങളുടെ ഗുണം ഉൾക്കൊള്ളുന്ന ഒരു ഡിറ്റാക്സ് ഡ്രിങ്ക് പതിവായി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സി യുമൊക്കെ നൽകും. അവശ്യ ഗുണങ്ങളാൽ സമ്പന്നമായ ഈ പാനീയം കഴിക്കാൻ ഏറ്റവും രുചികരമായ ഒന്നു കൂടിയായിരിക്കും. സ്ട്രോബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ സരസ ഫലങ്ങളിൽ നിന്ന് പ്രിയങ്കരമായവ തിരഞ്ഞെടുക്കുക. അവ ചെറിയ കഷണങ്ങളായി മുറിച്ച് വെള്ളത്തിൽ ചേർക്കുക. തുളസിയില, നാരങ്ങ നീര്, ഒരു നുള്ള് കറുവപ്പട്ട പൊടിച്ചത് എന്നിവ ചേർത്ത് രുചിയും സുഗന്ധവും വർദ്ധിപ്പിക്കാം.

മുകളിൽ പറഞ്ഞ പാനീയങ്ങൾ എല്ലാം പതിവായി കഴിക്കുന്നത് വഴി പല ചർമ്മ പ്രശ്നങ്ങളെയും സ്വാഭാവികമായി തന്നെ നേരിടാൻ പ്രാപ്തമായ ആരോഗ്യസ്ഥിതിയുള്ള ചർമ്മം സ്വന്തമാക്കാൻ സഹായിക്കും.

Related posts