Nammude Arogyam
General

കൊറോണക്കാലത്തെ ഫോർമാലിൻ ചേർത്ത പെടക്കണ മീനുകൾ-രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളിതാ

മനുഷ്യരെ സംബന്ധിച്ച് ഋതുക്കൾ എത്ര മാറിമറിഞ്ഞാലും നഷ്ടപ്പെടാത്ത ചില കലാരൂപങ്ങളുണ്ട്. അത്തരം കലാരൂപങ്ങളിൽപ്പെട്ടതാണ് പറ്റിപ്പ്, ഉഡായിപ്പ് തുടങ്ങിയവയെല്ലാം. അത് ജീവിതത്തിന്റെ പലയിടങ്ങളിൽ അങ്ങനെ വ്യാപിച്ച് കിടക്കുന്നു. ഇത്തരം പറ്റിപ്പുകളൊക്കെ ഭയങ്കര തെറ്റാണെന്നും, അത്തരം മോശം അനുഭവങ്ങൾ മറ്റാർക്കും ഒരിക്കലും ഉണ്ടാകരുതേ എന്നുമൊക്കെ നമ്മൾ ചിന്തിക്കണമെങ്കിൽ പണി നമുക്ക് തന്നെ കിട്ടണം. നിലവിൽ ഇപ്പോൾ നാമെല്ലാവരും വളരെ മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ മോശം സമയത്ത് പോലും നമ്മൾ പറ്റിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവശ്യ വസ്തുക്കൾക്ക്  അമിത വില ഈടാക്കുക, ആഹാരാവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളിൽ മായം ചേർക്കുക തുടങ്ങിയവയെല്ലാം ഈ കൊറോണക്കാലത്തും നാം കണ്ടതും അനുഭവിച്ചതുമാണ്. ഇങ്ങനെയുള്ള പറ്റിക്കലിന് നാം കൂടുതലായും ഇരയായത് മീനുകൾ വാങ്ങിക്കുമ്പോഴായിരുന്നു. ഈ മഹാമാരിക്കലത്തും കെമിക്കലുകൾ ചേർത്ത മീനുകളായിരുന്നു നമുക്ക് കൂടുതലായും ലഭിച്ചിരുന്നത്.

ഇതുപോലെ സമാനതകളില്ലാത്ത ഒരു സാഹചര്യത്തിൽ ജീവിക്കുമ്പോൾ അന്നത്തിൽ വിഷം ചേർക്കുക എന്നത് മാപ്പർഹിക്കാത്ത തെറ്റാണ്. ഫോർമാലിനും, അമോണിയയും കുത്തിനിറച്ച് അങ്ങേയറ്റം വിഷമയമാക്കിയ മീനുകൾ വിൽപ്പനക്കെത്തിച്ച നിരവധി കച്ചവടക്കാരാണ് കേരളത്തിൽ പിടിയിലായത്. ഇത്തരക്കാർ നിയമ നടപടികൾക്ക് വിധേയരായി നന്നാവുമെന്നു വെറുതെ പ്രതീക്ഷിക്കുന്നതിനേക്കാൾ നമുക്ക് ചെയ്യാനാകുന്ന മറ്റൊരു കാര്യമുണ്ട്. നാം എങ്ങനെ പറ്റിക്കപ്പെടുന്നു എന്ന് മനസ്സിലാക്കി അതിൽ നിന്ന് രക്ഷപ്പെടുക. ഫോർമാലിൻ ചേർത്ത മീനുകൾ അബദ്ധത്തിൽ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യാതിരിക്കാൻ താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധിക്കുക.

എന്താണ് ഫോർമാലിൻ?

ഫോർമിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. വിവിധ ശരീരഭാഗങ്ങൾ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോർമാലിൻ ലായനിയിലാണ്. ഇത്ര അളവാണെങ്കിൽ പോലും ഇത് കുറേക്കാലം കേടുകൂടാകാതെയിരിക്കും. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോർമാലിൻ ലായനിയിലാണ്. ഈ ലായനിയിൽ ആറുമാസത്തിൽ കൂടുതൽ മൃതദേഹങ്ങൾ കേടുകൂടാകാതെ സൂക്ഷിക്കാൻ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോർമാലിനാണ്.

ഫോർമാലിൻ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾഎന്തെല്ലാം?

വലിയ വിലയൊന്നുമില്ലാത്ത സാധാനമായതിനാൽ ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. മീനിലാണ് പ്രധാനമായും ഇത് ഉപയോഗിക്കപ്പെടുന്നത്. ചെറിയ അളവിലാണെങ്കിൽ പോലും ഫോർമാലിൻ പതിവായി ശരീരത്തിലെത്തിയാൽ വളരെ വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ത്വക്ക് രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ, അൾസർ തുടങ്ങിയവയും തലച്ചോറിനെ സാരമായി ബാധിക്കുന്ന ഓർമ്മക്കുറവിനും ഇത് കാരണമാകുന്നു. ഫോർമാലിൻ ചേർത്ത മീൻ, ഇറച്ചി മുതലായവ കൈകാര്യം ചെയ്യുന്നവരിൽ ചർമ്മവീക്കവും, കണ്ണുകളിലെ അസാധാരാണമായ നനവും കണ്ടുവരുന്നു. കൂടാതെ നാസോഫറിംഗൽ കാർസിനോമ, വയറിളക്കം തുടങ്ങിയവയഫോർമാലിൻ മൂലം സംഭവിക്കാം.

ഫോർമാലിൻ ചേർത്ത മീൻ എങ്ങനെ കണ്ടുപിടിക്കാം?

കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീൻ നല്ലതാണോ എന്ന് തിരിച്ചറിയുന്നത്. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ മത്സ്യത്തിൻറെ കണ്ണിനു നിറവ്യത്യാസം കാണാനാകും. സ്വാഭാവിക മണവും ചെതുമ്പലിന്റെ സ്വാഭാവിക നിറവും നഷ്ടമാകും. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ ദശ കട്ടിയായി അനുഭവപ്പെടുകയും ചെയ്യും. പാചകം ചെയ്യുന്നതിനു മുമ്പായി മീനിൻറെ ആന്തരികാവയവങ്ങൾ നീക്കം ചെയ്യുമ്പോൾ നട്ടെല്ലിൻറെ ഭാഗത്തു നിന്നു വരുന്ന രക്തത്തിന് നിറവ്യത്യാസമുണ്ടെങ്കിൽ മീൻ പഴകിയതാണെന്ന് മനസിലാക്കാം. ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ നാറ്റം അനുഭവപ്പെടും. സാധാരണയായി ഫോർമാലിൻ ഐസുമായി ചേർത്താണ് ഉപയോഗിക്കുന്നത്. വെള്ളത്തിൽ ലയിക്കുന്ന വസ്തുവായതിനാൽ 10-12 മിനിറ്റ് ടാപ്പ് വെള്ളത്തിൽ കഴുകുന്നത് ഫോർമാലിൻ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും. കൂടാതെ 75 ഡിഗ്രി സെന്റിഗ്രേഡിന് മുകളിൽ പാചകം ചെയ്യുന്നതും ഫോർമാലിൻ നീക്കം ചെയ്യാൻ സഹായിക്കും. ഫോർമാലിൻ ഉപയോഗിക്കുന്ന മീനുകളുടെ മാംസഭാഗങ്ങൾക്ക് മങ്ങലേൽക്കുന്നതും, മാംസം കട്ടിയാകുന്നതും ഫോർമാലിനടങ്ങിയവ വേർതിരിച്ചെടുക്കാൻ സഹായകരമാണ്. കെമിക്കൽ പരിശോധനയ്ക്കായി നിലവിൽ റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ വിപണിയിൽ ലഭ്യമാണ്. ഇതുപയോഗിച്ചും മീനിലടങ്ങിയിരിക്കുന്ന ഫോർമാലിൻ കണ്ടെത്താനാകും.

മീനിലെ ഫോർമാലിനും അമോണിയയും കണ്ടെത്താൻ ഫിഷ് ടെസ്റ്റ് കിറ്റ്

മീനിൽ അമോണിയയും, ഫോർമാലിനും ചേർത്തിട്ടുണ്ടോ എന്ന് നമുക്ക് വീട്ടിലിരുന്നും കണ്ടുപിടിക്കാം. അതിനായുള്ള ഫിഷ് ടെസ്റ്റ് കിറ്റ് ഇന്ന് വിപണിയിൽ ലഭ്യമാണ്. കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ് കിറ്റ് വികസിപ്പിച്ചത്. പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയാൽ ഉടൻ തന്നെ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറെ വിവരമറിയിക്കുക. കിറ്റിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.

1. കിറ്റിന്റെ കാലാവധി ഒരു മാസമാണ്.

2. ഒരു കിറ്റിൽ 12 പേപ്പർ സ്ട്രിപ്പും രാസലായനിയും നിറം മാറുന്നത് ഒത്തുനോക്കാനുള്ള കളർചാർട്ടും ഉണ്ടായിരിക്കും.

3. അമോണിയയ്ക്കും ഫോർമാലിനും വേവ്വേറെ  രാസലായനികളാണുള്ളത്.

4. 20 സെക്കൻഡിൽ ഫലം അറിയാം. ഒരു സ്ട്രിപ്പ് ഒറ്റത്തവണയേ ഉപയോഗിക്കാനാവൂ.

5. കാലാവധി കഴിഞ്ഞാൽ കളർചാർട്ടിലെ നിറങ്ങളൊന്നും പരിശോധനയിൽ കാണില്ല.

6. അമോണിയ പരിശോധന- സ്ട്രിപ്പ് മീനിന്റെ പുറത്ത് മൂന്നുനാലു പ്രാവശ്യം ഉരസണം. ഈ സ്ട്രിപ്പിലേക്ക് എ കുപ്പിയിലെ രാസലായനി ഒരു തുള്ളി ഒഴിക്കുക. സ്ട്രിപ്പിന്റെ നിറം മാറിയില്ലെങ്കിലോ പച്ച നിറമാണെങ്കിലോ മീനിന് കുഴപ്പമില്ല. നീല നിറം വന്നാൽ അമോണിയ ഉണ്ട്‌. നീലനിറം കടുത്താൽ അമോണിയയുടെ അളവ് മാരകം.

7. ഫോർമാലിൻ പരിശോധന- കിറ്റിലെ ബി-കുപ്പിയിൽ എ-കുപ്പിയിലെ ലായനി ഒഴിക്കുക. രണ്ടു മിനിറ്റ് നന്നായി കുലുക്കി യോജിപ്പിക്കുക. സ്ട്രിപ്പ് മീനിനു മേൽ മൂന്നുനാലു വട്ടം ഉരസുക. സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കുക. നിറം മാറ്റമില്ലെങ്കിലോ മഞ്ഞനിറമോ ആയാൽ മീനിന് കുഴപ്പമില്ല. നീലയായാൽ മാരകമായ അളവിൽ ഫോർമാലിൻ ഉണ്ട്.

മീനായാലും, മറ്റെന്ത് ഭക്ഷണസാധനമായാലും വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. കച്ചവടക്കാരുടെ കപട വാക്കുകളിൽപ്പെട്ട് വഞ്ചിതരാകാതിരിക്കാൻ നാം സ്വയം ശ്രദ്ധിക്കുക.

Related posts