Nammude Arogyam
General

ഓരോ തുള്ളി രക്തത്തിലും ഒരു ജീവൻ്റെ തുടിപ്പ്

രാമേട്ടാ….. രാമേട്ടാ…..

ആരാ ഈ നേരത്ത് കതകിൽ മുട്ടുന്നത് , എന്തെങ്കിലും പ്രശ്നമുണ്ടാവോ ? തുറന്ന് നോക്കട്ടെ. അല്ല…. ഇതാരാ പ്രിൻസോ , എന്താടാ ഈ നേരത്ത്.

നിങ്ങൾ ഒരു ഷർട്ടിട്ട് ഇറങ്ങിന്, നമ്മുടെ കുഞ്ഞാലിക്കാൻ്റെ മകൻ ഷമീറിന് ഒരു ആക്സിഡൻ്റ് , കൂട്ടുകാരുടെ കൂടെ ബൈക്ക് എടുത്തിട്ട് കറങ്ങാൻ പോയതാ. ഒരുപാട് രക്തം പോയിക്കിണ്. അവൻ്റെതാണെങ്കിൽ തീരെ കിട്ടാത്ത രക്ത ഗ്രൂപ്പും ആണ്. അപ്പോഴാണ് സേതുവേട്ടൻ നിങ്ങടെ കാര്യം പറഞ്ഞത്, 2 പേരുടെയും ഒരേ ഗ്രൂപ്പാണെന്ന്. വേഗം വരിന് സംസാരിച്ച് നിൽക്കേണ്ട സമയമല്ലിത് രക്തം കിട്ടിയിട്ട് വേണം ഓപ്പറേഷൻ നടത്താൻ.

എടീ വാതിലടച്ച് കിടന്നൊ ഞാൻ പോയിട്ട് വരാം ഒരു ജീവൻ്റെ കാര്യമല്ലെ …….

ഇത് പോലെ നിങ്ങളിലുമുണ്ടാകും ഒരു രാമൻ. രക്തം ദാനം ചെയ്യുന്നത് വഴി നിങ്ങൾ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. അത് കൊണ്ട് തന്നെ രക്തദാനം മഹത്തായ കാര്യമാണ്. ഒരു പക്ഷെ നിങ്ങളുടെ രക്തം മറ്റൊരു വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ്. നിങ്ങളുടെ രക്തത്തിലെ ഘടകങ്ങൾ ചുവന്ന കോശങ്ങളായും, പ്ലേറ്റ്ലറ്റുകളായും, പ്ലാസ്മയായും വേർതിരിച്ചാൽ ഒരേ സമയം പലർക്കും ഗുണകരമാകും.

ഒരു വ്യക്തി നൽകുന്ന ഒരു യൂണിറ്റ് രക്തത്തിലൂടെ 4 വ്യക്തികളുടെ ജീവനാണ് നിലനിർത്താൻ സാധിക്കുക. 18-65 വയസ്സ് വരെ കൃത്യമായി രക്തദാനം ചെയ്യുന്നത് വഴി ഒരു വ്യക്തിക്ക് 300 ജീവനുകൾ രക്ഷിക്കാൻ സാധിക്കും.രക്തദാനത്തിൻ്റെ മഹത്വം പുതുക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ജൂൺ 14 ലോക രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നത്.

അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്, പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു.

ജീവൻ രക്ഷിക്കാൻ മനുഷ്യരക്തം ആവശ്യമാണ്. ഒരുൽപ്പം ഭയം തോന്നുമെങ്കിലും രക്തദാനം എന്നത് വളരെ സുരക്ഷിതവും ലളിതവുമാണ്. എന്നാൽ ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റായ വിവരങ്ങളും ജനങ്ങളിൽ ഭയം നിറയ്ക്കുകയും ആളുകൾ രക്തദാനത്തിനായി മുന്നോട്ട് വരാതിരിക്കുകയും ചെയ്യാൻ കാരണമാണ്. ഇതൊരു ലളിതമായ പ്രക്രിയയാണെങ്കിലും രക്തദാതാവിൻ്റെയും സ്വീകർത്താവിൻ്റെയും സുരക്ഷിതത്ത്വം ഉറപ്പ് വരുത്തുന്നതിനായി ചില നിയമങ്ങളും വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.

ഒരു വ്യക്തിക്ക് മാത്രമേ അവനെ അലട്ടുന്ന രോഗങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ. സുരക്ഷിതമായ രക്തം മാത്രമേ ദാനം ചെയ്യാവൂ.അതിനാലാണ് മറ്റു രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി രക്തദാനം നടത്തുന്നത്.

മലേറിയ, എച്ച് ഐ വി, മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം നല്‍കുകയുള്ളു. അര്‍പ്പണ ബോധമുള്ള ചുരുക്കം ചിലര്‍ മാത്രമാണ് രക്തദാനത്തിനു മുന്നോട്ടുവരുന്നത്. ഇവര്‍ നല്‍കുന്നത് ആവശ്യമുള്ള രക്തത്തിന്‍റെ അളവിനെക്കാള്‍ വളരെക്കുറവാണ്. ജനസംഖ്യയുടെ ഒരു ശതമാനമെങ്കിലും രക്തദാനത്തിനു തയ്യാറായാല്‍ മാത്രമേ ആവശ്യത്തിന് രക്തം ആശുപത്രികള്‍ക്ക് ലഭ്യമാക്കാനാവൂ.

ഒ-പോസിറ്റീവ് (O +ve), ഒ-നെഗറ്റീവ് (O -ve), ബി-പോസിറ്റീവ് (B +ve), ബി-നെഗറ്റീവ് (B -ve), എ-പോസിറ്റീവ് (A +ve), എ-നെഗറ്റീവ് (A -ve), എ ബി-പോസിറ്റീവ് (AB +ve), എ ബി-നെഗറ്റീവ് (AB-ve) എന്നിവയാണ് രക്തഗ്രൂപ്പുകള്‍. ‘എ,ബി,ഒ” (A.B.O) വ്യവസ്ഥയില്‍ ‘എ ബി’ (AB) ഗ്രൂപ്പാണ് ഏറ്റവും വിരളം. നമ്മുടെ ജനസംഖ്യയില്‍ ‘ഒ” (O) ഗ്രൂപ്പുകാര്‍ 42 ശതമാനം വരും.

‘ബി” (B) ഗ്രൂപ്പ് 27 ശതമാനം, ‘എ” (A) ഗ്രൂപ്പ് 25 ശതമാനം, ‘എ ബി’ (AB) ഗ്രൂപ്പ് ആറു ശതമാനം എന്നിങ്ങനെയാണ് കണക്ക്

റോഡ് ആക്സിഡന്റുകളിൽ നിന്നും മാത്രം എത്രയോ പേർ ദിവസവും ആശുപത്രികളിൽ എത്തുന്നു. മറ്റുള്ള അപകടങ്ങൾ വേറെ. ഇവരിൽ എത്ര പേർക്ക് രക്തം ആവശ്യമുണ്ടാകാം. ചിലപ്പോൾ ഇതിൽ ഏതെങ്കിലും ഒരാൾ നിങ്ങളുടെ പരിചയക്കാരനാകാം. ഇതിൽ ഒരാളെയെങ്കിലും സഹായിക്കാൻ ഒരുപക്ഷെ നിങ്ങൾക്ക് ആയേക്കും. ഒരു രക്തദാതാവിന് മൂന്ന് ജീവനുകളോളം രക്ഷിക്കാനാകും എന്നതും ഓർക്കുക.

Related posts