മതിയെടി അച്ചാർ കഴിച്ചത്. ഇങ്ങനെ എരിവ് കഴിച്ചാൽ വല്ല അൾസറും വരും പെണ്ണേ. പിന്നെ ഒരു ഭക്ഷണവും കഴിക്കാൻ പറ്റാണ്ടാകും .
ഓ പിന്നെ….. ആര് പറഞ്ഞു വരുമെന്ന് ? ഇവിടെ വന്ന് ഇരിക്ക് , എന്നിട്ട് ഇതൊന്ന് വായിച്ച് നോക്ക് അപ്പൊ അറിയാം വരുമോ ഇല്ലയോ എന്ന് .
മലയാളികൾക്ക് പൊതുവേ എരിവും പുളിയുമുള്ള ഭക്ഷണങ്ങളോടാണ് പ്രിയം കൂടുതൽ. അതുകൊണ്ടുതന്നെ മിക്ക കേരളീയ വിഭവങ്ങളിലും മസാലക്കൂട്ടുകൾ നന്നായി ചേർന്നിട്ടുണ്ടാകും. മുളകിൽ അടങ്ങിയിട്ടുള്ള കപ്‌സൈസിൻ capsaicin എന്ന ഘടകമാണ് ചവച്ചിറക്കുമ്പോൾ ചൂടേറിയ സ്വാദ് സമ്മാനിക്കുന്നത്. ഇത് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ധാരണകളും നിലവിലുണ്ട്. “സ്‌പൈസി ഫുഡ്” എന്ന ഓമനപ്പേരുള്ള ഭക്ഷണങ്ങളെപ്പറ്റി കേട്ടുവരുന്നതൊക്കെ ശരിയാണോ എന്നു പരിശോധിക്കാം.
“എരിവുള്ള ഭക്ഷണം അൾസറുണ്ടാക്കും”
തെറ്റ്.
ആഹാരം മൂലമല്ല, മറിച്ച് ചില ബാക്ടീരിയകൾ മൂലമാണ് മിക്കവാറും അൾസറുണ്ടാകുന്നത്. കൂടാതെ ആസ്പിരിൻ, ഇബുപ്രോഫിൻ തുടങ്ങിയ മരുന്നുകളും പുകയിലയുടെ ഉപയോഗവും അൾസറിന് കാരണമാകാറുണ്ട്.
“എരിവും പുളിയും അസിഡിറ്റി ഉണ്ടാക്കും”
തെറ്റ്.
ഇത്തരം ഭക്ഷണം അസിഡിറ്റി ഉണ്ടാക്കുന്നില്ല, മറിച്ച് അസിഡിറ്റി നേരത്തേ ഉള്ളവർക്ക് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എരിവുള്ള ഭക്ഷണം എണ്ണയിൽ വറുത്തെടുക്കുമ്പോൾ അസ്വസ്ഥത വഷളാവാറുണ്ട്.
ചിലർക്ക് ഉദര രോഗങ്ങൾ ഒന്നുമില്ലെങ്കിലും എരിവ് താങ്ങാൻ ജന്മനാ വിഷമമാണ്. അക്കൂട്ടർ അല്പം bland (എരിവ് കുറഞ്ഞ) ഭക്ഷണമാണ് കഴിക്കേണ്ടത്.
“എരിവുള്ള ഭക്ഷണം പ്രസവം വേഗത്തിലാക്കും”: തെറ്റ്.
ആമാശയവും ഗർഭപാത്രവും തമ്മിൽ നേരിട്ട് യാതൊരു ബന്ധവുമില്ലെന്നറിയുക. പ്രസവം എളുപ്പത്തിലാക്കാൻ എരിവും പുളിയുമുള്ള ഭക്ഷണം നന്നായി കഴിച്ചേക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതേയാണ്.
“ഭാരം കുറയ്ക്കാൻ ഉത്തമം”:
തെറ്റ്.
ഭാരം കുറയണമെങ്കിൽ കഴിക്കുന്ന കലോറി കുറയ്ക്കണം. പ്രത്യേകിച്ചും അന്നജം(അരി, കപ്പ, റൊട്ടി, മൈദ), കൊഴുപ്പ് (എണ്ണ, നെയ്യ്, വെണ്ണ, നെയ്യുള്ള ഇറച്ചി), മധുരം എന്നീ രൂപങ്ങളിൽ വരുന്ന കലോറികളെ.
“രുചിമുകുളങ്ങളെ നശിപ്പിക്കും”:
തെറ്റ്.
കപ്‌സൈസിൻ നല്ല അളവിൽ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ, ചൂടു തട്ടുമ്പോൾ ചെയ്യുന്നത് പോലെ രുചിമുകുളങ്ങൾ തെല്ലുനേരത്തേക്ക് മരവിച്ചേക്കാമെങ്കിലും അവ നശിച്ചുപോകുന്നില്ല.
ചുരുക്കിപ്പറഞ്ഞാൽ നിയന്ത്രിത അളവിൽ എരിവും പുളിയും മസാലകളും കഴിക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്‌നമൊന്നുമില്ല. ഇത്തരം ഭക്ഷണം അസ്വസ്ഥകളുണ്ടാക്കിയാൽ അതിനെ കുറയ്ക്കാൻ ഏറ്റവും ഉത്തമം വെള്ളമാണ്. അല്ലെങ്കിൽ പാലോ, തൈരോ കൂടെ ഉപയോഗിക്കാം.