കോവിഡ് പ്രതിരോധത്തില്‍ ഒരു പടി കൂടി മുന്നോട്ട് നീങ്ങിയിരിക്കുകയാണ് രാജ്യം. എല്ലാവര്ക്കും കോവിഡ് പരിശോധന എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) രാജ്യത്തെ ആദ്യത്തെ കോവിഡ് -19 സ്വയം പരിശോധനാ കിറ്റിന് അംഗീകാരം നല്കി. ഇതുപയോഗിച്ച് രോഗലക്ഷണമുള്ള ആര്‍ക്കും സ്വന്തം സ്രവ സാമ്പിള്‍ ശേഖരിച്ച് കോവിഡ് പരിശോധന നടത്താം. 250 രൂപയാണ് ഈ കിറ്റിന് നിലവില്‍ വില നിശ്ചയിച്ചിരിക്കുന്നത്.
പല സംസ്ഥാനങ്ങളും അണുബാധയുടെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുകയാണ്. ആയതിനാൽ കോവിഡ് -19 പരിശോധനയ്ക്കുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ 3-4 ദിവസമെടുക്കും. ഇത്, രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കുന്നതിനും ചികിത്സ ലഭിക്കുന്നതിനും കാലതാമസം നേരിടുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ പുറത്തിറക്കിയ സ്വയം പരിശോധനാ കിറ്റുകള്‍ കോവിഡ് -19 പ്രതിരോധത്തിലേക്കുള്ള ഒരു മികച്ച ചുവടുവയ്പ്പായി കണക്കാക്കാം. ഇവയിലൂടെ, ലബോറട്ടറികളിലെ തിരക്ക് കുറയ്ക്കാനും ചെലവ് കുറയ്ക്കാനും സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. 15 മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ നല്‍കാനും ഇതിന് സാധിക്കും. ഇത്തരത്തിലൊരു സ്വയം പരിശോധനാ കിറ്റ് കഴിഞ്ഞ നവംബറില്‍ യു.എസില്‍ ആദ്യമായി അംഗീകരിച്ചിരുന്നു. യൂറോപ്പിലും ദക്ഷിണ കൊറിയയിലും സമാനമായ ആന്റിജന്‍ കിറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
‘കോവിസെല്‍ഫ്’ എന്ന് വിളിക്കുന്ന ഈ കിറ്റ്, പൂനെ ആസ്ഥാനമായുള്ള മോളിക്യുലാര്‍ കമ്പനിയായ മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് വികസിപ്പിച്ചെടുത്തത്. ഇത് ഒരു റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്കായി ഉപയോഗിക്കുന്നു. മൂക്കിലെ സ്രവ സാമ്പിള്‍ ഉപയോഗിച്ച് പരിശോധിച്ചാല്‍ 15 മിനിറ്റിനുള്ളില്‍ തന്നെ ഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. പരിശോധന നടത്താന്‍ രണ്ട് മിനിറ്റ് പോലും സമയം എടുക്കുന്നില്ലെന്നതും പ്രത്യേകതയാണ്.
‘കോവിസെല്‍ഫ്’ ടെസ്റ്റിംഗ് കിറ്റിന് 250 രൂപയാണ് വില. ആര്‍ടി-പിസിആര്‍ ടെസ്റ്റിന് 400 മുതല്‍ 1,500 രൂപ വരെ വിവിധയിടങ്ങളില്‍ ഈടാക്കുന്നതിനാല്‍ തികച്ചും ചെലവ് കുറവുള്ള ഒരു പരിശോധനാ ഉപാധിയാണ് ഈ കിറ്റ്. ഉടന്‍ തന്നെ കിറ്റ് വിപണിയില്‍ ലഭ്യമാകും. മൈലാബിന്റെ നിലവിലെ ഉല്പാദന ശേഷി ആഴ്ചയില്‍ 70 ലക്ഷം കിറ്റാണ്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ആഴ്ചയില്‍ ഒരു കോടി കിറ്റുകള്‍ വരെ തയാറാക്കാന്‍ പദ്ധതിയിടുന്നു. ഇന്ത്യയിലെ കുറഞ്ഞത് ഏഴ് ലക്ഷം കെമിസ്റ്റുകളിലും ഇ-ഫാര്‍മസി പോര്‍ട്ടലുകളിലും കിറ്റുകള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങളുള്ളവരോ പോസിറ്റീവ് ആയ രോഗികളുടെയൊപ്പം കഴിയുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ളവരോ ആയവര്‍ക്ക് മാത്രമേ ആന്റിജന്‍ പരിശോധന നടത്താന്‍ ഐ.സി.എം.ആര് നിര്ദ്ദേശിച്ചിട്ടുള്ളൂ. പരിശോധനയില്‍ പോസിറ്റീവ് ആണെങ്കില്‍, സ്ഥിരീകരണ പരിശോധനയായി ആര്‍ടി-പിസിആര്‍ ആവശ്യമില്ല. ഈ പരിശോധന ‘കോവിസെല്‍ഫ്’ എന്ന മൊബൈല്‍ അപ്ലിക്കേഷനുമായി സമന്വയിപ്പിച്ചിരിക്കുന്നതാണ്. അതിനാല്‍, ഇത് ഐ.സി.എം.ആര് പോര്‍ട്ടലില്‍ നേരിട്ട് കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഉള്‍പ്പെടും. ഒരു വ്യക്തി പരിശോധന നടത്തി നെഗറ്റീവ് കാണിച്ചിട്ടും രോഗലക്ഷണങ്ങളുണ്ടെങ്കില്‍, അവര്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം.
പ്രീ-ഫില്‍ഡ് എക്സ്ട്രാക്ഷന്‍ ട്യൂബ്, അണുവിമുക്തമായ നേസല്‍ സ്വാബ്, ടെസ്റ്റിംഗ് കാര്‍ഡ്, ബയോഹസാര്‍ഡ് ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. ആദ്യം ‘കോവിസെല്‍ഫ്’ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് എല്ലാ വിവരങ്ങളും നല്‍കുക. എല്ലാ ടെസ്റ്റ് റിപ്പോര്‍ട്ടുകളും സര്‍ക്കാരിന് ലഭ്യമാകുന്ന, ഐ.സി.എം.ആര് പോര്‍ട്ടലുമായി കണക്റ്റുചെയ്തിരിക്കുന്ന ഒരു സുരക്ഷിത സെര്‍വറില്‍ ഈ വിവരങ്ങള്‍ സേവ് ചെയ്യപ്പെടും. ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ്പിള്‍ സ്റ്റോറിലോ ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം വേണം ടെസ്റ്റ് നടത്താന്‍. ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണില്‍ സൂക്ഷിക്കണം.
പരിശോധന നടത്തുന്നതിനുമുമ്പ്, കൈകള്‍ വൃത്തിയാക്കുക, കിറ്റ് വയ്ക്കുന്ന ഉപരിതലം വൃത്തിയാക്കുക. മൂക്കിനുള്ളില്‍ 2-4 സെന്റിമീറ്റര്‍ അകത്ത് നേസല്‍ സ്വാബ് തിരുകുക, അല്ലെങ്കില്‍ അത് മൂക്കിന്റെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്നതുവരെ എത്തിച്ച് സ്രവം ശേഖരിക്കുക. എക്സ്ട്രാക്ഷന്‍ ട്യൂബിനുള്ളില്‍ ഈ സ്രവം ഉറ്റിച്ച് ട്യൂബ് അടയ്ക്കുക. ട്യൂബ് തുറന്ന് ടെസ്റ്റിംഗ് കാര്‍ഡിലേക്ക് രണ്ട് തുള്ളി സ്രവം ഉറ്റിക്കുക. കാര്‍ഡില്‍ സി, ടി എന്ന അക്ഷരം രേഖപ്പെടുത്തിയ ഒരു വെളുത്ത ചതുരവും കാര്‍ഡിന്റെ അറ്റത്തായി ഒന്നും രേഖപ്പെടുത്താത്ത മറ്റൊരു ചെറിയ ചതുരവും കാണാം. ഈ ചെറിയ ചതുരത്തിലാണ് സാമ്പിള്‍ ഉറ്റിക്കേണ്ടത്. ഇതില്‍ ഉറ്റിച്ചുകഴിഞ്ഞാല് ഫോണില്‍ ടെസ്റ്റിംഗ് കാര്‍ഡിലുള്ള ക്യു ആര് കോഡ് സ്കാന്‍ ചെയ്യുക. സ്രവം ഉറ്റിച്ചുകഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ റിസല്‍ട്ട് കാണാം.
ടെസ്റ്റിംഗ് കാര്‍ഡില്‍ സി, ടി എന്നി അക്ഷരങ്ങള്‍ക്കിടയില്‍ രണ്ട് വരികള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ആ വ്യക്തി കോവിഡ് പോസിറ്റീവ് ആയി കണക്കാക്കാം. വ്യക്തി നെഗറ്റീവ് ആണെങ്കില്‍, ‘സി’ മാര്‍ക്കറില്‍ ഒരു വരി ദൃശ്യമാകും. ഫലം കാണിക്കാന്‍ 20 മിനിറ്റിലധികം എടുക്കുകയോ അല്ലെങ്കില്‍ ‘സി’ മാര്‍ക്കറില്‍ ഒരു വരി തെളിയുന്നില്ലെങ്കിലോ, പരിശോധനാ ഫലം അസാധുവായി കണക്കാക്കാം. പരിശോധനയ്ക്ക് ശേഷം ട്യൂബും സ്രവവും ബയോഹാസാര്‍ഡ് ബാഗില്‍ അടച്ച് ബയോമെഡിക്കല്‍ മാലിന്യമായി കണക്കാക്കി നീക്കം ചെയ്യുക. പോസിറ്റീവായവര്‍ക്ക് ടെസ്റ്റ് കാര്‍ഡിന്റെ ഫോട്ടോ എടുത്ത് ആപ്പിലൂടെ അപ്ലോഡ് ചെയ്ത് ഐ.സി.എം.ആറിനെ നേരിട്ട് ഫലം അറിയിക്കാം. അതിനുശേഷം വേണ്ട തുടര്‍നടപടികളുടെ വിവരങ്ങള്‍ ഫോണില്‍ ലഭ്യമാകുന്നതായിരിക്കും.