Nammude Arogyam
Covid-19

എന്ത്‌കൊണ്ടാണ് കോവിഡ് ബാധിതാനായ വ്യക്തി 3 മാസം കഴിഞ്ഞേ വാക്‌സിൻ സ്വീകരിക്കാവൂ എന്ന് പറയുന്നത്?

കൊവിഡ് ഇന്ന് നാമെല്ലാവരും ഏറ്റവും കൂടുതല്‍ കേട്ടു കൊണ്ടിരിക്കുന്ന ഒരു വാക്കാണ്. കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ മാത്രമാണ് ഏക പോംവഴി. എന്നാൽ വാക്‌സിന്‍ എടുക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. രോഗം അതിവേഗം പ്രചരിക്കുന്ന അവസരത്തില്‍ രോഗമുണ്ടോ എന്ന് തിരിച്ചറിയാന്‍ തന്നെ പലപ്പോഴും പ്രയാസമായിരിക്കും. കാരണം പലപ്പോഴും ലക്ഷണങ്ങള്‍ പോലും കാണിക്കാതെയാണ് രോഗബാധയുണ്ടാവുന്നത്. അതിനെ പ്രതിരോധിക്കുക എന്നുള്ളത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ആര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത് എന്നത് പോലും പലപ്പോഴും അറിയാത്ത അവസ്ഥയായിരിക്കും. അതുകൊണ്ട് തന്നെ ഇതറിയാതെയാണ് പലരും വാക്‌സിന്‍ എടുക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വാക്‌സിന്‍ എടുത്താല്‍ എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാവുന്നതാണ്.

കൊവിഡ് മാര്‍ഗ്ഗരേഖ അനുസരിച്ച് കൊവിഡ് പോസിറ്റീവ് ആയവരും, പൊസിറ്റീവ് എന്ന് സംശയിക്കുന്നവരും വാക്‌സിന്‍ എടുക്കുന്നത് മൂന്ന് മാസത്തേക്കെങ്കിലും നീട്ടി വെക്കണം എന്നാണ് പറയുന്നത്. എന്നാൽ കൊവിഡ് പോസിറ്റീവ് ആയ സമയം വാക്‌സിന്‍ എടുത്താല്‍ ശരീരം ഏത് തരത്തില്‍ പ്രതികരിക്കും എന്നതിനെക്കുറിച്ച് ഇത് വരെ കൃത്യമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതിനെക്കുറിച്ച് നിലവില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ അല്‍പം കാത്തിരുന്ന് വേണം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്.

കൊവിഡ് ബാധയും വാക്‌സിന്റെ കാര്യക്ഷമതയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. വാക്‌സിന്റെ കാര്യക്ഷമത എപ്പോഴും അത് ശരീരത്തില്‍ ഉണ്ടാക്കുന്ന ആന്റിബോഡിയുടെ പ്രതികരണത്തെ ആശ്രയിച്ചാണ് ഉണ്ടായിരിക്കുക. എന്നാല്‍ കൊവിഡ്‌പോസിറ്റീവ് ആയ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ പ്രതിരോധ പ്രവര്‍ത്തനം വാക്‌സിന്‍ ശരീരത്തില്‍ എത്തും മുന്‍പ് തന്നെ തുടങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള ഒരു വ്യക്തി വാക്‌സിന്‍ എടുത്ത് കഴിഞ്ഞ് അത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനം പോലെ കോവിഡ് രോഗബാധിതനായ ഒരു വ്യക്തി വാക്‌സിന്‍ എടുത്താല്‍ ശരീരത്തില്‍ മാറ്റമുണ്ടാകുമോ എന്നുള്ളതിന്റെ സംശയം ഇപ്പോഴും നിലനില്‍ക്കുകയാണ്.

എന്നാല്‍ കൊവിഡ് രോഗി വാക്‌സിന്‍ എടുക്കുന്നതിലൂടെ അത് ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല എന്നാണ് മറ്റ് ചില പഠനങ്ങള്‍ പറയുന്നത്. ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ കൃത്യമായ പഠനങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ പറയുന്നത് അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുമെന്നത് കൊണ്ട് തന്നെ ഒരു കാരണവശാലും കൊവിഡ് രോഗികള്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവരുത്. ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനത്തെക്കുറിച്ച് കൃത്യമായ അറിവില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് വളരെ ശ്രദ്ധിച്ച് വേണം.

കൊവിഡ് പോസിറ്റീവ് ആയ ഒരു വ്യക്തി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അത് മറ്റുള്ളവരിലേക്കും രോഗം പകരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കൊവിഡ് രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം ഇവര്‍ വാക്‌സിന്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോടെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോവരുത് എന്ന് ശക്തമായ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ എടുത്ത ഒരു വ്യക്തിക്ക് രോഗം ബാധിക്കുമ്പോള്‍ അത് രോഗത്തെ തീവ്രമാക്കുന്നില്ല എന്നുള്ളതാണ് സത്യം. അതിലുപരി രോഗമുക്തി വേഗത്തിലാക്കുകയും ചെയ്യുന്നു.

കോവിഡ് രോഗബാധയുള്ള വ്യക്തിയാണ് എന്നുണ്ടെങ്കില്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത് ശരീരം എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതാണ്. ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ വാക്‌സിന്‍ എടുക്കാന്‍ പോവാന്‍ പാടുള്ളൂ. ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതിന് ശേഷമാണ് രോഗബാധയെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിശ്ചിത കാലാവധിക്ക് ശേഷം മാത്രമേ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ പാടുള്ളൂ. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്.

Related posts