രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഏക മാര്‍ഗം കൃത്യ സമയത്ത് വാക്സിന്‍ നല്‍കുക എന്നതാണ്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്ന് മാറി നേരിട്ട് സ്കൂളില്‍ എത്തുന്ന ഈ സമയത്ത് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ 15 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഏറ്റവും വേഗത്തില്‍ വാക്സിന്‍ നല്‍കുന്നതിനായി ശ്രദ്ധിക്കണം. എന്നാല്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
വാക്സിന്‍ എടുക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ കുട്ടികളുടെ ഉറക്കം, ഭക്ഷണം എന്നിവ കൃത്യമാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യപ്രദമായ പോഷകാഹാരങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിപ്പിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല, ചെറിയ തോതിലുള്ള വ്യായാമങ്ങള്‍ ചെയ്യാനും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ പരിഗണന നല്‍കുന്നത് കുട്ടികളുടെ പ്രതൊരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടേക്കാം. പനി, കൈ വീക്കം, സന്ധി വേദന തുടങ്ങിയവ സാധാരണമായി അനുഭവപ്പെടാറുണ്ട്. വാക്സിന്‍ ശരീരത്തില്‍ പ്രതികരിച്ചു തുടങ്ങുന്നതിന്‍റെ ലക്ഷണമായി മാത്രം ഇതിനെ കണ്ടാല്‍ മതി.
വാക്സിന്‍ എടുത്ത ശേഷം അസാധാരണമായ രീതിയില്‍ പനി തുടരുകയോ അസഹനീയമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയോ ചെയ്‌താല്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ സമീപിക്കുക. അതുപോലെ തന്നെ വലിയ തോതിലുള്ള അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഡോക്ടറെ കാണാന്‍ മടിക്കരുത്.
ശരീര വേദന കുറയ്ക്കുന്നതിനോ മറ്റ് അസ്വസ്ഥതകള്‍ക്കോ പരിഹാരം കാണുന്നതിന് ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ നല്‍കരുത്. വാക്സിന്‍ എടുത്ത ശേഷം ധാരാളം വെള്ളം കുടിക്കുകയും കൈയില്‍ വാക്സിന്‍ എടുത്ത സ്ഥലത്ത് ഐസ് ക്യൂബ് ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്.
കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അലര്‍ജി അല്ലെങ്കില്‍ മറ്റ് പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കണം. സാധാരണ കണ്ടു വരുന്ന അലര്‍ജി പ്രശ്നങ്ങള്‍ ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രമേ വാക്സിന്‍ സ്വീകരിക്കാവൂ.