ഉപ്പ് (Salt) എന്നും നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണ ക്രമത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണ്. NaCl (Sodium chloride) എന്ന രാസവാക്യത്തിൽ അറിയപ്പെടുന്ന ഉപ്പിലെ പ്രധാന മൂലകം സോഡിയം ആണെന്ന് എല്ലാവർക്കും അറിയാം. ഭക്ഷണത്തിൽ രുചി പ്രദാനം ചെയ്യാൻ ഉപ്പ് കൂടിയേ തീരൂ. ഭക്ഷണത്തിന്റെ രുചി നിർണയിക്കുന്ന പ്രധാന ഘടകവും ഉപ്പ് തന്നെ.
എന്നാൽ ഉപ്പ് കഴിക്കുമ്പോൾ സ്വാഭാവികമായും സോഡിയം കൂടിയാണ് നമ്മുടെ ശരീരത്തിലേക്ക് കടക്കുന്നത്. ശരീരത്തിന് അതിന്റെ പ്രധാനപ്പെട്ട ശാരീരിക പ്രവർത്തനങ്ങൾ നിർവഹിക്കാൻ പ്രതിദിനം 500 മില്ലിഗ്രാം സോഡിയം ആവശ്യമാണ്. അതേ സമയം സോഡിയത്തിന്റെ അളവ് കൂടിയാൽ അവിടെ കളി മാറും. വിവിധ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയാണ് ഇതുമൂലം ഉണ്ടാവുക. അതുപോലെ തന്നെ സോഡിയത്തിന്റെ അളവ് കുറഞ്ഞാലും പ്രശ്നം തന്നെയാണ്.
ലോകാരോഗ്യ സംഘടന (WHO) പറയുന്നത് ഇപ്രകാരമാണ് മുതിർന്നവരെ സംബന്ധിച്ചിടത്തോളം 5 ഗ്രാമിൽ താഴെ മാത്രമേ സോഡിയം ഒരു ദിവസം അകത്ത് ചെല്ലാവൂ. അതായത് ഇത് പ്രതിദിനം ഏകദേശം ഒരു ടീസ്പൂൺ ഉപ്പ് മാത്രമാണ് എന്നത് ഓർക്കണം. അതേ സമയം കുട്ടികൾ മുതിർന്നവർക്ക് കണക്കാക്കിയ അളവിൽ വളരെ കുറച്ച് മാത്രമേ ഉപ്പ് മാത്രമേ കഴിക്കാൻ പാടുള്ളൂ. ഓരോരുത്തർക്കും ആവശ്യമുള്ള ഊർജ്ജത്തിന്റെ അടിസ്ഥാനത്തിൽ ഇത് ക്രമീകരിക്കണം എന്നും ലോകാരോഗ്യ സംഘടന പറയുന്നു.
സോഡിയം നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് എന്നതിൽ യാതൊരു തർക്കവും വേണ്ട. അത് നാഡികളുടെയും പേശികളുടെയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. എന്നാൽ സോഡിയം അമിതമായി ശരീരത്തിൽ എത്തുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാൽ, ഉപ്പ് കഴിക്കുന്നത് കുറച്ച് എല്ലായ്പോഴും സോഡിയം അളവ് ശരീരത്തിൽ കൃത്യമാക്കി നില നിർത്താൻ ശ്രമിക്കുകയാണ് വേണ്ടത്. അത് ആരോഗ്യപ്രശ്നങ്ങളും അതുമൂലമുള്ള അപകടസാധ്യതകളും കുറയ്ക്കാൻ സഹായിക്കും. സോഡിയം ശരീരത്തിൽ കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രതിവിധികളും എന്തൊക്കെയാണെന്ന് നോക്കാം.
1.ഉയർന്ന രക്തസമ്മർദ്ദം എന്ന നിശബ്ദ കൊലയാളി
അമിതമായ അളവിൽ സോഡിയം ഉപയോഗിച്ചാൽ ഉണ്ടാകുന്ന വലിയൊരു പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. ഉയർന്ന സോഡിയം അല്ലെങ്കിൽ ഉപ്പ് കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് രക്തക്കുഴലുകളിലൂടെയും ധമനികളിലൂടെയും വലിയ അളവിൽ രക്തം ഒഴുകിപ്പോവാൻ കാരണമാവുകയും ചെയ്യും. ഇത് രക്തക്കുഴലുകളിൽ സമ്മർദ്ദം കൂട്ടുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്നത് ക്രമം തെറ്റുകയും ചെയ്യും. ഹൃദയം ഇത്തരത്തിൽ കഠിനമായി പ്രവർത്തിക്കുമ്പോൾ അത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതെ അപകടം സംഭവിക്കുന്നു എന്നതുകൊണ്ടാണ് ഉയർന്ന രക്തസമ്മർദ്ദത്തെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്.
2.മറ്റ് ഹൃദയ സംബന്ധ അസുഖങ്ങളും
സോഡിയത്തിന്റെ ഉപയോഗവും അതിന്റെ ഫലവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ വിവിധ രാജ്യങ്ങളിലായി നടന്നിട്ടുണ്ട്. ‘ദി ലാൻസെറ്റി’ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, സോഡിയം കഴിക്കുന്നത് കുറയ്ക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള രോഗികളിൽ ഹൃദയ സ്തംഭനത്തിന്റെ സാധ്യത കുറക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹൃദയവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും സോഡിയം സാധാരണ അളവിൽ നില നിർത്തുക വഴി മാറുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന ക്ഷീണം, ചുമ, തുടങ്ങിയവ എല്ലാം ലഘൂകരിക്കാൻ സോഡിയത്തിന്റെ മിതമായ അളവ് സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.
3.സ്ട്രോക്ക് സാധ്യത
ഉപ്പിന്റെ ഉയർന്ന ഉപഭോഗം സ്വാഭാവികമായും സോഡിയത്തിന്റെ അളവ് കൂട്ടുകയും ഇത് സ്‌ട്രോക്കിനും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും സാധ്യത കൂട്ടുകയും ചെയ്യുമെന്ന് പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. തലച്ചോറിന്റെ ഭാഗത്തേക്കുള്ള രക്ത വിതരണം തടസ്സപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുമ്പോൾ മസ്തിഷ്ക കോശങ്ങൾ ഓക്സിജനും മറ്റ് സുപ്രധാന പോഷകങ്ങളും സ്വീകരിക്കുന്നതിൽ കുറവ് വരുമ്പോൾ ആ അവസ്ഥയിലാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം സംഭവിക്കുന്നത്. ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ധമനികളിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇതുമൂലം രക്തസമ്മർദ്ദം വർദ്ധിക്കുകയും അത് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
4.കൊറോണറി ഹൃദയാഘാതം
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (CDC) പഠനം അനുസരിച്ച് സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണ സാധനങ്ങളും ഫാസ്റ്റ് ഫുഡും കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമാകും. ഓരോ വർഷവും നടക്കുന്ന ഏകദേശം 500,000 മരണങ്ങൾ ഉയർന്ന രക്തസമ്മർദ്ദവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് യു.എസ് ഹെൽത്ത് ഏജൻസി പറയുന്നത്. അതിനാൽ സോഡിയം അളവ് കുറയ്ക്കുന്നതിലൂടെ പ്രതിവർഷം ആയിരക്കണക്കിന് മരണങ്ങൾ തടയാൻ കഴിയും.
ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം ഉയർത്തുകയും ഇത് കൊറോണറി ധമനികൾക്ക് വളരെയധികം നാശമുണ്ടാക്കുകയും ചെയ്യും. ഇതിന്റെ ഫലമായി കൊഴുപ്പും കൊളസ്ട്രോളും മറ്റ് ഘടകങ്ങളും അളവ് കൂടി ധമനികൾ ചുരുങ്ങും. ഇത് പിന്നീട് രക്തം കട്ടപിടിക്കുന്നതിലേക്കും നയിക്കുന്നു. ഇതുവഴി കൊറോണറി ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുന്നു.
ഉപ്പിന്റെ അളവ് കൂടുന്നത് നിയന്ത്രിക്കാൻ താഴെപ്പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
1.സംസ്കരിച്ച ഭക്ഷണ സാധനങ്ങൾക്ക് പകരം കൃത്യമായി പാകം ചെയ്ത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
2.നാരുകളാൽ സമ്പന്നമായ പച്ചക്കറികളും ഭക്ഷണങ്ങളും പഴങ്ങളും കഴിക്കുക.
3.വീട്ടിൽ പാചകം ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അതിലൂടെ ഉപ്പ് നിയന്ത്രിക്കാനാകും.
4.ഭക്ഷ്യ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് ലേബലുകൾ കൃത്യമായി വായിക്കണം. 100 ഗ്രാമിൽ കുറഞ്ഞ അളവ് സോഡിയം അടങ്ങിയ ഭക്ഷണ സാധനങ്ങൾ മാത്രം ഉപയോഗിക്കുക.
5.ഉപ്പിട്ട ഭക്ഷണങ്ങൾ കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കരുത്. അത് പരമാവധി കുറയ്ക്കുക.
6.അമിതമായി ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഉയർന്ന സോഡിയം അളവ് ഉണ്ടാക്കിയേക്കാം. അതിനാൽ മിതമായ അളവിൽ മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
സോഡിയം അമിതമായി ശരീരത്തിൽ എത്തുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ, ഉപ്പ് കഴിക്കുന്നത് കുറച്ച് എല്ലായ്പോഴും സോഡിയം അളവ് ശരീരത്തിൽ കൃത്യമാക്കി നില നിർത്താൻ ശ്രമിക്കുകയാണ് വേണ്ടത്. അത് ആരോഗ്യപ്രശ്നങ്ങളും അതുമൂലമുള്ള അപകടസാധ്യതകളും കുറയ്ക്കാൻ സഹായിക്കും.