“നാല് ദിവസം കൊണ്ടൊക്കെ വെളുക്കാൻ പറ്റുമോ? ഒന്ന് തേച്ചു നോക്കിയാലോ! ഇവന്റൊക്കെ മുഖം കണ്ടീലെ ! എന്തൊരു നിറമാണ്.. ഒന്ന് ഓർഡർ ആക്കി നോക്ക.. വേണ്ടെങ്കിൽ പിന്നെ വാങ്ങണ്ടല്ലോ..”
‘നാല് ദിവസം കൊണ്ട്, ഇംഗ്ലീഷുകാരെപ്പോലെ ബെള്ത്തിട്ട് പാറ് (വെളുത്തിട്ട് പറക്കൂ)’ എന്നാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാം തുറന്നാൽ വരുന്ന വിഡിയോസിലെ പ്രധാന കോൺടെന്റ്. ക്രീം ഉപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ സായിപ്പിനെപ്പോലെ വെളുത്തെന്ന അവകാശവാദവുമായി ഉത്തര മലബാർ മലയാളത്തിൽ സംസാരിക്കുന്ന നിരവധി യുവാക്കളുടെ വീഡിയോ വൈറലാണ്. അവകാശവാദങ്ങൾ ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലുമുണ്ട്!
ഒൻപതോ പത്തോ ദിവസം കൊണ്ട് വെളുപ്പിക്കും എന്ന് പറഞ്ഞ് അവകാശപ്പെട്ടാണ് ക്രീമുകൾ വിൽക്കുന്നതെങ്കിൽ തീർച്ചയായിട്ടും അതിൽ സ്റ്റിറോയ്ഡ് പോലുള്ളവ അടങ്ങിയിരിക്കും. കാരണം അവയില്ലാതെ നിങ്ങളുടെ മുഖത്ത് ഇത്രയും പ്രകടമായ മാറ്റങ്ങൾ സംഭവിക്കുകയില്ല.
തുടർച്ചയായി ഉപയോഗിക്കുമ്പോൾ ആദ്യമൊന്നും വലിയ പ്രശ്നം തോന്നുകയില്ല. എന്നാൽ ഉപയോഗം നിർത്തുമ്പോൾ കടുത്ത പ്രശ്നങ്ങൾ നേരിടേണ്ടി വരും. മുഖത്ത് മുഴുവൻ മുടി വരിക, കുരുക്കൾ വരിക തുടങ്ങിയ പ്രശ്നങ്ങൾ ഇവരിൽ കാണാറുണ്ട്. ടോപ്പിക്കൽ സ്റ്റിറോയ്ഡ് ഡാമേജ്ഡ് ഫെയ്സ് (TSDF) എന്നാണ് ഇതിനെ വിളിക്കുക. ഭാവിയിൽ പുറത്ത് ഇറങ്ങാൻ പോലും കഴിയാത്ത സാഹചര്യം വരും.
തൊലിയുടെ കട്ടികുറഞ്ഞ് രക്തക്കുഴലുകൾ പുറത്തേക്ക് തെളിഞ്ഞ് കാണും. മുഖം വെളുക്കുന്നതു കൊണ്ടല്ല, ചർമത്തിന്റെ കട്ടികുറയുന്നതുകൊണ്ടാണ് നിറ വ്യത്യാസം തോന്നുന്നത്. ചുവന്നതോ കറുത്തതോ ആയ പാടുകൾ ഉണ്ടായി തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലേയ്ക്ക് എത്തുന്നു. ഇത്തരം ക്രീമുകളുടെ ഏറ്റവും വലിയ പ്രത്യാഘാതം എന്ന് പറയുന്നത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതും, ഗ്ലോക്കോമ പോലെയുള്ള അസുഖങ്ങൾക്കുമുള്ള സാധ്യതയാണ്. മുഖത്ത് ഉപയോഗിക്കുമ്പോൾ കണ്ണിന്റെ രക്തക്കുഴലുകളിലേക്ക് അവ ആഗിരണം ചെയ്യുകയും ഇത് രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു. ഇതുമൂലം കാഴ്ച നശിക്കുന്നു. കണ്ണിന്റെ രക്തക്കുഴലുകളെ ഘടനാപരമായി ബാധിക്കാനും സാധ്യതയുണ്ട്. സ്റ്റിറോയ്ഡ് പൊതുവേ മുഖത്ത് ഉപയോഗിക്കാറില്ല എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. സോറിയാസിസ് പോലുള്ള രോഗങ്ങൾക്ക് ഡോക്ടർമാർ ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകൾ നിർദ്ദേശിക്കാറുണ്ട്.
ഇതുപോലുള്ള സോഷ്യൽ മീഡിയ കാമ്പയിനുകളിൽ ആകൃഷ്ടരായി അതേക്കുറിച്ച് യാതൊരു പഠനവും നടത്താതെയാണ് അവർ ഉപയോഗിക്കുന്നത്. ഇതുകൂടാതെ ഹെർബൽ ആയുർവേദിക് ക്രീമുകൾ പ്രത്യാഘാതങ്ങളില്ലെന്ന് പറഞ്ഞ് ചെറിയ പെൺകുട്ടികൾ പോലും ഉപയോഗിക്കുന്നു. ആയുർവേദത്തിന് എതിരായതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. വിദഗ്ധരുടെ നിർദ്ദേശപ്രകാരമല്ലാതെ ക്ലിനിക്കൽ ട്രയലുകൾ ഒന്നും നടത്താതെ മാർക്കറ്റിൽ ലഭ്യമാകുന്ന ഇത്തരം വസ്തുക്കൾ ചർമത്തിൽ ഉപയോഗിക്കരുത്.