Nammude Arogyam
GeneralOldage

കൈവിറയലുണ്ടോ? എങ്കിൽ ഈ രോഗമാവാം കാരണം

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് തലച്ചോറ്. ഓര്‍മ്മ, ചിന്ത, ന്യൂറല്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത് തലച്ചോറാണ്. അത്തരത്തിലൊരു അവയവത്തിന്റെ കാര്യക്ഷമത ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ പ്രധാനമാണ്. എന്നിരുന്നാലും, തലച്ചോറിനെ തകരാറിലാക്കുന്ന വിവിധ രോഗങ്ങളുണ്ട്. അത്തരം രോഗങ്ങളിലൊന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. നാഡീവ്യവസ്ഥയുടെ തകരാറാണ് ഇത്.

ഡോ. ജയിംസ് പാര്‍ക്കിന്‍സണ്‍ ആണ് തന്റെ ഗവേഷണപ്രബന്ധത്തില്‍ ആദ്യമായി ഈ രോഗത്തെ പരാമര്‍ശിച്ചത്. അതിനാല്‍ ഈ രോഗത്തെ പാര്‍ക്കിന്‍സണ്‍സ് രോഗം എന്ന് അറിയപ്പെടുന്നു. നാഡീവ്യവസ്ഥയുടെ തകരാറാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഇത് ചെറിയ രീതിയില്‍ ആരംഭിച്ച് ക്രമേണ രോഗത്തിന്റെ തീവ്രത വര്‍ധിക്കുന്നു. ചിലപ്പോള്‍ ഒരു കൈയില്‍ വിറയല്‍ മാത്രമേ ആദ്യഘട്ടത്തില്‍ തോന്നൂ. എന്നാല്‍, അത് പുരോഗമിക്കുമ്പോള്‍ കൈ പതിയെ തളരാന്‍ തുടങ്ങുന്നു.

മസ്തിഷ്‌കത്തിന്റെ ‘സബ്സ്റ്റാന്‍ഷ്യ നൈഗ്ര’ എന്ന ഭാഗത്തുണ്ടാകുന്ന കോശനാശമാണ് പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പ്രധാന കാരണം. അതിന്റെ ഫലമായി ‘ഡോപമിന്‍’ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ കുറയുകയും രോഗം വളരാന്‍ തുടങ്ങുകയും ചെയ്യുന്നു. രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ രോഗികള്‍ കിടപ്പിലാവുകയാണ് പതിവ്.

ലക്ഷണങ്ങള്‍

പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ മിക്കവര്‍ക്കും വ്യത്യസ്തമായിരിക്കും. ആദ്യകാല അടയാളങ്ങള്‍ വളരെ ലളിതമായവ ആകുന്നതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോകാം. പാര്‍ക്കിന്‍സണിന്റെ അടയാളങ്ങളിലും ലക്ഷണങ്ങളിലും ഇവ ഉള്‍പ്പെടാം.

1.വിറയല്‍-സാധാരണയായി ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് സംഭവിച്ചു തുടങ്ങുന്നു.

2.മന്ദഗതിയിലുള്ള ചലനം-പാര്‍ക്കിന്‍സണ്‍സ് രോഗം പുരോഗമിക്കുമ്പോള്‍ ശാരീരിക ചലനങ്ങള്‍ മന്ദീഭവിപ്പിച്ചേക്കാം. ലളിതമായ ജോലികള്‍ പോലും ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമാകുന്നു. നടക്കുമ്പോള്‍ വേഗത കുറയുക, ഒരു കസേരയില്‍ നിന്ന് ഇരുന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, നടക്കാന്‍ ശ്രമിക്കുമ്പോള്‍ കാലുകള്‍ തളയ്ക്കപ്പെട്ടതുപോലെ തുടങ്ങിയവ അനുഭവപ്പെടാം.

3.പേശികള്‍ മുറുകുക-പാര്‍ക്കിന്‍സണ്‍സ് രോഗം വളരുമ്പോള്‍ ശരീരത്തിന്റെ ഏത് ഭാഗത്തും പേശികളില്‍ കാഠിന്യം അനുഭവപ്പെടാം. ഇത്തരത്തില്‍ വലിഞ്ഞു മുറുകുന്നതുപോലുള്ള പേശികള്‍ വേദന നല്‍കുകയും ശാരീരിക ചലനത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

4.ബാലന്‍സ് തകരാറ്-പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ഫലമായി ബാലന്‍സ് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. റിഫ്‌ളെക്‌സ് ആക്ഷന്‍ അഥവാ യാന്ത്രിക ചലനങ്ങളുടെ നഷ്ടം സംഭവിക്കാം. ചൂട് തട്ടുമ്പോള്‍ കൈ വലിക്കുക തുടങ്ങിയ യാന്ത്രിക ചലനങ്ങള്‍ നടത്താനുള്ള കഴിവ് കുറവായിരിക്കാം. കണ്ണുകള്‍ ചിമ്മുന്നത്, പുഞ്ചിരിക്കുന്നത്, നടക്കുമ്പോള്‍ കൈ വീശുന്നത് തുടങ്ങിയ കാര്യങ്ങൾ മറക്കുന്നു.

5.സംസാരത്തിലെ മാറ്റങ്ങള്‍-സാധാരണ സംസാരിക്കുമ്പോള്‍ ഓരോ വാക്കിനുമനുസരിച്ചും നമ്മുടെ മുഖഭാവങ്ങള്‍ ചിലപ്പോള്‍ മാറാം. സന്തോഷം, സങ്കടം, ഭയം തുടങ്ങിയ കാര്യങ്ങളില്‍ സംസാരശൈലി മാറുന്നു. എന്നാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചവരില്‍ സംസാരം സാധാരണയായി ഒരേ ശൈലിയില്‍ നീങ്ങുന്നു. ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ മൃദുമായി സംസാരിക്കുന്നു. കൂടാതെ നമ്മുടെ എഴുത്തിലും വ്യത്യാസങ്ങള്‍ കാണുന്നു. ഈ രോഗം ബാധിച്ചവർക്ക് എഴുതാന്‍ പ്രയാസമാവുകയോ അക്ഷരങ്ങള്‍ ചെറുതായോ തോന്നാം.

കാരണങ്ങള്‍

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ കാരണം അജ്ഞാതമാണ്, എന്നാല്‍ നിരവധി ഘടകങ്ങള്‍ താഴെപ്പറയുന്നവയില്‍ ഉള്‍പ്പെടുന്നു.

1.ജനിതക മാറ്റം-പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാകുന്ന പ്രത്യേക ജനിതകമാറ്റം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്നതാണ്. എന്നിരുന്നാലും, ചില ജീന്‍ വ്യതിയാനങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കാണപ്പെടുന്നു.

2.പാരിസ്ഥിതിക ഘടകങ്ങള്‍-ചില വിഷവസ്തുക്കളോ രാസവസ്തുക്കളോ പാരിസ്ഥിതിക ഘടകങ്ങളോ എക്‌സ്‌പോഷര്‍ ചെയ്യുന്നത് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. എന്നാല്‍, അപകടസാധ്യത താരതമ്യേന ചെറുതാണ്. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവരുടെ തലച്ചോറില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു, എന്നാൽ എന്തുകൊണ്ടാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് വ്യക്തമല്ല.

3.പ്രായം-മിക്ക ആരോഗ്യ പ്രശ്‌നങ്ങളെയും പോലെ, പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ അപകടസാധ്യതയിലും പ്രായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചെറുപ്പക്കാര്‍ക്ക് അപകടസാധ്യത കുറവാണ്, അതേസമയം മധ്യവയസ്‌കരിലും, പ്രായമായവരിലും രോഗസാധ്യത കൂടുതലുമാണ്. പാര്‍ക്കിന്‍സണ്‍സ് ബാധിക്കുന്ന ആളുകള്‍ സാധാരണയായി 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാര്‍ക്ക് മസ്തിഷ്‌ക തകരാറുണ്ടാകാന്‍ സാധ്യത അധികമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

സങ്കീര്‍ണതകള്‍

1.ചിന്താശേഷിക്കുറവ്

2.വിഷാദവും വൈകാരിക മാറ്റങ്ങളും

3.ഭയം

4.ഉത്കണ്ഠ

5.ഓര്‍മ്മക്കുറവ്

6.ഭക്ഷണം കഴിക്കാനും ചവയ്ക്കാനും ബുദ്ധിമുട്ട്

7.ഉറക്ക പ്രശ്‌നങ്ങളും ഉറക്ക തകരാറുകളും

8.മൂത്രാശയ പ്രശ്‌നങ്ങള്‍

9.മലബന്ധം

10.രക്തസമ്മര്‍ദ്ദത്തിലെ മാറ്റം

11.തലകറക്കം

12.ശരീര വേദന

13.ക്ഷീണം

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ യഥാര്‍ത്ഥ കാരണം അജ്ഞാതമാണെങ്കിലും, ചില ഘടകങ്ങള്‍ മസ്തിഷ്‌ക തകരാറുണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. രോഗവുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണുക. പാര്‍ക്കിന്‍സണ്‍സ് ബാധിച്ച ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവുന്നു. അതിനാല്‍ ക്ഷമയോടെയുള്ള പരിചരണമാണ് ആവശ്യം.

Related posts