കേരളത്തിലേയ്ക്ക് യുഎഇയില്‍ നിന്നും വന്ന വ്യക്തിയില്‍ മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ കേരളത്തില്‍ മങ്കിപോക്‌സ് ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗങ്ങള്‍ പടരുന്ന ഈ മഴക്കാലത്ത് ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടത് അനിവാര്യമായ കാര്യമാണ്.
ചിക്കന്‍പോക്‌സിനെല്ലാം കാരണക്കാരമാകുന്ന വരിയോള വൈറസ് ഇനത്തില്‍പെടുന്ന മങ്കിപോക്‌സ് വൈറസ് ആണ് ഈ രോഗം പരത്തുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേയ്ക്ക് പകരുന്ന ഈ അസുഖത്തിന് ചിക്കന്‍പോക്‌സിന്റേതിനു സമാനമായ ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്.
രോഗം ബാധിച്ച മൃഗങ്ങളുടെ സ്രവം, രക്തം എന്നിവ നമ്മളുടെ ശരീരത്തില്‍ ആകുമ്പോള്‍, അല്ലെങ്കില്‍ രോഗം ബാധിച്ച മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയെല്ലാം തന്നെ ഈ രോഗം മുനുഷ്യനിലേയ്ക്ക് എത്തിചേരുന്നു. ഈ രോഗം ആദ്യമായി കുരങ്ങുകളിലാണ് കണ്ടെത്തിയതെങ്കിലും മറ്റു പല മൃഗങ്ങള്‍ വഴിയും ഇത് മനുഷ്യനിലേയ്ക്ക് പകരുന്നുണ്ട്.
ഈ അസുഖം ബാധിച്ചവര്‍ക്ക് നല്ല പനി, തലവേദന, പേശികള്‍ക്കും അതുപോലെ പുറത്തും വേദന അനുഭവപ്പെടുക. നീര് വരുക, തണുപ്പ് അതുപോലെ ആകപ്പാടെ അസ്വസ്ഥത എന്നിവയെല്ലാം തന്നെ അനുഭവപ്പെടുന്നു. കൂടാതെ, ചിക്കന്‍പോക്‌സ് പോലെ തന്നെ ശരീരത്തില്‍ കുമിളകള്‍ പോലെ പൊന്തുവാനും ആരംഭിക്കുന്നു. ഇത് മുഖത്തും, വായയ്ക്കുള്ളിലും, അതുപോലെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കുമെല്ലാം പടരുന്നു.
സാധാരണഗതിയില്‍ ഇത്തരം ലക്ഷണങ്ങള്‍ രണ്ട് മുതല്‍ നാല് ആഴ്ച്ചവരെ നീണ്ടു നില്‍ക്കാറുണ്ട്. ചിലര്‍ക്ക് ആദ്യം പനിയും തലവേദനയുമെല്ലാം ആയിരിക്കും ലക്ഷണമായി കാണിക്കുന്നത്. എന്നാല്‍, ചിലരില്‍ ആദ്യം തന്നെ ദേഹത്ത് കുമിളകള്‍ പൊന്തുവാന്‍ സാധ്യതയുണ്ട്.
ഇത്തരത്തില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടത് അനിവാര്യമാണ്. മാത്രവുമല്ല, ഇത് മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കുവാന്‍ ക്വാറന്റൈന്‍ എടുക്കുക. സമ്പര്‍ക്കം കുറയ്ക്കുക. അതുപോലെ തന്നെ ഈ സമയത്ത് മൃഗങ്ങളുമായി ഇടപെടാതിരിക്കുക. കാരണം മൃഗങ്ങളിലൂടെ മറ്റുള്ളവരിലേയ്ക്കും ഈ അസുഖം കൈമാറ്റം ചെയ്യപ്പെടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം
1. ലക്ഷണങ്ങള്‍ ഉള്ളവരുമായി സമ്പര്‍ക്കം കുറയ്ക്കുക.
2. മൃഗങ്ങളുമായി അടുത്ത് ഇടപഴകാതിരിക്കുക.
3. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകുക.
4. ലക്ഷണങ്ങള്‍ ഉള്ള വ്യക്തി ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
5. രോഗിയെ ഐസോലേറ്റ് ചെയ്യുക
6. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ഒറ്റയ്ക്ക് ഒരു റൂമില്‍ ഇരിക്കുക.
7. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക.
8. നല്ല ആഹാരം കഴിക്കുവാന്‍ ശ്രദ്ധിക്കുക.
നല്ല രീതിയില്‍ റെസ്റ്റ് എടുത്തും അതുപോലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചും ഈ അസുഖത്തെ കുറയ്ക്കാവുന്നതാണ്. നന്നായി റെസ്റ്റ് എടുക്കേണ്ടത് അനിവാര്യമായ കാര്യമാണ്. അല്ലാത്തപക്ഷം മറ്റു ബുദ്ധിമുട്ടുകളിലേയ്ക്ക് ഇവ നയിക്കും.