Nammude Arogyam
General

കൊളസ്ട്രോളും ഭക്ഷണനിയന്ത്രണവും

കൊളസ്ട്രോൾ ഇന്ന് നമുക്കിടയിൽ കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമാണ് . പലപ്പോഴും നമ്മുടെ ഭക്ഷണ രീതിയും അതിനൊരു കാരണമായേക്കാം. ഈയടുത്ത് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ പരിചയത്തിൽ ഉള്ള ഒരു ചേട്ടനെ കണ്ടു. അയാളൊരു ഹൈപ്പർ കൊളസ്ട്രോളീമിയ ( കൊളസ്ട്രോൾ കൂടിയ അവസ്ഥ ) രോഗി കൂടിയാണ്. കുശലാന്വേഷണത്തിന് ഇടയിൽ ആരോഗ്യ കാര്യം തിരക്കിയപ്പോൾ പുള്ളി പറഞ്ഞ ഒരു കാര്യമാണ് “കൊളസ്ട്രോൾ നിയന്ത്രിക്കാൻ മരുന്നു കഴിക്കുന്നുണ്ടല്ലോ പിന്നെന്തിനാണ് ഭക്ഷണ നിയന്ത്രണം ” . ഇത് പോലെ ഭക്ഷണം നിയന്ത്രിച്ചാൽ പോരെ, വെറുതെ എന്തിനാണു മരുന്ന് കഴിക്കുന്നത് എന്ന് ചോദിക്കുന്നവരുമുണ്ട്. അറിയാം ഇതിനെ കുറിച്ച് കൂടുതലായി.

കൊളസ്ട്രോൾ മരുന്ന് ആവശ്യമാണെന്നു ഡോക്ടർ നിർദേശിച്ചാൽ അത് ഒഴിവാക്കരുത്. മാത്രമല്ല മരുന്ന് കഴിക്കുന്നവർ ഭക്ഷണ നിയന്ത്രണം ഉൾപ്പെടെയുള്ള ജീവിതശൈലീ മാറ്റങ്ങൾ പാലിക്കുന്നത് കഴിക്കുന്ന മരുന്നിൻ്റെ ഫലം കൂട്ടുകയും കൊളസ്ട്രോൾ നില വേഗം നിയന്ത്രണത്തിലാക്കാൻ സഹായിക്കുകയും ചെയ്യും.

കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണം പലതരത്തിൽ സഹായിക്കും. ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും മറ്റു ചിലവ ഒഴിവാക്കുന്നതിലൂടെയും കൊളസ്ട്രോൾ നിയന്ത്രണം നടത്താനാകും.

ഭക്ഷണത്തിൽ പൊതുവേ പൂരിത കൊഴുപ്പ് കുറയ്ക്കുക എന്നതാണ് പ്രധാനം. ചുവന്ന മാംസം, പാട നീക്കാത്ത പാൽ, പാലുത്പന്നങ്ങളായ ബട്ടർ, ചീസ് തുടങ്ങിയവയാണ് പൂരിത കൊഴുപ്പിൻ്റെ പ്രധാന സ്രോതസ്സ്. ഇവ നിത്യഭക്ഷണത്തിൽ കുറയ്ക്കാൻ ശ്രമിച്ചാൽ ചീത്ത കൊളസ്ട്രോൾ കുറയും. അതുപോലെ വനസ്പതി പോലുള്ള കൃത്രിമമായ പൂരിത കൊഴുപ്പുകളിലുള്ള ട്രാൻസ് ഫാറ്റുകൾ ഒഴിവാക്കുക.

മുട്ട കഴിക്കാമോ ?

മുട്ടയും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തർക്ക രഹിത പoനങ്ങൾ വന്നിട്ടില്ല. വൈറ്റമിൻ എ, ബി വൈറ്റമിനുകൾ, വൈറ്റമിൻ – ഡി, വൈറ്റമിൻ – ഇ, കാത്സ്യം, ബയോട്ടിൻ, ഇരുമ്പ്, കോളിൻ, ഫോളേറ്റ്, ഫോസ്ഫറസ്, അയഡിൻ, സെലിനിയം തുടങ്ങി ഒട്ടേറെ പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയിലെ കോളിൻ എന്ന ഘടകം ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഹോമോസിസ്റ്റീനെ വിഘടിപ്പിക്കുന്നതായി പഠനമുണ്ട്. അക്കാരണങ്ങളാൽ മുട്ടയെ ഒഴിവാക്കേണ്ടതില്ല. എന്നാൽ പാരമ്പര്യമായി കൊളസ്ട്രോൾ കൂടി നിൽക്കുന്നവർ മുട്ടയുടെ മഞ്ഞക്കരുവിൻ്റെ ഉപയോഗം നിയന്ത്രിക്കുന്നതാണ് നല്ലത്. ആഴ്ചയിൽ രണ്ടെണ്ണമായി ചുരുക്കുന്നതാണ് 40 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് നല്ലത്.

പല ഭക്ഷണങ്ങളിലുള്ള ഭക്ഷ്യനാരുകൾ കൊളസ്ട്രോളിൻ്റെ ആഗിരണം കുറയ്ക്കാറുണ്ട്. അക്കാരണത്താൽ നാരു കൂടിയ, ഓട്സ്, ബാർലി, മുഴുധാന്യങ്ങൾ, പയറുവർഗങ്ങൾ, ഊർജമൂല്യം കുറഞ്ഞ പച്ചക്കറികൾ തുടങ്ങിയവ കൂടുതൽ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. നട്സിൻ്റെ മിതമായ ഉപയോഗവും ചെറിയ തോതിൽ കൊളസ്ട്രോൾ കുറയ്ക്കും. മുളപ്പിച്ച ഗോതമ്പ്, സോയ ഉത്പന്നങ്ങൾ എന്നിവയും നല്ല താണ്. ആപ്പിൾ, മുന്തിരി, സ്ട്രോബറി, സിട്രസ് ഫ്രൂട്സ് , തുടങ്ങിയ പഴങ്ങളും നല്ലതാണ്.

അവയിലടങ്ങിയിട്ടുള്ള പെക്ടിൻ എന്ന സോല്യുബിൾ ഫൈബർ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. മത്തി, അയല പൊലുള്ള നെയ്യുള്ള മീനുകൾ കഴിക്കാം. അവയിലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ രക്തത്തിലെ ട്രൈഗ്ലിസറൈഡ്സ് കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

Related posts