🎼 🎼പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമ……🎼 🎼
അല്ലാ ഇന്നെന്താ ഒരു പാട്ടൊക്കെ ?
ഒന്നൂല്ല , മോൾക്ക് പല്ല് വന്നിരിക്കുന്നു. ആ പാൽപ്പല്ല് കാണിച്ചുള്ള ചിരി കണ്ടപ്പോ ഒന്നു മൂളി നോക്കിയതാ.
ഹ… ഹ…ഹഹ…അത് ഏതേയാലും നല്ലത് തന്നെ. ഇനിയിപ്പോ എല്ലാവരെയും കടിക്കലൊക്കെ തുടങ്ങിക്കോളും. പാട്ട് പാടിയാൽ മാത്രം പോര പല്ല് നന്നായി വ്യത്തിയാക്കി കൊടുക്കേം വേണം.
പാൽപ്പല്ല് കാണിച്ചുള്ള കുഞ്ഞിൻ്റെ പുഞ്ചിരിയോളം വശ്യമായതൊന്നുമില്ല. എന്നാൽ കുഞ്ഞുങ്ങളുടെ മറ്റ് കാര്യങ്ങളിൽ നൽകുന്ന ശ്രദ്ധ പല്ലുകളുടെ കാര്യത്തിൽ നൽകാറുണ്ടോ എന്ന് ചോദിച്ചാൽ “ഇല്ല “ എന്നാകും മറുപടി.
കുഞ്ഞുങ്ങളുടെ ദന്തരോഗം അവഗണിച്ച് കളയേണ്ട ഒന്നല്ല. പാൽപ്പല്ലുകൾ കുഞ്ഞിൻ്റെ താടിയെല്ലിൻ്റെ വളർച്ചയേയും പുതുതായി വരുന്ന പല്ലിൻ്റെ സ്ഥാനത്തേയും നിർണയിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവയുടെ കാര്യത്തിൽ അതീവ ശ്രദ്ധ ആവശ്യമാണ്.
ചില കുഞ്ഞുങ്ങളിൽ ജനിക്കുമ്പോഴേ പല്ല് മുളച്ച് കാണാറുണ്ട്. ഇവയെ അശുഭലക്ഷണമായി കാണുന്ന അന്ധവിശ്വാസങ്ങൾ പുലർത്തുന്നവരുമുണ്ട്. ജനിക്കുമ്പോഴെ കാണപ്പെടുന്ന പല്ലുകളെ നേറ്റൽ പല്ലുകൾ എന്ന് വിളിക്കുന്നു. ചില കുഞ്ഞുങ്ങളിൽ ആദ്യമാസത്തിൽ തന്നെ കാണപ്പെടുന്നവയെ നിയോനേറ്റൽ പല്ലുകൾ എന്നും വിളിക്കുന്നു. ഈ രണ്ടു തരം പല്ലുകളും ഓന്നോ രണ്ടോ മാത്രമാണ് കാണപ്പെടാറുള്ളത്.
സാധാരണയായി ആറു മാസം മുതൽ രണ്ടര വയസ്സിനുള്ളിലാണ് പാൽപ്പല്ലുകൾ മുളക്കാറുള്ളത്. 20 എണ്ണമാണ് പാൽപ്പല്ലുകളുടെ എണ്ണം. താഴത്തെ നിരയിലെ പാൽപ്പല്ലുകൾ ആദ്യം മുളച്ചതിനുശേഷം മുകളിലെ നിരയിലെ മുൻപല്ലുകളും അതിന് പിന്നിലുള്ളവയും വന്നു തുടങ്ങും. അണപ്പല്ലുകളാണ് അവസാനമായി വരാറുള്ളത്. രണ്ടര വയസ്സാവുമ്പോഴേക്കും 20 പാൽപ്പല്ലുകൾ വന്നു കഴിയും. ഇത് മുന്നോ നാലോ മാസം വൈകുമ്പോഴേക്കും ആശങ്കപ്പെടേണ്ട. കൂടുതൽ വൈകിയാൽ ദന്തഡോക്ടറെ സന്ദർശിച്ച് പരിശോധന ഉറപ്പാക്കണം.
എങ്ങനെ പല്ലുതേപ്പിക്കാം ?
പല്ലിൻ്റെ തടിപ്പ് മോണയിൽ തുടങ്ങുമ്പോൾതന്നെ പഞ്ഞിയിൽ വെള്ളം നനച്ച് വ്യത്തിയാക്കാവുന്നതാണ്. ആദ്യത്തെ പല്ല് മുളക്കുമ്പോൾതന്നെ ഒരു ഫിംഗർ ബ്രഷ് വിരലിൽ ധരിച്ച് മൃദുവായി ക്ലീൻ ചെയ്യാവുന്നതാണ്.
2 വയസ്സ് മുതൽ ജൂനിയർ ബ്രഷ് ഉപയോഗിച്ച് തുടങ്ങാം. കുട്ടിക്ക് കുറഞ്ഞത് 4 വയസ്സ് ആകുന്നത് വരെയെങ്കിലും മുതിർന്നവരുടെ മേൽനോട്ടത്തിൽ പല്ലുതേപ്പിക്കുന്നതാണ് നല്ലത്. വളരെ മൃദുവായ ബ്രഷുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഫ്ലൂറിഡേറ്റഡ് പോസ്റ്റുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. രണ്ടു വയസ്സുള്ള ഒരു കുട്ടിക്ക് ഒരു അരി മണിയുടെ അളവിലും മൂന്ന് വയസ്സ് കഴിക്കുമ്പോൾ ഒരു പയറു മണിയുടെ അളവിലുള്ള പേസ്റ്റ് മതിയാകും. മൂന്ന് വയസ്സ് കഴിയുമ്പോൾ രാവിലെയും രാത്രിയും പല്ല് തേപ്പിക്കാൻ ശ്രമിക്കുക. പല രുചികളിലുള്ള പേസ്റ്റുകൾ വിപണിയിൽ ലഭ്യമാണ്. സ്ട്രോബറി പോലെയുള്ള രുചികൾ അവർക്ക് ഇഷ്ടമാവുകയും ഇവ കാരണം മടിക്കൂടാതെ പല്ലുതേക്കുകയും ചെയ്യും.
പാൽപ്പല്ലുകൾ മാറി സ്ഥിരമായി പല്ലുകൾ വരുന്ന സമയം (6 വയസ്സു മുതൽ 12 വയസ്സ് വരെ) കുട്ടിയുടെ പല്ലുകൾക്കിടയിൽ വിടവ് കാണുകയും നിരതെറ്റി ഭംഗിക്കുറവ് കാണപ്പെടുകയും ചെയ്യാറുണ്ട്. ഇത് ഒരു തത്കാലിക പ്രതിഭാസമാണ്.12 വയസ്സാകുമ്പോഴേക്കും ഈ വിടവുകൾ അടഞ്ഞ് നിരയൊത്ത പല്ലുകളായി രൂപപ്പെടും. 13 വയസ്സിനു ശേഷം പല്ലിൻ്റെ നിര തെറ്റൽ കമ്പിയിട്ട് ശരിയാക്കാവുന്നതാണ്.
ഒരു വയസ്സ് ആകുമ്പോഴേക്ക് ആദ്യത്തെ ഡെൻ്റൽ വിസിറ്റ് നടത്തുന്നതും പിന്നീട് വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡോക്ടറെ കണ്ട് പരിശോധിപ്പിക്കുന്നതും ഗുണം ചെയ്യും. നഖം കടിക്കുക, പെൻസിൽ കടിക്കുക, ചുണ്ട് കടിക്കുക, വിരൽ കടിക്കുക, നാക്ക് തള്ളുക, വായ തുറന്നു കിടന്നുറങ്ങുക തുടങ്ങിയ പെരുമാറ്റപ്രശ്നങ്ങളും ഡോക്ടുടെ നിർദേശത്തോടെ പരിഹരിക്കാവുന്നതാണ്.
കുട്ടികളുടെ അടുത്ത് ഡെൻറ്റിസ്റ്റുകളെ ഭീകരജീവികളായി ചിത്രീകരിക്കാതിരിക്കുക. ‘നീ പല്ലുതേച്ചില്ലെങ്കിൽ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി ഇൻജെക്ഷൻ വെച്ച് പല്ലെടുക്കും’ എന്നുള്ള സ്ഥിരം തന്ത്രങ്ങൾ മാറ്റിപ്പിടിക്കുക. ഇതു മൂലം കുഞ്ഞുങ്ങൾ പല്ലുകളുടെ പ്രശ്നങ്ങൾ മറച്ച് വെക്കുകയും അവർക്ക് കിട്ടേണ്ട പല ലഘുവായ ചികിത്സകളും നഷ്ടമാവുകയും ചെയ്യുന്നു. കൃതൃമായി ശ്രദ്ധിച്ചാൽ അവരുടെ ഈ വശൃമായ പുഞ്ചിരി നമുക്ക് എന്നെന്നും നിലനിർത്താം.