വാഹനയാത്രകള് പലര്‍ക്കും പേടി സ്വപ്നമാണ്. കാരണം വാഹനയാത്രക്കിടെ പലര്‍ക്കും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഛര്‍ദി, തലകറക്കം എന്നിവ. അതിനാൽ തന്നെ യാത്രാപ്രേമികളായ പലർക്കും ഇതിനെക്കുറിച്ചോർക്കുമ്പോൾ യാത്ര ചെയ്യാൻ തന്നെ മടിയാണ്. ഏത് വാഹനത്തിലാണെങ്കിലും ഇത് പലര്‍ക്കും പതിവാണ്. ഇത് ഏത് പ്രായത്തിലുള്ളവര്‍ക്കും വരാം. കൂടുതല്‍ സ്ത്രീകള്‍ക്കാണ് ഉണ്ടാകുന്നതും. യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ഇത്തരം അസ്വസ്ഥതകള്‍ മാറാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
നമ്മള് എന്തു കാര്യങ്ങളും കാണുന്നതും അനുഭവിയ്ക്കുന്നതും സെന്‍സ് ഉപയോഗിച്ചാണ്. കണ്ണ്, മൂക്ക്, വായ, ചെവി എന്നിവയെല്ലാം ഇതില്‍ വരുന്നു. എന്നാല്‍ യാത്ര ചെയ്യുന്ന സമയത്ത് ഇവയുടെ എല്ലാ രീതിയിലെ പ്രവര്‍ത്തനവും ഏകോപിയ്ക്കപ്പെടുന്നില്ല. ഉദാഹരണത്തിന് നാം കാറില്‍ സഞ്ചരിക്കുന്നു എന്നിരിയ്ക്കട്ടെ, നമ്മുടെ ശരീരം മുന്നിലേക്ക് പോകുന്നു, കാഴ്ചകള്‍ പിന്നിലേയ്ക്ക് മറയുന്നു, ശരീരം കുലുങ്ങുന്നു. ഇതെല്ലാം തന്നെ ഒരുമിച്ച് ഏകോപിപ്പിയ്ക്കാന്‍ തലച്ചോറിന് കഴിയാതെ വരുന്നു. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നാം വേഗത്തില്‍ നീങ്ങുന്നു. എന്നാല്‍ നാം നോക്കുമ്പോള്‍ ഒരു അനക്കവും പലപ്പോഴും തോന്നില്ല. ചുറ്റും നോക്കുമ്പോള്‍ ഒന്നും മനസിലായെന്ന് വരില്ല. അതേ സമയം ചിലപ്പോള്‍ വിമാനം കുലുങ്ങുന്നു. ഇതും തലച്ചോറിന് ആശയക്കുഴപ്പമുണ്ടാകുന്നു.
അപ്പോള്‍ ആദ്യം സംഭവിയ്ക്കുക തലച്ചോര്‍ ആമാശത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നു. അതായത് ഭക്ഷണം ദഹിയ്ക്കുന്നത് നില്ക്കുന്നു. ഉമിനീര് കൂടുതല്‍ വരുന്നു. തലയ്ക്ക് പെരുപ്പ് അനുഭവപ്പെടുന്നു. ഇതേത്തുടര്‍ന്ന് ഛര്‍ദി വരുന്നു. ഇതോടൊപ്പം തലവേദന, അസ്വസ്ഥത എന്നിവയെല്ലാ ഉണ്ടാകുന്നു. അതാണ് യാത്ര പോകുമ്പോള്‍ ഛര്‍ദി ഉണ്ടാകുന്നത്. ഇത് പൊതുവേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകാം. എന്നാല്‍ ഇത്തരം പ്രശ്നമുള്ളവര്‍ വാഹനം ഓടിക്കുകയാണെങ്കില്‍ ഈ പ്രശ്നമുണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം ആ സമയത്ത് എല്ലാ സെന്സുകളും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കേണ്ടി വരുന്നു. അതാണ് കാരണവും.
ഈ പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഡ്രൈവിംഗ് അറിയാവുന്നവരെങ്കില് ഇടയ്ക്ക് വാഹനം ഡ്രൈവ് ചെയ്യുക. ഇതിലൂടെ ഛര്‍ദി പോലുള്ള അവസ്ഥകള്‍ വരാന്‍ സാധ്യത കുറവാണ്. ഇതു പോലെ യാത്രകളെങ്കില്‍ വയര്‍ നിറയെ കഴിയ്ക്കുന്നത് ഒഴിവാക്കുക. കാരണം ദഹനം തടസപ്പെടുന്നതാണ് യാത്ര ചെയ്യുമ്പോള്‍ ഛര്‍ദി വരാന്‍ പ്രധാന കാരണമാകുന്നത്. വിശപ്പ് മാറാനുള്ള, എളുപ്പം ദഹിയ്ക്കുന്ന രീതിയിലെ ഭക്ഷണം കഴിയ്ക്കാം. ഇനി ശ്രദ്ധിയ്ക്കേണ്ടത് യാത്ര ചെയ്യുമ്പോള്‍ ഛര്‍ദിയുള്ള ഒരാളുടെ അടുത്ത് പോയി ഇരിയ്ക്കരുത്. ഇതിന്റെ മണവും ആ അവസ്ഥയുമെല്ലാം നമുക്കും ഈ അവസ്ഥ ഉണ്ടാക്കാം. ഇതു പോലെ കുലുക്കം കുറയുന്ന സ്ഥലത്തിരിക്കാനും ശ്രദ്ധിക്കുക.
ഇതു പോലെ വശങ്ങളിലേയ്ക്ക് നോക്കി ഇരിയ്ക്കാതിരിയ്ക്കുക. മുന്നിലേയ്ക്ക് നോക്കിയിരിയ്ക്കുക. വാഹനം മുന്നിലേയ്ക്ക് പോകുന്നു, അപ്പോള്‍ മുന്നിലേക്ക് നോക്കുമ്പോള്‍ കണ്ണുകള്‍ അങ്ങോട്ടു പോകുന്നു, കാഴ്ചയും. ഇതല്ലെങ്കില്‍ കണ്ണടച്ച് ഇരിയ്ക്കുക. ഇതല്ലെങ്കില്‍ ഉറങ്ങാം. അതു പോലെ ചെവി മൂടി വയ്ക്കുക. പഞ്ഞി വച്ചോ ഇയര്‍ പ്ലഗ് വച്ചോ ആകാം. ഇത്തരം പ്രശ്നമെങ്കില്‍ യാത്രക്കിടെയുള്ള വായന ഒഴിവാക്കുക. കാരണം ഇത് സ്ട്രെയിന്‍ ഉണ്ടാക്കുന്നു. ഇതു പോലെ മൊബൈല്‍ നോക്കുന്നതും ഒഴിവാക്കുക. ഇതുപോലെ യാത്ര ചെയ്യുമ്പോള്‍ അത്യാവശ്യം മാത്രം കഴിയ്ക്കുക.
യാത്രക്കിടെ എസി ഓണാക്കിയിരുന്നാല് പലര്‍ക്കും അസ്വസ്ഥതയുണ്ടാകും. എന്നാൽ ഇത് എസി ഓണാക്കുന്നത് കൊണ്ടല്ല, ചുറ്റും അടച്ച് ഇരിയ്ക്കുന്നതു കൊണ്ടാണ്. പുറത്തു നിന്നും വായു ഉള്ളിലേയ്ക്ക് കടക്കാന്‍ അനുവദിച്ചാല്‍ പരിഹാരമുണ്ടാകും. ഇതു പോലെ ഓപ്പോസിറ്റ് രീതിയില്‍ വാഹനത്തില്‍ ഇരിക്കാതിരിയ്ക്കുക. അതായത് മുന്നോട്ട് പോകുന്ന വാഹനത്തില്‍ പിന്നോട്ട് തിരിഞ്ഞ് ഇരിയ്ക്കുന്ന രീതിയില്‍ ഇരിയ്ക്കരുത്.
മുകളിൽ പറഞ്ഞ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്രയ്ക്കിടയില്‍ വരുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.