Nammude Arogyam
General

വലിയ അദ്ധ്വാനമുള്ള ജോലി ഒന്നും ചെയ്തില്ലെങ്കിൽ പോലും ശരീരം അമിതമായി വിയർക്കുന്നുണ്ടോ? പരിഹാരമിതാ

വിയർത്തൊലിച്ച് നിൽക്കുമ്പോൾ ആരെയെങ്കിലും ആലിംഗനം ചെയ്യേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ? അതുമല്ലെങ്കിൽ വിയർപ്പ് നാറ്റം മൂലം ആൾക്കൂട്ടത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നിട്ടുണ്ടോ? എത്ര നല്ല വസ്ത്രം ധരിച്ചാലും, കക്ഷങ്ങൾ വിയർത്ത് മുങ്ങിയതിനാൽ വസ്ത്രത്തിന്റെ ഭംഗി പോലും നഷ്ടപ്പെടുന്ന സന്ദർഭം നമുക്ക് ഉണ്ടായിട്ടുണ്ടാവാം.

അമിതമായ വിയർപ്പ് ഒരേ സമയം അങ്ങേയറ്റം അസ്വസ്ഥതയും ലജ്ജയും ഉളവാക്കുന്ന ഒരു പ്രശ്നമാണ്. ഇത് ആത്മവിശ്വാസം പൂർണ്ണമായും തകർക്കുകയും, ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. അമിതമായ വിയർപ്പിനെ ചെറുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഫലപ്രദമായി ചെയ്യാൻ കഴിയുന്ന 4 വഴികൾ ഇവിടെയുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

1.ശക്തമായ ആന്റിപേർ‌സ്പിറൻറ് ഉപയോഗിക്കുക: അമിതമായി വിയർക്കുന്നവർക്ക് ശക്തമായ പ്രതിവിധിയാണ് ആന്റിപേർ‌സ്പിറൻറ് ഉപയോഗിക്കുക എന്നത്. ഒരു ആന്റിപേർസ്പിറന്റ് എപ്പോഴും കൈയ്യിൽ ഉണ്ടായിരിക്കണം, പ്രത്യേകിച്ചും അമിത വിയർപ്പിന് സാധ്യതയുണ്ടെങ്കിൽ. കുറഞ്ഞത് 14% അലുമിനിയം ക്ലോറൈഡ് അടങ്ങിയിരിക്കുന്ന ആന്റിപേർസ്പിറന്റ് തിരഞ്ഞെടുക്കുക. ആന്റിപേർ‌സ്പിറന്റിലെ അലുമിനിയം ക്ലോറൈഡാണ് യഥാർത്ഥത്തിൽ വിയർപ്പ് തടയുന്നത്. ചില കമ്പനികൾ മികച്ച ആന്റിപേർസ്പിറന്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അത് വിയർപ്പ് നിർത്തുക മാത്രമല്ല ശരീര ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു. മികച്ച ഫലങ്ങൾക്കായി ഉറങ്ങാൻ പോകുന്നതിനു മുമ്പ് രാത്രിയിൽ ആന്റിപേർസ്പിറന്റ് വൃത്തിയുള്ളതും വരണ്ടതുമായ ചർമ്മത്തിൽ പുരട്ടുക.

2.കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കുക: മസാല ചേർത്തതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വളരെയധികം വിയർക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. അത്തരം ഭക്ഷണം വിയർപ്പ് ഗ്രന്ഥികളെ വഷളാക്കുന്നു, ഇത് കൂടുതൽ വിയർക്കുവാനും കാരണമാകുന്നു. പകരം ആരോഗ്യകരമായ ഭക്ഷണ രീതികളിലേക്ക് മാറുക. കൂടാതെ, ധാരാളം വെള്ളം കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിർത്തുക. ജലത്തിന്റെ അളവ് കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നതും മികച്ച മാർഗ്ഗമാണ്. ഭക്ഷണക്രമത്തിൽ ചെറുതും അനിവാര്യവുമായ മാറ്റങ്ങൾ വരുത്തുക, ദീർഘകാലാടിസ്ഥാനത്തിലുള്ള വ്യത്യാസം തീർച്ചയായും അനുഭവപ്പെടും.

3.പതിവായി വ്യായാമം ചെയ്യുക: വ്യായാമം ചെയ്യുന്നത് വിയർപ്പ് മൊത്തത്തിൽ കുറയ്ക്കുന്നു എന്നതാണ് സത്യം. വ്യായാമം ചെയ്യുന്നത് സമ്മർദ്ദ ഹോർമോണുകൾ കുറയ്ക്കുന്നതിനും, വിശ്രമമേകുന്നതിനും, അമിതമായി വിയർക്കുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് മാത്രമല്ല, ചർമ്മ സുഷിരങ്ങൾ തുറക്കാനും വ്യായാമം സഹായിക്കുന്നു.

4.ഇറുകിയ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക: എത്ര മാത്രം വിയർക്കുന്നു എന്നതിന് കാരണമാകുന്ന മറ്റൊരു ഘടകമാണ് ധരിക്കുന്ന വസ്ത്രം. കട്ടി കുറഞ്ഞതും സുഖകരവുമായ തുണിത്തരങ്ങൾ ധരിക്കുക, വായു അവയിലൂടെ കടന്നുപോകാൻ അനുവദിക്കുകയും ചർമ്മത്തെ ശ്വസിക്കാൻ അനുവദിക്കുകയും ചെയ്യുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. വെൽവെറ്റ് പോലുള്ള കനം കൂടിയ തുണിത്തരങ്ങൾക്ക് പകരം കോട്ടൺ, സിൽക്ക് എന്നിവ തിരഞ്ഞെടുക്കുക.

ചില രോഗാവസ്ഥ മൂലവും ചിലപ്പോൾ അമിതമായി വിയർത്തേക്കാം. അതിനാൽ അമിതമായി വിയർക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

Related posts