മഴക്കാലം… കാറ്റും മഴയും ചായയും ഒക്കെയായി നമ്മൾ ഉത്സാഹത്തോടെ വരവേൽക്കുന്ന കാലം. പക്ഷേ, ഈ സുഖമുള്ള കാലാവസ്ഥയിൽ നമ്മൾ ഒരുപാടധികം മറക്കുന്ന ഒന്നുണ്ട് – നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ ഡി.
വിറ്റാമിൻ ഡി – അതായത് “സൂര്യൻ്റെ വിറ്റാമിൻ” എന്ന് വിളിക്കാവുന്ന ഈ പോഷകക്കുറവ് മഴക്കാലത്ത് ഏറെ സാധാരണമാണ്. കാരണം, നമ്മുടെ ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നത് പ്രധാനമായും സൂര്യപ്രകാശം മുഖാന്തിരമാണ്. സൂര്യന്റെ അൾട്രാവയലറ്റ്-ബി (UV-B) കിരണങ്ങൾ ചർമത്തിൽ പതിക്കുമ്പോഴാണ് ഈ വിറ്റാമിൻ ഉണ്ടാകുന്നത്. എന്നാൽ മഴക്കാലത്ത് ആകാശം ഇടവിട്ട് മേഘാവൃതമാവുകയും, വെയിൽ കുറയുകയും ചെയ്യുമ്പോൾ വിറ്റാമിൻ ഡി ആവശ്യത്തിന് ലഭിക്കാനാവാത്ത അവസ്ഥ വരും.

വിറ്റാമിൻ ഡി യുടെ കുറവ് ശരീരത്തിൽ പലതരം പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. പേശികൾ ശക്തമാകാതിരിക്കുക, കാൽമുട്ടുവേദന, തളർച്ച, പനി പോലെയുള്ള ക്ഷീണം, കുട്ടികളിൽ വളഞ്ഞു വളരുന്ന അസ്ഥികൾ (റിക്കറ്റ്സ്) എന്നിവ അതിൽ പ്രധാനമാണ്. ഇപ്പോൾ അതേ പ്രശ്നം വലിയവരിലും കാണുന്നുണ്ട്, പ്രത്യേകിച്ച് ഓഫീസിലിരുന്ന് ജോലി ചെയ്യുന്നവരിലും വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരിലും.
തിങ്കൾ മുതൽ ഞായർ വരെ രണ്ട് തവണ, കുറഞ്ഞത് 15–20 മിനിട്ട് നേരം വെയിൽ കൊള്ളുക എന്നത് നല്ല ശീലമാക്കിയാൽ നല്ലത്. രാവിലെ 9 മണിക്ക് മുമ്പോ വൈകിട്ട് 4ന് ശേഷമോ ഉള്ള സൂര്യപ്രകാശം കൂടുതൽ നല്ലതാണെന്ന് പറയപ്പെടുന്നു.
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും
നന്നായിരിക്കും – മീൻ (ചൂര, സാർഡിൻ, സാല്മൺ), മുട്ടയുടെ മഞ്ഞ, കുറച്ച് ഫോർട്ടിഫൈഡ് പാൽ ഉൽപ്പന്നങ്ങൾ, വിറ്റാമിൻ ഡി സപ്പ്ളിമെന്റുകൾ എന്നിവയിലൂടെ നമുക്ക് വിറ്റാമിൻ ഡി കുറവിനെ ചെറുത്ത് നിൽക്കാം.വലിയ അളവിലുള്ള വിറ്റാമിൻ ഡി അഭാവം മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങളിലേക്കും നയിക്കുന്നതിനാൽ ഒരു ഫിസിഷ്യന്റെ സഹായം തേടുന്നത് ഉചിതമാണ്.