ഇന്ന് നമുക്ക് വിപണികളിൽ നിന്ന് ലഭിക്കുന്ന ഏത് തരം വസ്തുക്കൾ ആയാലും അതിൽ ഏതെങ്കിലും തരത്തിൽ മായം കലർത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാൻ പാടാണ്. കാരണം കിട്ടുന്നതിനേക്കാൾ കൂടുതൽ ലാഭം നേടിയെടുക്കാൻ വേണ്ടി ഉപ്പിൽ തുടങ്ങി സ്വർണ്ണത്തിൽ വരെ മായം കലർത്താൻ മടിയില്ലാത്ത നിരവധി ആളുകൾ ഉണ്ട് ഈ സമൂഹത്തിൽ. അതുകൊണ്ടുതന്നെ എല്ലായ്പ്പോഴും തുറന്നു വെച്ച കണ്ണുകളോടെ ശ്രദ്ധാപൂർവം നോക്കിയിരുന്നില്ലെങ്കിൽ നമ്മളിൽ കൂടുതൽ പേരും എളുപ്പത്തിൽ തട്ടിപ്പിന് ഇരയായേക്കാം. നമ്മൾ കഴിക്കാൻ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഭക്ഷണ സാധാനങ്ങളിലും ഇന്ന് മായം ചേർക്കപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. നാം നിത്യവും കേൾക്കുന്ന അശുഭകരമായ പല വാർത്തകളിലും ഇക്കാര്യം സൂചിപ്പിക്കുന്നു. മായം കലർത്തപെട്ട ഭക്ഷണവസ്തുക്കൾ കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും ഒരുപോലെ നല്ലതല്ല എന്ന് പറയാം
നമ്മുടെ അടുക്കളയിലെ ഒരു പ്രധാന ചേരുവയാണ് മുളകുപൊടി. ഏത് കറി തയ്യാറാക്കുമ്പോഴും അതിനല്പം എരിവ് രുചി നല്കാൻ ഇതില്ലാതെ പറ്റില്ല. എന്നാൽ നമ്മൾ ഇന്ന് വിപണികളിൽ നിന്നും വാങ്ങിക്കുന്ന മുളകുപൊടി പാക്കറ്റുകളിൽ മായം കലർന്നിട്ടില്ലാത്തതാണ് എന്ന് എങ്ങനെ തിരിച്ചറിയും. പാക്കറ്റുകളിൽ വന്നെത്തുന്ന പലതിലും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ചില്ലി ഓയിൽ പോലുള്ള വസ്തുക്കൾ അടങ്ങിയിട്ടുണ്ടാകും എന്ന് പറയപ്പെടുന്നു. വളരെ ചിലവ് കുറഞ്ഞതായതിനാൽ തന്നെ ചിലയാളുകൾ ലാഭത്തിനായി മുളകു പൊടിയിൽ ഇത്തരം വസ്തുക്കൾ ചേർക്കുന്നു. ഇവ യാതൊരു രീതിയിലും ഭക്ഷണയോഗ്യമല്ല എന്നത് കൂടാതെ ഇവയിൽ ദോഷകരമായ ഒട്ടനവധി രാസവസ്തുക്കളും നിറഞ്ഞിരിക്കുന്നു. കൃത്യമ നിറത്തിനായി പലതരം രാസവസ്തുക്കൾ ചേർക്കപ്പെടുന്നത് മൂലം ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്നു. ചില ആളുകൾ മുളകുപൊടിയിൽ സോപ്പ്സ്റ്റോൺ അല്ലെങ്കിൽ ഇഷ്ടിക പൊടി തുടങ്ങിയവയുടെ രൂപത്തിൽ മായം കലർത്താറുണ്ട്.
നാം നിത്യവും പുറത്തു നിന്നും വാങ്ങി ഉപയോഗിക്കുന്ന മുളകുപൊടി മായം കലർന്നതാണോ അല്ലയോ എന്ന് പരിശോധിച്ച ശേഷം ആകണം ഇത് ഉപയോഗിക്കുന്നത്. ഇതിനെക്കുറിച്ച് ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ അതോറിറ്റി (FSSAI) പറഞ്ഞുതരുന്നുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ FSSAI ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ അപ്ലോഡ് ചെയ്തു. അതിൽ അവർ ഇഷ്ടിക പൊടിയും ടാൽക്ക് പൊടിയും കലർത്തിയ മുളകുപൊടിയും മായം കലരാത്ത മുളകുപൊടിയും തമ്മിലുള്ള പ്രധാന വ്യത്യാസം കാണിച്ചുതരുന്നുണ്ട്. ഉപയോഗിക്കുന്ന മുളകുപൊടിയിൽ മായം ചേർന്നിട്ടില്ലെന്ന് ഉറപ്പുവരുത്താനുള്ള ഒരേയൊരു മാർഗ്ഗം പുറത്തുനിന്നും മുളകുപൊടി പാക്കറ്റുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ ലളിതമായ രീതിയിൽ ഈ ഒരു പരീക്ഷണം നടത്തുക എന്നതാണ്.
ഒരു ഗ്ലാസിൽ വെള്ളം എടുക്കുക. അതിലേക്ക് മുളകുപൊടി ഒരു സ്പൂണിൽ എടുത്ത് വെള്ളത്തിലേക്ക് ഇടുക ഈ സമയം മുളക് തരിതരിയായി വെള്ളത്തിനടിയിലേക്ക് ഊർന്നുപോവുകയാണ് എങ്കിൽ മുളകുപൊടി ശുദ്ധമാണ് എന്ന് മനസിലാക്കാം. മുളകുതരികൾ താഴേക്ക് ഊർന്നുപോകുന്നതിന്റെ കൂട്ടത്തിൽ വെള്ളത്തിൽ നിറം പടരുന്നുണ്ടെങ്കിൽ മുളകുപൊടിയിൽ മായവും നിറവും ചേർത്തിട്ടുണ്ടെന്ന് തിരിച്ചറിയണം
മറ്റൊരു രീതി ചെറിയ അളവിൽ മുളകുപൊടി എടുത്ത് അൽപം വെള്ളം ചേർത്ത് കൈപ്പത്തിയിൽ തടവുക. ഇത് കയ്യിൽ വെച്ച് തിരുമ്മുമ്പോൾ എന്തെങ്കിലും തരത്തിൽ കട്ടി തോന്നിയാൽ മുളകുപൊടിയിൽ ഇഷ്ടികപ്പൊടി കലർത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കയ്യിൽ ചെറുതായി സോപ്പ് പുരണ്ട പോലെ തോന്നുകയാണെവെങ്കിൽ, അതിൽ സോപ്പ് സ്റ്റോൺ മായം ചേർക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
ശരീരത്തിനും, ആരോഗ്യത്തിനും പ്രാധാന്യം കൊടുക്കുന്നവരാണെങ്കിൽ, കഴിയുമെങ്കിൽ വീട്ടിൽ തന്നെ മുളകു വാങ്ങി പൊടിപ്പിച്ച് മുളകുപൊടിയായി ഉപയോഗിക്കുക.