സാധാരണമായി വയറുവേദന അസഹനീയമാകുമ്പോഴാണ് ഇത് അപ്പെൻഡിസൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാണോ എന്ന സംശയം നമുക്ക് ഉണ്ടാകുന്നത്. അടിവയറിന്റെ ചുവടെ വലതുഭാഗത്ത് വിരൽ ആകൃതിയിലുള്ള ഒരു സഞ്ചിയാണ് അപ്പെൻഡിക്‌സ്. ഇതിന് വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ വീക്കം സംഭവിക്കാം. ഈ അവയവം കൊണ്ട് മനുഷ്യശരീരത്തിന് ഒരു പ്രയോജനവുമില്ലെങ്കിലും, ഇവയുടെ പ്രശ്‌നം സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കിൽ നേരിയ വയറുവേദന മുതൽ ജീവന് ഭീഷണിയാകുന്ന അവസ്ഥയ്ക്ക് വരെ ഇത് കാരണമായേക്കാം, അതിനാൽ അപ്പെൻഡിസൈറ്റിസ് തിരിച്ചറിയാൻ കഴിയേണ്ടത് പ്രധാനമാണ്. അപ്പെൻഡിസൈറ്റിസ് ഉണ്ടെങ്കിൽ, സാധാരണയായി എത്രയും വേഗം നീക്കം ചെയ്യാറുണ്ട്. ഈ ശസ്ത്രക്രിയയെ അപ്പെൻഡിസെക്ടമി അല്ലെങ്കിൽ അപ്പെൻഡെക്ടമി എന്ന് വിളിക്കുന്നു.
ലക്ഷണങ്ങൾ
ഗർഭിണികൾ, കുട്ടികൾ, മറ്റ് ആളുകൾ എന്നിവരിൽ കാണുന്ന അപ്പെൻഡിസൈറ്റിസിന്റെ ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്.
വയറിനു നടുവിലുള്ള വേദനയോടു കൂടിയാണ് അപ്പെൻഡിസൈറ്റിസ് സാധാരണയായി ആരംഭിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ, വേദന വലതുഭാഗത്ത് താഴേക്ക് സഞ്ചരിച്ച് അസഹനീയവും കഠിനവുമാകുന്നു. ഈ ഭാഗത്ത് അമർത്തുന്നത്, ചുമയ്ക്കുന്നത് അല്ലെങ്കിൽ നടക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുമ്പോൾ വേദന കൂടുതൽ വഷളായേക്കാം.
വേദനയ്‌ക്കൊപ്പം, മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം.
* ഓക്കാനം, മനംപുരട്ടൽ
* ഛർദ്ദി
* വിശപ്പ് കുറവ്
* മലബന്ധം അല്ലെങ്കിൽ വയറിളക്കം
* പനിയും ചുവന്ന് തളർന്ന മുഖവും.
കുട്ടികൾക്ക് ഒരു പ്രത്യേക പ്രദേശത്ത് മാത്രമായി വേദന തോന്നണമെന്നില്ല. ശരീരത്തിലുടനീളം ബലഹീനത ഉണ്ടാകാം, അല്ലെങ്കിൽ വേദന ഉണ്ടാകണമെന്നില്ല.
പ്രായമായ മുതിർന്നവർക്കും, ഗർഭിണികൾക്കും വ്യത്യസ്ത ലക്ഷണങ്ങൾ അനുഭവപ്പെടാം. വയറുവേദന കുറഞ്ഞ തീവ്രതയും വ്യക്തത കുറഞ്ഞതുമായിരിക്കാം. ഓക്കാനം, ഛർദ്ദി, പനി എന്നിവ സാധ്യമായ ലക്ഷണങ്ങളാണ്. ഗർഭകാലത്ത്, ആദ്യ മൂന്ന് മാസങ്ങൾക്ക് ശേഷം വേദന വയറിന്റെ മുകൾഭാഗത്ത് വലതു വശത്തേക്ക് മാറിയേക്കാം. പുറകിലോ പാർശ്വ ഭാഗത്തോ വേദന ഉണ്ടാകാം.
വയറുവേദനയ്ക്ക് എപ്പോഴാണ് ഒരു ഡോക്ടറെ കാണേണ്ടത്?
* വയറുവേദന ഉണ്ടെങ്കിൽ, അത് ക്രമേണ വഷളാകുന്നുണ്ടെങ്കിൽ
* മരുന്നുകൾ രോഗലക്ഷണങ്ങളെ കുറയ്ക്കുന്നില്ലെങ്കിൽ
* കുട്ടിക്ക് കഠിനമായ വയറുവേദന ഉണ്ടെങ്കിൽ
* ഗർഭിണികൾക്ക് നല്ല വയറുവേദന ഉണ്ടെങ്കിൽ
ആശയക്കുഴപ്പമുണ്ടാക്കുന്ന അവസ്ഥ
അപ്പെൻഡിസൈറ്റിസ് ഇനിപ്പറയുന്ന പ്രശ്നങ്ങളുമായി എളുപ്പത്തിൽ ആശയക്കുഴപ്പത്തിലാക്കാം.
* ഗ്യാസ്ട്രോഎന്റൈറ്റിസ് (ആന്ത്രവീക്കം)
* കടുത്ത ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐ.ബി.എസ്)
* മലബന്ധം
* മൂത്രസഞ്ചി അണുബാധ അല്ലെങ്കിൽ മൂത്രത്തിൽ അണുബാധ
* പെൽവിക് അണുബാധ
സ്ത്രീകളിൽ, അപ്പെൻഡിസൈറ്റിസിന് സമാനമായ ലക്ഷണങ്ങളിൽ ചിലപ്പോൾ എക്ടോപിക് ഗർഭാവസ്ഥ (ഗർഭാശയത്തിനു പുറത്ത് ഭ്രൂണം കിടക്കുന്ന അവസ്ഥ), ആർത്തവ വേദന അല്ലെങ്കിൽ പെൽവിക് ഇൻഫ്ലമേറ്ററി രോഗം (പിഐഡി) പോലുള്ള ഗർഭാശയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. എന്നാൽ നിരന്തരമായ വയറുവേദനയ്ക്ക് കാരണമാകുന്ന ഏത് അവസ്ഥയ്ക്കും അടിയന്തിര വൈദ്യസഹായം ആവശ്യമാണ്.
രോഗനിർണയം
അപ്പെൻഡിസൈറ്റിസ് രോഗം നിർണ്ണയിക്കാൻ ഒരു ഡോക്ടർ സാധാരണയായി ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യും
1.വിശദമായ ചരിത്രം- ലക്ഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നതാണ്
2.ദേഹ പരിശോധന
3.രക്തപരിശോധനയും മൂത്രപരിശോധനയും- അണുബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തുവാനും ഗർഭധാരണത്തിനുള്ള സാധ്യത തള്ളിക്കളയുവാനും ആണ് ഇത് ചെയ്യുന്നത്.
4.ഇമേജിംഗ്- അൾട്രാസൗണ്ട്/സിടി സ്കാൻ. ഇത് രോഗനിർണയം സ്ഥിരീകരിക്കുന്നതിനും അനാവശ്യ ശസ്ത്രക്രിയ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.
ചികിത്സ
അപ്പെൻഡിസൈറ്റിസ് ഉണ്ടെങ്കിൽ, സാധാരണയായി എത്രയും വേഗം നീക്കം ചെയ്യേണ്ടതുണ്ട്. ഈ ശസ്ത്രക്രിയയെ അപ്പെൻഡിസെക്ടമി അല്ലെങ്കിൽ അപ്പെൻഡെക്ടമി എന്ന് വിളിക്കുന്നു. അപ്പെൻഡിസൈറ്റിസ് ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ, വ്യക്തമായ രോഗനിർണയം നടത്താൻ സാധ്യമല്ല എന്ന അവസ്ഥയാണ് ഉള്ളതെങ്കിൽ ശസ്ത്രക്രിയ പലപ്പോഴും ശുപാർശ ചെയ്യുന്നു. കാരണം, അപ്പെൻഡിക്‌സ് പൊട്ടിത്തെറിക്കുന്നതിനേക്കാൾ സുരക്ഷിതമായ കാര്യമാണ് അത് നീക്കംചെയ്യുന്നത് എന്ന് കണക്കാക്കപ്പെടുന്നു.
കീഹോൾ അഥവ താക്കോൽദ്വാര ശസ്‌ത്രക്രിയ അല്ലെങ്കിൽ തുറന്ന ശസ്‌ത്രക്രിയ വഴി സാധാരണ അനസ്തേഷ്യ കൊടുത്ത് അപ്പെൻഡിസെക്ടമി നടത്തുന്നു. കീഹോൾ ശസ്ത്രക്രിയയുടെ ഒരു പ്രധാന ഗുണം പെട്ടെന്ന് സുഖംപ്രാപിക്കുവാൻ കഴിയും എന്നതാണ്. മാത്രമല്ല, ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം മിക്ക ആളുകൾക്കും ആശുപത്രി വിടാം. നടപടിക്രമങ്ങൾ ഉടനടി പൂർത്തിയാക്കുകയാണെങ്കിൽ, 24-48 മണിക്കൂറിനുള്ളിൽ വീട്ടിലേക്ക് പോകാം. തുറന്നതോ സങ്കീർണ്ണമോ ആയ ശസ്ത്രക്രിയ ചെയ്യുകയാണെങ്കിൽ, വീട്ടിലേക്ക് പോകാൻ പര്യാപ്തമാകുന്നതിന് ഒരാഴ്ച വരെ സമയം എടുത്തേക്കാം.
അപ്പെൻഡിസൈറ്റിസ് മൂലം എന്തൊക്കെ തരത്തിലുള്ള സങ്കീർണതകൾ ഉണ്ടാകാം?
1.വേദന കുറച്ചുനേരം ശമിക്കുകയും, പിന്നീട് വഷളാവുകയും ചെയ്യുന്ന രീതിയുണ്ടെങ്കിൽ, അപ്പെൻഡിക്‌സ് പൊട്ടുന്ന അവസ്ഥ ഉണ്ടായേക്കാം.
2.അപ്പെൻഡിക്‌സ് പൊട്ടുന്നത് പെരിടോണിറ്റിസിന് കാരണമാകും, ഇത് അടിവയറ്റിലെ ആന്തരിക പാളിൽ ഉണ്ടാകുന്ന ഗുരുതരമായ അണുബാധയാണ്.
3.ചിലപ്പോൾ പൊട്ടിയ അപ്പെൻഡിക്‌സിന് ചുറ്റും ഒരു കുരു രൂപം കൊള്ളുന്നു. ശരീരം അണുബാധയെ ചെറുക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന പഴുപ്പിന്റെ വേദനാജനകമായ ശേഖരമാണിത്.
മനുഷ്യരിൽ, അപ്പെൻഡിക്‌സ് ഒരു തരത്തിലുള്ള പ്രധാന പ്രവർത്തനവും നടത്തുന്നില്ല. അത് നീക്കം ചെയ്യുന്നത് ദീർഘകാല പ്രശ്‌നങ്ങൾക്ക് കാരണമാകില്ല. അത്കൊണ്ട്, അപ്പെൻഡിസൈറ്റിസിന്റെ ലക്ഷണങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകുകയും രോഗലക്ഷണങ്ങൾ കുറയാത്ത സാഹചര്യത്തിൽ തുടക്കത്തിൽ തന്നെ വൈദ്യോപദേശം തേടുകയും വേണം.