ഏത് ചെറിയ കാര്യത്തിനും ആധി പിടിക്കുന്ന സ്വഭാവമാണോ നിങ്ങളുടേത്? മറ്റുള്ളവര്‍ ഇക്കാരണം പറഞ്ഞ് കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യാറുണ്ടോ? സ്വയം തന്നെ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം അനുഭവിച്ചിട്ടുണ്ടോ? എങ്കില്‍ ഒരുപക്ഷേ ഇനി പങ്കുവയ്ക്കുന്ന ചില ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് സഹായകമായേക്കാം.
‘ഉത്കണ്ഠ’ അഥവാ ‘ആംഗ്‌സൈറ്റി’ എന്ന് പറയുന്നത് ഒരു മാനസികാവസ്ഥയാണ്. ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന മോശം അവസ്ഥയെ മുന്‍കൂട്ടി ചിന്തിക്കുന്ന അവസ്ഥയെന്ന് ലളിതമായി പറയാം. ഇ്ത ഏറിയും കുറഞ്ഞും എല്ലാ മനുഷ്യരിലും കാണുന്ന സാധാരണമായ മാനസികാവസ്ഥ തന്നെയാണ്.
പലപ്പോഴും നമ്മള്‍ തന്നെ അറിഞ്ഞോ അറിയാതെയോ ഉത്കണ്ഠയിലെത്തുകയും അതുപോലെ തന്നെ അതില്‍ നിന്ന് രക്ഷ നേടുകയും ചെയ്യുകയാണ് ഉണ്ടാകുന്നത്. ഇത് നിത്യജീവിതത്തില്‍ നിന്ന് മാറ്റിവയ്ക്കാവുന്ന ഒന്നായിട്ടല്ല, മറിച്ച് അതിനോടുകൂടി ചേര്‍ന്നുനില്‍ക്കുന്ന ഒന്നായിട്ടാണ് നിലനില്‍ക്കുന്നത്.
എന്നാല്‍ ചിലര്‍ക്ക് അറിഞ്ഞോ അറിയാതെയോ ഉത്കണ്ഠയിലെത്തിപ്പെട്ടാല്‍ പിന്നെ അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെയാകും. നിത്യജീവിതത്തിന്റെ ഭാഗമായി ഇത് നില്‍ക്കാതെ, നിത്യജീവിതത്തിലെ വിവിധ ഘടകങ്ങളെ പ്രശ്‌നത്തിലാക്കുന്ന, തകര്‍ക്കുന്ന തരത്തിലേക്ക് വില്ലനായും ഉത്കണ്ഠ മാറാം.
ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഉത്കണ്ഠയെ മാനസിക രോഗമായി കണക്കാക്കപ്പെടുന്നത്. ‘ആംഗ്‌സൈറ്റി ഡിസോര്‍ഡര്‍’ എന്നാണീ അവസ്ഥയെ വിളിക്കുന്നത്. ഇനി ആദ്യമേ സൂചിപ്പിച്ചത് പോലെ ഇതിന്റെ ചില ലക്ഷണങ്ങള്‍ കൂടി പരീക്ഷിക്കാം.
എല്ലായ്‌പ്പോഴും അസ്വസ്ഥതയിലും മനക്ഷോഭത്തിലും തുടരുന്നു എന്നത് ‘ആംഗ്‌സൈറ്റി ഡിസോര്‍ഡറി’ന്റെ ഒരു ലക്ഷണമാണ്. നെഞ്ചിടിപ്പ് കൂടുക, കൈവെള്ളകള്‍ വിയര്‍ക്കുക, കൈകാലുകള്‍ വിറപ്പിക്കുക, വായ വരണ്ടുപോവുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കാം. എന്നാലിവയൊന്നും അസാധാരണമാണെന്ന് ഒരാള്‍ക്ക് സ്വയം തിരിച്ചറിയുകയെന്നത് എളുപ്പമല്ല.
എന്തിനും ഏതിനും ക്ഷമ തോന്നാത്ത മാനസികാവസ്ഥയും ‘ആംഗ്‌സൈറ്റി ഡിസോര്‍ഡറി’ന്റെ ലക്ഷണമാകാം. പൊതുവേ കുട്ടികളും കൗമാരക്കാരുമാണ് ക്ഷമയില്ലാതെ പെരുമാറുക. എന്നാല്‍ ഉത്കണ്ഠ മൂലം പ്രശ്‌നത്തിലായ മുതിര്‍ന്നവരും ഇതേ രീതിയില്‍ തന്നെ പെരുമാറുന്നു. ഒരിടത്ത് അടങ്ങിയിരിക്കാന്‍ സാധിക്കാതിരിക്കുക, ആരെയെങ്കിലും കേട്ടിരിക്കാന്‍ സാധിക്കാതിരിക്കുക, പെരുമാറ്റത്തിലും ഇതേ അക്ഷമ കടന്നുവരിക എന്നിവയെല്ലാം ഇതില്‍ സംഭവിക്കാം.
എത്ര വിശ്രമിച്ചാലും എത്ര ഉറങ്ങിയാലും വീണ്ടും ക്ഷീണം അനുഭവപ്പെടാറുണ്ടോ? ഇതും ഒരുപക്ഷേ ‘ആംഗ്‌സൈറ്റി ഡിസോര്‍ഡര്‍’ ലക്ഷണമാകാം. ഇതിനോടൊപ്പം തന്നെ പേശികള്‍ വലിഞ്ഞുമുറുകുക, സന്ധികളില്‍ വേദന എന്നിവയും അനുഭവപ്പെടാം.
ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാറില്ലേ? ഓഫീസ് കാര്യങ്ങളോ വീട്ടുകാര്യങ്ങളോ പഠനകാര്യങ്ങളോ ആകട്ടെ, മനസ് കേന്ദ്രീകരിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെടാറുണ്ടോ?
ഇതും ‘ആംഗ്‌സൈറ്റി ഡിസോര്‍ഡര്‍’ ലക്ഷണമായേക്കാം. ഇത് ക്രമേണ ജോലിയിലെ പ്രകടനം, കുടുംബ ബന്ധങ്ങള്‍, സൗഹൃദം, ലൈംഗികജീവിതം എന്നിങ്ങനെ വ്യക്തിയുടെ ചുറ്റുപാടുകളെയെല്ലാം ബാധിക്കാം. ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ‘അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്‍ഡര്‍’, വിഷാദരോഗം (ഡിപ്രഷന്‍) എന്നീ അവസ്ഥകളിലും കാണാം.
ഉറക്കമില്ലായ്മ അഥവാ ‘ഇന്‍സോമ്‌നിയ’യും ‘ആംഗ്‌സൈറ്റി ഡിസോര്‍ഡര്‍’ ലക്ഷണമായി വരാറുണ്ട്. ക്ഷീണവും തളര്‍ച്ചയുമെല്ലാം തോന്നാം, എന്നാല്‍ ഉറങ്ങാന്‍ സാധിക്കാതെ വരുന്ന അവസ്ഥ. ഈ സമയങ്ങളിലെല്ലാം നെഞ്ചിടിപ്പ് കൂടുകയും ചെയ്യാം.
‘ആംഗ്‌സൈറ്റി ഡിസോര്‍ഡര്‍’ ഉള്ളവരില്‍ പ്രകടമായി കാണുന്ന മറ്റൊരു ലക്ഷണമാണ് ‘പാനിക് അറ്റാക്ക്’. ഹൃദയാഘാതത്തിന് സമാനമായി നെഞ്ചില്‍ അസ്വസ്ഥത, ശ്വാസതടസം, അസാധാരണമായി വിയര്‍ക്കല്‍, വിറയല്‍ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ‘പാനിക് അറ്റാക്കി’ലും ഉണ്ടാകുന്നു. സ്വയം മരിക്കാന്‍ പോവുകയാണെന്ന് തോന്നുകയും അത് വിശ്വസിക്കുകയും അതില്‍ പേടിക്കുകയും അസ്വസ്ഥതപ്പെടുകയുമെല്ലാം ഈ ഘട്ടത്തില്‍ വ്യക്തി ചെയ്‌തേക്കാം.
മാനസിക രോഗങ്ങളെല്ലാം തന്നെ തന്നെ ശാരീരികിമായ വിഷയങ്ങളോടും ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിനാല്‍ തന്നെ ഉത്കണ്ഠയുടെ ലക്ഷണങ്ങളിലും ശാരീരിക വിഷമതകള്‍ ഉള്‍പ്പെടുന്നു. ദഹനപ്രശ്‌നങ്ങള്‍, ഓക്കാനം എന്നിവയാണ് ഇതിലെ രണ്ട് പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍. ഇതിനൊപ്പം മലബന്ധവും സ്ഥിര പ്രശ്‌നമായി മാറാം