പ്രമേഹ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാവരും ഭയപ്പെടുന്നതുമായ സങ്കീർണ്ണതകളിൽ ഒന്നാണ് പ്രമേഹജന്യ വൃക്കരോഗം അഥവാ ഡയറ്റിക് കിഡ്നി ഡിസീസ്. പമേഹ രോഗികളിൽ ഏകദേശം 40 ശതമാനം പേരിലും പ്രമേഹ ജന്യ വൃക്കരോഗം ഉണ്ടാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹ രോഗിക്ക് വൃക്കരോഗം ബാധിക്കുന്നതോടെ അയാളുടെ ഹൃദ്രോഗ സാധ്യതയും പലവിധ അണബുാധയുടെ സാധ്യതയും വർദ്ധിക്കുന്നതായി കാണുന്നു.
പ്രമേഹരോഗത്തിന്റെയും വൃക്കരോഗ ചികിത്സയുടെയും രംഗത്ത് മുന്നേറ്റങ്ങളുണ്ടായിട്ടും ലോകമെമ്പാടും ഡയറ്റിക് കിഡ്നി ഡിസീസ് വർദ്ധിച്ചു വരുന്നതായികാണുന്നു. ഇതിനു കാരണമായി കണക്കാക്കുന്നത് പ്രമേഹരോഗത്തോടൊപ്പം തന്നെ വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, രക്താദിസമ്മർദ്ദം, വ്യായാമമില്ലായ്മ, ഭക്ഷണത്തിലെ അമിതമായ ഉപ്പിന്റെ ഉപയോഗം, പുകവലി മുതലായ ദുശ്ശീലങ്ങൾ, ചില ജനിതക കാരണങ്ങൾ എന്നിവയാണ്. പ്രമേഹജന്യ വൃക്കരോഗത്തിന്റെ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നത് രോഗനിർണ്ണയത്തിലുള്ള കാലതാമസമാണ്. രോഗിക്ക് വൃക്കരോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും രോഗം വളരെ സങ്കീർണ്ണമായ ഘട്ടത്തിൽ എത്തിയിരിക്കാം. ഇവിടെയാണ് രോഗം നേരത്തേ കണ്ടുപിടിക്കാനും തടയാനും സാധ്യമാക്കുന്ന സ്ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം. വളരെ ലളിതവും, ചെലവ് കുറഞ്ഞതുമായ പരിശോധനകളിൽ മൂത്രത്തിലെആൽബുമിന്റെ അളവ് അറിയുന്ന യൂറിൻ ആൽബുമിൻ ക്രിയാറ്റിൻ റേഷ്യോ, ശരീരത്തിലെ ക്രിയാറ്റാനിന്റെ അളവ് എന്നീ ടെസ്റ്റുകളിലൂടെ രോഗനിർണ്ണയം നടത്താവുന്നതാണ്.
പ്രമേഹ രോഗം കണ്ടുപിടിക്കുന്ന സമയത്തും, പിന്നീട് നിശ്ചിത ഇടവേളകളിലും ഈ ടെസ്റ്റുകൾ ചെയ്യുന്നത് രോഗം കണ്ടുപിടിക്കാനും തടയാനും സഹായിക്കും. രോഗം കണ്ടുപിടിച്ചാൽ അത് പ്രമേഹവുമായി ബന്ധപ്പെട്ടുണ്ടായ വൃക്കരോഗമാണോ എന്ന് ഉറപ്പിക്കാനായി നെഫ്രോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽഅതിന്റെ ചികിത്സ വൃക്ക രോഗത്തിന്റെ സ്റ്റേജ് അഥവാ ഘട്ടം അനുസരിച്ചായിരിക്കും നിർദ്ദേശിക്കുക.എന്നിരുന്നാലും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതായിരിക്കും ഏറ്റവും ഉചിതമായ മാർഗ്ഗം.
ഇതിൽ ഏറ്റവും പ്രധാനം പ്രമേഹം കണ്ടുപിടിക്കുന്ന പ്രാരംഭദശയിൽ തന്നെ സമഗ്രമായ ജീവിതശൈലീമാറ്റങ്ങൾ അവലംബിക്കുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള പ്രമേഹത്തിന്റെ മരുന്നുകളും ആവശ്യമെങ്കിൽ ഇൻസുലിനും ഉപയോഗിച്ച് ശരീരത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കുകയും ചെയ്യുക എന്നതാണ്. ഇങ്ങനെ പ്രാരംഭഘട്ടത്തിലുള്ള പഞ്ചസാരയുടെ നിയന്ത്രണം ഒരു പരിധിവരെ വൃക്ക രോഗത്തെ തടയാൻ സഹായിക്കും. ഇതോടൊപ്പം തന്നെ പ്രധാനമാണ് ശരീരഭാരം കുറയ്ക്കുക, പ്രമേഹത്തോടൊപ്പം കാണുന്ന രക്താതിസമ്മർദ്ദത്തെ നിസ്സാരമായി കാണാതെ വളരെ കർശനമായി നിയന്ത്രിക്കുക തുടങ്ങിയവ. പ്രമേഹരോഗ ചികിത്സയ്ക്കായി അടുത്ത കാലത്തായി കണ്ടുപിടിച്ച ചില മരുന്നുകൾ പ്രമേഹ രോഗനിയന്ത്രണത്തോടൊപ്പം തന്നെ വൃക്ക രോഗത്തേയും തടയുന്നതായി കാണിക്കുന്ന പഠനങ്ങൾ പ്രതീക്ഷയ്ക്ക് വക നൽകുന്നു. അങ്ങനെ ചിട്ടയായ ജീവിതശൈലിയും അതിനോടൊപ്പം അനുയോജ്യമായ ചികിത്സാരീതിയും പിൻതുടരുന്നതിലൂടെ ഡയറ്റിക് കിഡ്നി രോഗത്തിന്റെ സങ്കീർണ്ണതകളിൽ നിന്ന് പ്രമേഹരോഗികളെ സംരക്ഷിക്കാൻ നമുക്ക് സാധിക്കും.
ഓർക്കുക, പ്രമേഹമാണ് വൃക്കരോഗത്തിന് കാരണമാകുന്നത്. അല്ലാതെ രോഗനിയന്ത്രണത്തിനായി കഴിക്കുന്ന മരുന്നുകളല്ല.
Diabetes is the leading cause of kidney disease.