ലേഖകൻ:ഡോ. കുൽദ്ദീപ് ചുള്ളിപ്പറമ്പിൽ,
കാര്‍ഡിയാക് സര്ജന്
റോഡിലൂടെ നടന്നുപോകുന്ന ഒരാൾ പെട്ടെന്നായിരിക്കാം കുഴഞ്ഞുവീഴുന്നത്. പൂർണ ആരോഗ്യവാനെന്നു തോന്നിക്കുന്നവരെപോലും നിമിഷങ്ങൾക്കുള്ളിൽ മരണത്തിലേക്കു കൊണ്ടുപോകാൻ ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്കിനു സാധിക്കും. ലോക ഹൃദയാരോഗ്യ ദിനത്തിൽ (സെപ്റ്റംബർ 29) ഹൃദയാഘാതവുമായി ബന്ധപ്പെട്ട ചില അറിവുകൾ പങ്കുവയ്ക്കാം.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ
* നെഞ്ചിന്റെ ഇടതുവശത്തായി വലിയൊരു ഭാരം കയറ്റിവച്ചതുപോലെ കഠിനമായ വേദന
* ചിലപ്പോൾ മേൽവയറ്റിലോ ഇടത് തോളത്തോ താടിയിലോ കഴുത്തിന്റെ പുറത്തോ നെഞ്ചിന്റെ പിൻഭാഗത്തോ വേദനയായും ഹൃദയാഘാതം വരാം. വയറെരിച്ചിലും ഇതിന്റെ ലക്ഷണമാകാം.
* വേദനയോടൊപ്പം ശ്വാസം വലിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടാം
* ഹൃദയമിടിപ്പ് മിനിട്ടിൽ 100ൽ കൂടിയാലും 40ൽ താഴ്ന്നാലും അപകടമാണ്
* ശ്വാസോച്ഛ്വാസ നിരക്ക് 16നു മേലേയാകുന്നതും അപകടമാണ്
* ബോധം നഷ്ടമാകുക
* രക്തസമ്മർദ്ദം കുറയുക
ശ്രദ്ധിക്കുക
* പ്രമേഹ രോഗമുള്ളവരിലും മറ്റും വേദന ഒട്ടും അനുഭവപ്പെടണമെന്നില്ല.
* ഗ്യാസ്ട്രബിൾ, പിത്താശയത്തിലെ കല്ല്, പുളിച്ചു തികട്ടൽ മുതലായ അസുഖങ്ങൾ ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ കണ്ടാലുടൻ അത് ഹൃദയാഘാതമാണോ എന്നറിയാൻ വിദഗ്ദ്ധ വൈദ്യസഹായം തേടണം, വൈകരുത്.
* നെഞ്ചുവേദന വന്ന് ഒരു മണിക്കൂറിനുള്ളിലെങ്കിലും ആശുപത്രിയിൽ എത്തിച്ചാൽ മാത്രമേ ഹൃദയാഘാത ചികിൽസ ഫലപ്രദമാകൂ.
* ഹൃദയാഘാത ചികിൽസക്ക് സൗകര്യമുള്ള ആശുപത്രിയിൽ തന്നെ ആദ്യമേ എത്തിക്കാൻ ശ്രമിക്കുക. പര്യാപ്തമായ ചികിൽസ ലഭിക്കാനിടയില്ലാത്ത ആശുപത്രികളിൽപോയി സമയം പാഴാക്കരുത്.
What are the main causes of a heart attack? Find out here along with the information about the causes, symptoms, and most common treatments.