ശരീരത്തിൽ നിന്ന് വരുന്ന വിയർപ്പിന്റെ ഗന്ധം പലർക്കും വലിയൊരു പ്രശ്നമാണ്. ചുറ്റുമുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതും, ചിലപ്പോൾ നമമുക്ക് തന്നെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഇതു കൊണ്ടാണ്. സാധാരണയായി എല്ലാവരും കരുതുന്നത് വിയർപ്പിന്റെ ഗന്ധം വൃത്തിക്കുറവിനാലാണെന്ന് ആണ്. പക്ഷേ യാഥാർത്ഥ്യം അങ്ങനെ മാത്രമല്ല. വിയർപ്പ് ഗന്ധമുള്ളതല്ല, മറിച്ച് ശരീരത്തിലെ ചെറു ബാക്ടീരിയകൾ വിയർപ്പുമായി പ്രതികരിച്ച് ചില രാസവസ്തുക്കൾ ഉണ്ടാക്കുമ്പോഴാണ് ഗന്ധം പുറത്തുവരുന്നത്.
അതേസമയം, ശരീരത്തിൽ നിന്ന് ഉണ്ടാകുന്ന അസാധാരണമായ ഗന്ധം പലപ്പോഴും ആരോഗ്യവുമായി ബന്ധപ്പെട്ടു കാണുന്നു. ഉദാഹരണത്തിന്, ചിലപ്പോൾ ശരീരത്തിൽ നിന്ന് ‘ഫ്രൂട്ടി’ പോലുള്ള ഗന്ധം അനുഭവപ്പെടാം. ഇത് സാധാരണ ഡയബറ്റിക് രോഗികളിൽ, പ്രത്യേകിച്ച് കെറ്റോആസിഡോസിസ് എന്ന ഗുരുതരാവസ്ഥയിൽ കാണപ്പെടുന്ന ഒന്നാണ്. വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ ശരീരത്തിൽ നിന്ന് മീൻപോലുള്ള ഗന്ധം ഉണ്ടാകാം. കരൾ പ്രവർത്തനത്തിൽ പ്രശ്നമുണ്ടെങ്കിൽ മധുരവും ദുർഗന്ധവും കലർന്നൊരു അസാധാരണ ഗന്ധം വരാറുണ്ട്. ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്ന കൗമാരപ്രായത്തിലും, ഗർഭകാലത്തിലും, മെനോപ്പോസിലും വിയർപ്പിന്റെ ഗന്ധം കൂടുതൽ ശക്തമായി തോന്നാം. അതുപോലെ തന്നെ ശരാശരിയേക്കാൾ കൂടുതലായി വിയർക്കുന്ന ഹൈപ്പർഹൈഡ്രോസിസ് എന്ന അവസ്ഥയിലും ഗന്ധം കൂടുതലായിരിക്കും.

ശരീരഗന്ധം നിയന്ത്രിക്കാൻ സാധാരണ ജീവിതശൈലി മാറ്റങ്ങൾ വളരെ സഹായകരമാണ്. ദിവസവും കുളിക്കുന്നത്, വസ്ത്രങ്ങൾ വൃത്തിയായി ധരിക്കുന്നത്, പ്രത്യേകിച്ച് വായു കടന്നുപോകാൻ സഹായിക്കുന്ന കോട്ടൺ പോലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഉള്ളി, വെളുത്തുള്ളി, മസാലകൾ, മദ്യം തുടങ്ങിയ ചില ഭക്ഷണങ്ങൾ ശരീരഗന്ധം വർധിപ്പിക്കുമെന്നതിനാൽ ഇവ നിയന്ത്രിക്കുന്നത് നല്ലതാണ്. മതിയായ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്നുള്ള വിഷാംശങ്ങൾ പുറത്താക്കാനും ഗന്ധം കുറയ്ക്കാനും സഹായിക്കും.
പക്ഷേ, പതിവായി ചെയ്യുന്ന ശുചിത്വ ശീലങ്ങൾ പോലും കാര്യമാകാതെ, ശരീരഗന്ധത്തിൽ പെട്ടെന്ന് വലിയൊരു മാറ്റം സംഭവിച്ചാൽ, കൂടാതെ ക്ഷീണം, തലചുറ്റൽ, വയറുവേദന പോലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഡോക്ടറെ കാണുന്നത് വൈകിക്കരുത്. കാരണം, ശരീരത്തിൽ നിന്നുള്ള ഗന്ധം പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ കണ്ണാടിയാണ്. അത് സാധാരണ പ്രശ്നമല്ല, ചിലപ്പോൾ വലിയൊരു മുന്നറിയിപ്പായിരിക്കും.