ഇന്നത്തെ കാലത്ത് നമ്മുടെ ദിനചര്യ മുഴുവനും സ്ക്രീനുകളോട് ബന്ധിപ്പിച്ചിരിക്കുന്നു. പഠനത്തിനും, ജോലിക്കും, വിനോദത്തിനും, വരെ ഉറങ്ങുന്നതിന് മുമ്പ് പോലും നാം മൊബൈൽ ഫോണും കമ്പ്യൂട്ടറും കാണാറുണ്ട്. എന്നാൽ ഈ സ്ക്രീനുകളിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം (blue light) കണ്ണുകളുടെ ആരോഗ്യം ബാധിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അപ്പോൾ നീല വെളിച്ചം എന്താണ്? നാം കാണുന്ന പ്രകാശത്തിൽ പല നിറങ്ങളുണ്ട്. അതിൽ ഏറ്റവും ശക്തിയേറിയതാണ് നീല വെളിച്ചം. ഇത് സൂര്യപ്രകാശത്തിലും ഉണ്ടെങ്കിലും, ഇന്നത്തെ കാലത്ത് വൈദ്യുതി വിളക്കുകൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടെലിവിഷൻ തുടങ്ങിയ ഉപകരണങ്ങൾ വഴിയാണ് കൂടുതലായി നമ്മളിലേക്ക് എത്തുന്നത്.
നീല വെളിച്ചത്തിന്റെ പ്രധാന പ്രശ്നം കണ്ണുകൾക്ക് ക്ഷീണം ഉണ്ടാക്കുന്നതാണ്. ദീർഘനേരം സ്ക്രീൻ നോക്കിയാൽ കണ്ണ് വരണ്ടുപോകുക, ചുവക്കുക, കാഴ്ച മങ്ങുക, തലവേദന അനുഭവിക്കുക എന്നിവ സംഭവിക്കും. ഇത് “ഡിജിറ്റൽ സ്ട്രെസ് ” എന്ന പേരിൽ അറിയപ്പെടുന്നു. ദിവസേന പല മണിക്കൂറുകളും സ്ക്രീൻ മുൻപിൽ ചെലവഴിക്കുന്നവർക്ക് ഇത് സാധാരണ പ്രശ്നമാണ്.

അതിന് പുറമെ, രാത്രി നേരങ്ങളിൽ നീല വെളിച്ചം ഉറക്കത്തെയും ബാധിക്കുന്നു. നമ്മുടെ തലച്ചോറിൽ ഉറക്കത്തിന് സഹായിക്കുന്ന മെലട്ടോണിൻ എന്ന ഹോർമോൺ ഉണ്ടാകുന്നത് നീല വെളിച്ചം തടസ്സപ്പെടുത്തും. അതിനാൽ രാത്രി നേരങ്ങളിൽ ഫോൺ നോക്കുകയോ കമ്പ്യൂട്ടർ ഉപയോഗിക്കുകയോ ചെയ്താൽ ഉറങ്ങാൻ വൈകുകയും, നല്ല ഉറക്കം ലഭിക്കാതെയാകുകയും ചെയ്യും. ഇതിന്റെ ഫലമായി മാനസിക സമ്മർദ്ദം, ഓർമ്മശക്തി കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
എന്നാൽ, കണ്ണുകളുടെ ആരോഗ്യത്തിനായി പാലിക്കാവുന്ന ലളിതമായ മാർഗങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനമായി, 20-20-20 നിയമം പാലിക്കുക. അതായത്, 20 മിനിറ്റ് സ്ക്രീൻ നോക്കിയാൽ, 20 സെക്കന്റ് സമയം, 20 അടി അകലെയുള്ള ഏതെങ്കിലും വസ്തുവിലേക്ക് കണ്ണോടിക്കുക. ഇത് കണ്ണിന് വലിയൊരു വിശ്രമം നൽകും.
കൂടാതെ, സ്ക്രീന്റെ വെളിച്ചം മുറിയിലെ പ്രകാശത്തിന് അനുയോജ്യമായി ക്രമീകരിക്കുക. വളരെ തെളിച്ചം കൂടുതലായാലും കുറവായാലും കണ്ണിന് ബുദ്ധിമുട്ടാകും. ഇപ്പോൾ പല ഫോണുകളിലും കമ്പ്യൂട്ടറുകളിലും “കണ്ണു സംരക്ഷണ രീതികൾ” (night mode/eye comfort mode) ഉൾപ്പെടുത്തിയിട്ടുണ്ട്. അവ ഉപയോഗിക്കുന്നത് നല്ലതാണ്.
ദിവസേന ഇടവേളകളിൽ കണ്ണ് അടച്ച് വിശ്രമം നൽകുക. കണ്ണുകൾ വരണ്ടുപോകുന്നവർക്കായി ഡോക്ടർ നിർദേശിച്ചാൽ കണ്ണിൽ ഒഴിക്കാനുള്ള തുള്ളി മരുന്ന് ഉപയോഗിക്കാം. സ്ക്രീനിൽ നിന്നുള്ള ദൂരം ശരിയായി പാലിക്കണമെന്നും (കുറഞ്ഞത് അര മീറ്റർ അകലം).