Nammude Arogyam
General

ഗര്‍ഭകാല പ്രമേഹം:അപകട സാധ്യതകൾ !!!

സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന പ്രമേഹമാണ് ഗര്‍ഭകാല പ്രമേഹം. പ്രമേഹം ഇല്ലാത്തവര്‍ക്ക് പോലും ഗര്‍ഭകാലത്ത് പ്രമേഹം ബാധിക്കുകയും പ്രസവശേഷം സാധാരണയായി അത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഗര്‍ഭകാല പ്രമേഹം ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും പല അപകടങ്ങളുമുണ്ടാക്കും. ഒരു സ്ത്രീക്ക് ഗര്‍ഭകാല പ്രമേഹം ഉണ്ടാകുന്നതിന് നിരവധി കാരണങ്ങള്‍ പറയുന്നുണ്ട്.

ഗര്‍ഭകാലത്ത് സംഭവിക്കുന്ന ചില ഹോര്‍മോണ്‍ (പ്രത്യേകിച്ച് പ്ലാസന്റല്‍ ഹോര്‍മോണുകള്‍) മാറ്റങ്ങളുടെ ഫലമായാണ് ഗര്‍ഭകാല പ്രമേഹം സംഭവിക്കുന്നതെന്നാണ് പ്രധാന നിഗമനം. ഈ ഹോര്‍മോണുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേണ്ടത്ര നിയന്ത്രിക്കാനുള്ള ഇന്‍സുലിന്റെ കഴിവിനെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്ലാസന്റല്‍ ഹോര്‍മോണുകള്‍ക്ക് ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ കഴിയും, ഇത് ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇതുമാത്രമല്ല, കുടുംബത്തിലെ പ്രമേഹത്തിന്റെ പാരമ്പര്യം, ഗര്‍ഭകാല പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു കാരണമാണ്. ഗര്‍ഭധാരണത്തിന് മുമ്പ് അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭകാല പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്. പ്രായത്തിനനുസരിച്ച് ഗര്‍ഭകാല പ്രമേഹത്തിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു, പ്രത്യേകിച്ച് 25 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക്. മുമ്പത്തെ ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭകാല പ്രമേഹം ഉണ്ടായാല്‍ അത് വീണ്ടും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഗര്‍ഭകാല പ്രമേഹം, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. രക്തത്തിലെ ഉയര്‍ന്ന അളവിലെ പഞ്ചസാര അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങള്‍ ഉണ്ടാക്കും. കൂടാതെ പ്രസവിക്കാന്‍ ഒരു ശസ്ത്രക്രിയ (Cesarean section) ആവശ്യമായി വരാനുള്ള സാധ്യതയുമുണ്ടാക്കും.

1. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക: ശരീരത്തിന്റെ അമിതഭാരം ഗര്‍ഭകാല പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭിണിയാകുന്നതിന് മുമ്പ് തന്നെ ആരോഗ്യകരമായ ഭാരം കൈവരിക്കുകയും നിലനിര്‍ത്തുകയും ചെയ്യാന്‍ ശ്രമിക്കുന്നത് വളരെ ഗുണകരമായിരിക്കും.

2. പതിവായി വ്യായാമം ചെയ്യുക: എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വേഗതയുള്ള നടത്തം അല്ലെങ്കില്‍ നീന്തല്‍ പോലുള്ള മിതമായ തീവ്രതയുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുക. ചിട്ടയായ വ്യായാമം പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഗര്‍ഭകാല പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

3. സമീകൃതാഹാരം കഴിക്കുക: ഗര്‍ഭിണികള്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയും ആരോഗ്യകരമായ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുള്‍പ്പെടെ വിവിധ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന സംസ്‌കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക.

4. കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് നിയന്ത്രിക്കുക: സിംപിള്‍ കാര്‍ബോഹൈഡ്രേറ്റുകളായ മധുരമുള്ള പാനീയങ്ങളും ശുദ്ധീകരിച്ച ധാന്യങ്ങളും പോലുള്ളവ ഒഴിവാക്കുക. പകരം, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ (complex carbohydrates) അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കുക. അതായത് ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. ഇവ കൂടുതല്‍ സാവധാനത്തില്‍ ദഹിപ്പിക്കപ്പെടുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറച്ച് സ്ഥിരതയിലേക്ക് നയിക്കുന്നു.

5. പഞ്ചസാര പാനീയങ്ങള്‍ പരിമിതപ്പെടുത്തുക: പൂര്‍ണ്ണമായും പഞ്ചസാര പാനീയങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്, അല്ലെങ്കില്‍ അവ പരിമിതപ്പെടുത്തുക. പകരം വെള്ളം, ഹെര്‍ബല്‍ ടീ, അല്ലെങ്കില്‍ മധുരമില്ലാത്ത പാനീയങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാന്‍ സഹായിക്കുന്നു.

6. ഭക്ഷണങ്ങളുടെ അളവ് നിരീക്ഷിക്കുക: ഭക്ഷണ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍, കഴിക്കാന്‍ എടുക്കുന്ന ആഹാരത്തിന്റെ അളവ് ശ്രദ്ധിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും അമിതഭാരം തടയാനും സഹായിക്കും.

7. ജലാംശം നിലനിര്‍ത്തുക: ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ശരിയായ ജലാംശം നിലനിര്‍ത്താനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. നിര്‍ജ്ജലീകരണം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും, അതിനാല്‍ പ്രതിദിനം കുറഞ്ഞത് 8 കപ്പ് വെള്ളമെങ്കിലും കുടിക്കുക.

8. ആവശ്യത്തിന് ഉറങ്ങുക: ഉറക്കക്കുറവ് ഗര്‍ഭകാല പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കും. ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും മൊത്തത്തിലുള്ള ആരോഗ്യത്തിനായും രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം വേണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

9. കൃത്യമായ ഗര്‍ഭകാല പരിശോധനകള്‍ഗര്‍ഭിണികളുടെ ആരോഗ്യവും കുഞ്ഞിന്റെ വളര്‍ച്ചയും നിരീക്ഷിക്കുന്നതിന് കൃത്യമായ ഗര്‍ഭകാല പരിശോധനകളില്‍ പങ്കെടുക്കുക. ഇത് ഗര്‍ഭകാല പ്രമേഹത്തിന് സാധ്യതയുള്ള ഏതെങ്കിലും ഘടകങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തിരിച്ചറിയാനും ചികിത്സ എടുക്കാനും സഹായിക്കും.

ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം നേരത്തേ കണ്ടെത്തുന്നതിന് മാത്രമല്ല അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഉചിതമായ ചികിത്സ ഉറപ്പാക്കുന്നതിന് ഗര്‍ഭിണികള്‍ പതിവായി പരിശോധനയ്ക്ക് വിധേയരാകേണ്ടത് പ്രധാനമാണ്.

Related posts