ഒട്ടുമിക്ക അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളുടെ ദേഹത്ത് കുളിപ്പിക്കുന്നതിന് മുൻപോ അതിന് ശേഷമോ എണ്ണ തേക്കാറുണ്ട്. ഇത് പരമ്പരാഗതമായി ചെയ്തു വരുന്ന ഒരു കാര്യമാണ്. ഇങ്ങനെ മസാജ് ചെയ്യുന്നത് നിങ്ങൾക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യുമെന്നുള്ളതിന് തെളിവുകളുമുണ്ട്. എണ്ണ ഉപയോഗിക്കുന്നത് നിങ്ങൾക്ക് എളുപ്പത്തിൽ മസാജ് ചെയ്യുവാൻ സഹായിക്കുന്നതോടൊപ്പം കുഞ്ഞിന് സുഖപ്രദവുമാക്കുന്നു.
കുഞ്ഞിനെ മസാജ് ചെയ്യുവാനായി സസ്യ എണ്ണയോ (വെജിറ്റബിൾ ഓയിൽ) മിനറൽ ഓയിലോ ഉപയോഗിക്കാവുന്നതാണ്. കുഞ്ഞിന്റെ ദേഹത്ത് ചുവന്ന പാടുകൾ ഉണ്ടെങ്കിലോ, വരണ്ടതോ ലോലമായതോ ആയ ചർമ്മം ആണെങ്കിലോ മാത്രമേ ഏതെങ്കിലും പ്രത്യേക തരത്തിലുള്ള എണ്ണ ഉപയോഗിക്കേണ്ടതായി ആവശ്യം വരികയുള്ളൂ. ചില എണ്ണകൾ എളുപ്പത്തിൽ ചർമ്മത്തിലേക്ക് അലിഞ്ഞു ചേരുന്നു. എന്നാൽ, ഗവേഷണങ്ങൾ പറയുന്നത്, എണ്ണകൾ തമ്മിൽ അധികം വ്യത്യാസമൊന്നും ഇല്ല എന്നാണ്.
വെളിച്ചെണ്ണ – ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഭ്യമായതും, ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതുമായ എണ്ണയാണ് വെളിച്ചെണ്ണ. ചില ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്, വരണ്ട ചർമ്മങ്ങളിൽ ഈർപ്പം നിലനിർത്തുവാനും സംരക്ഷിക്കുവാനും വെളിച്ചെണ്ണ സഹായിക്കുന്നു എന്നാണ്.
ഇന്ത്യയിൽ പൊതുവെ കുളിക്കുന്നതിനു മുൻപാണ് ദേഹത്ത് എണ്ണ പുരട്ടാറുള്ളത്. ശരീരത്തിലേക്ക് പൂർണ്ണമായും ഇറങ്ങിച്ചെല്ലാത്ത കട്ടിയുള്ള എണ്ണയോ, ഒലീക്ക് ആസിഡ് അടങ്ങിയ കടുകെണ്ണ, ഒലീവ് എണ്ണ എന്നിവയിൽ ഏതെങ്കിലുമാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, ഇതാണ് ഏറ്റവും നല്ല രീതി.
എന്നിരുന്നാലും, ചില എണ്ണകൾ, പ്രത്യേകിച്ച്, മിനറൽ ബേബി ഓയിലുകൾ മസാജ് കഴിഞ്ഞ ശേഷം ചർമ്മത്തിന്റെ പുറത്ത് നേർത്ത ആവരണം പോലെ തീർക്കുന്നു. ഇത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിനാൽ, ഇത്തരത്തിലുള്ള എണ്ണകൾ കുളി കഴിഞ്ഞ ശേഷം ഉപയോഗിക്കുന്നതാണ് ഫലപ്രദം. നിങ്ങളുടെ കുഞ്ഞിന്റേത് വരണ്ട ചർമ്മം ആണെങ്കിൽ ഇവ ഉപയോഗിക്കാവുന്നതാണ്.
ചൂട് കാലാവസ്ഥയിൽ എണ്ണമയം ശരീരത്തിൽ ഉണ്ടെങ്കിൽ, അത് ചർമ്മത്തിലെ സുഷിരങ്ങൾ അടയുവാനും വിയർപ്പ് പുറത്തേക്ക് വരാതിരിക്കുവാനും കാരണമാകുകയും ചെയ്യുന്നു. അത് പോലെ തന്നെ, കുളിച്ചു കഴിഞ്ഞയുടൻ എണ്ണ പുരട്ടുന്നത് ഈർപ്പത്തെ തടഞ്ഞു നിർത്തുന്നു. എന്നാൽ, ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ വിയർപ്പ് മൂലം ചർമ്മത്തിൽ ഈർപ്പമുണ്ടെങ്കിൽ, അത് കുഞ്ഞിന്റെ ചർമ്മത്തിൽ ചുണങ് വരാൻ കാരണമാകുന്നു.
കുഞ്ഞിന്റെ സുരക്ഷയെ കരുതി, ചൂടുള്ള അന്തരീക്ഷത്തിൽ കുഞ്ഞിനെ കുളിപ്പിക്കുന്നതിന് മുൻപ് എണ്ണ തേപ്പിക്കണം എന്നുണ്ടെങ്കിൽ, കുളിക്കുമ്പോൾ അത് വൃത്തിയായി കഴുകിക്കളയുക. എണ്ണ, ക്രീം, ലോഷൻ എന്നിവയൊക്കെ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ കുഞ്ഞിന്റെ ചർമ്മത്തിന് തിളക്കം ഉണ്ടാകുവാൻ പാകത്തിന് മാത്രം അളവിൽ ഇവ ഉപയോഗിക്കുക എന്നതാണ് വിദഗ്ദ്ധർ നൽകുന്ന ഉപദേശം. എണ്ണ കട്ടിയായ അളവിൽ പുരട്ടുന്നത് നിങ്ങളുടെ കുഞ്ഞിന് അസ്വസ്ഥതയും ചൂടും ഉളവാക്കുന്നു. പ്രത്യേകിച്ച് ചൂട് കാലാവസ്ഥയിൽ, ഇത് കുഞ്ഞിന്റെ വസ്ത്രത്തിൽ കറ വരുത്താനും ഇടയാക്കുന്നു.
വീട്ടിൽ തയ്യാറാക്കുന്ന ചില എണ്ണക്കൂട്ടുകൾ ചില സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ചൂടാക്കേണ്ടതുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ ശരീരത്തിൽ പ്രയോഗിച്ചാൽ ഉണ്ടാകുന്ന ഗുണഫലങ്ങൾ എന്തൊക്കെയെന്ന് പറയുന്ന ഒരു ഗവേഷണങ്ങളും നടന്നിട്ടില്ല. അതിനാൽ ഇവ നല്ലതാണോ അല്ലയോ എന്നത് പറയുവാൻ സാധിക്കുകയില്ല. കുഞ്ഞിന് വേണ്ടി നിങ്ങൾ ഉപയോഗിക്കുവാൻ പോകുന്ന എണ്ണ ഏതാണെന്നത് ഡോക്ടറോട് മുൻകൂട്ടി പറയുക. അതുവഴി കുഞ്ഞിന്റെ സുരക്ഷയ്ക്കായി മതിയായ മുൻകരുതൽ എടുക്കുക.
ചില ആളുകൾ പാൽപ്പാട, കടലമാവ്, മഞ്ഞൾ എന്നിവ എണ്ണയിൽ ചേർന്ന് കുഴമ്പ് പരിവത്തിലാക്കാറുണ്ട്. വെറും പാൽ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് സാധ്യയതയുള്ളതിനാൽ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, പച്ചപാലിന് അതിസാരം, ക്ഷയം എന്നിവയ്ക്ക് കാരണമാകുന്ന ബാക്റ്റീരിയ വഹിക്കുവാൻ കഴിയും. ഇത് കൂടാതെ, കടലമാവിന്റെ പരുക്കൻ സ്വഭാവം കുഞ്ഞിന്റെ ദേഹത്ത് പോറലുകൾ വരുത്തിയേക്കാം.