Nammude Arogyam
Covid-19

കോവിഡ് 19 വിറ്റാമിൻ ഡി വഴിത്തിരിവാകുമോ?

ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണങ്ങൾ അനേകം രാജ്യങ്ങളിൽ സംഭവിക്കുന്നുണ്ട്. എന്നാൽ ഓരോ രാജ്യങ്ങളുടേയും ജനസംഖ്യ പരിശോധിക്കുമ്പോൾ വലിയ വ്യത്യാസങ്ങൾ മരണനിരക്കിൽ നമുക്ക് കാണാനാകും. കേരളത്തിനോളം ജനസംഖ്യയില്ലാത്ത സ്ഥലങ്ങളിൽ ഇന്ത്യയിലെ ആകെ മരണത്തിന്റെ നാലിരട്ടിയോളം മരണം സംഭവിക്കുന്നു. ജനസംഖ്യ കുറവുള്ള പ്രദേശങ്ങളിൽ ജനസാന്ദ്രത കൂടിയ ഇടങ്ങളിലേക്കാൾ രോഗബാധിതരുണ്ടാകുന്നു.

ഇതുപോലെ മരണനിരക്കിലും രോഗബാധയിലുമുള്ള വ്യതിയാനങ്ങൾക്ക് വിറ്റമിൻ ഡിയുടെ കുറവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് ഒരു പഠനം നടക്കുകയുണ്ടായി. പഠനത്തിനായി കോവിഡ് ബാധിതർ കൂടുതലായുള്ള അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സ്‌പെയ്ൻ, ഇറ്റലി, സൗത്ത് കൊറിയ, ജെർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണം, രോഗമുക്തരായവരുടെ എണ്ണം, രോഗബാധാ നിരക്ക് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഉപയോഗപ്പെടുത്തിയത്‌.

കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് എന്നിവയുടെ കുടൽ വഴിയുള്ള ആഗിരണം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ മറ്റു പല പ്രവർത്തനങ്ങൾക്കും കാരണമാകുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി. മനുഷ്യ ശരീരത്തിന് ആവശ്യമായവയാണ് വിറ്റാമിൻ ഡി 3 (കോളികാൽസിഫെറോൾ), വിറ്റാമിൻ ഡി 2 (എർഗോകാൽസിഫെറോൾ) എന്നിവ. വിറ്റാമിൻ ഡി3 യ്ക്ക് ശരീരത്തിന്റെ സ്വതസിദ്ധമായ പ്രതിരോധശേഷി ശക്തിപ്പെടുത്താനാകും. സൂര്യപ്രകാശത്തിൽ നിന്നുമാണ് (പ്രത്യേകിച്ചും യുവിബി വികിരണം) ശരീരത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നത്. വിറ്റാമിൻ ഡി 2, ഡി 3 എന്നിവ ഭക്ഷണത്തിൽ നിന്നും വിറ്റാമിൻ സപ്പ്ളിമെന്റുകളിൽ നിന്നും ലഭിക്കും. കൊഴുപ്പുള്ള മൽസ്യം പോലുള്ള കുറച്ച് ഭക്ഷണങ്ങളിൽ മാത്രമേ സ്വാഭാവികമായി വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളൂ.

എന്നാൽ സൂര്യപ്രകാശത്തിൽ നിന്ന് ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്, കൂടാതെ ലോകത്തിലെ ഓരോ ഭാഗത്തും സൂര്യപ്രകാശം ലഭിക്കുന്നത് വ്യത്യസ്ത അളവുകളിൽ ആയതിനാലും മേഘം, മഞ്ഞ് മുതലായ ഘടകങ്ങൾ സൂര്യവികിരണത്തെ ബാധിക്കുന്നതിനാലും ഓരോ സ്ഥലത്തും സൂര്യപ്രകാശത്തിൽ നിന്നും ശരീരം ആഗിരണം ചെയ്യുന്ന വിറ്റാമിൻ ഡിയുടെ തോത് വളരെയധികം വ്യത്യാസപ്പെട്ടിരിക്കും.

കോവിഡ് ബാധിച്ച രോഗികളിൽ വിറ്റാമിൻ ഡിയുടെ തോത് എത്രത്തോളമാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. അതിനാൽ വിറ്റാമിൻ ഡിയും സി-റിയാക്ടീവ് പ്രോട്ടീനും (സി‌ആർ‌പി) തമ്മിലും സിആർ‌പിയും കടുത്ത കോവിഡ് ബാധയും തമ്മിലുള്ള ബന്ധത്തെ പറ്റി നേരത്തെ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. കരൾ ഉൽ‌പാദിപ്പിക്കുന്ന ഒരു പദാർത്ഥമാണ് സിആർ‌പി, ഇത് ശരീരത്തിൽ വീക്കം ഉണ്ടാകുമ്പോൾ വർദ്ധിക്കുന്നു. തീവ്ര കോവിഡ് 19 ബാധ കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായകമാകുമോ എന്ന് കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ഉദ്ദേശം.

യുഎസ്, ഫ്രാൻസ്, യുകെ എന്നിവിടങ്ങളിലെ ജനങ്ങളിലെ വിറ്റാമിൻ ഡിയുടെ തോതും കോവിഡ് 19 മരണനിരക്കും തമ്മിൽ ബന്ധമുണ്ടാകാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിറ്റാമിൻ ഡിയുടെ അപര്യാപ്തതയുള്ള രോഗികൾക്ക് കടുത്ത കോവിഡ് 19 ബാധയ്ക്കുള്ള സാധ്യത 17.3% ആണെന്ന് പഠനം കണ്ടെത്തി. എന്നാൽ വിറ്റാമിൻ ഡി അളവ് സാധാരണമായ അളവിൽ ഉള്ള ആളുകൾക്ക് രോഗം മൂർച്ഛിക്കാനുള്ള സാധ്യത 14.6 മാത്രമായിരുന്നു. അതായത് വിറ്റാമിൻ ഡിയുടെ കുറവും കോവിഡ് 19 ബാധയുടെ തീവ്രതയും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് അർഥം. വിറ്റാമിൻ ഡി 3 കടുത്ത അപരാപ്തതയും കൊറോണബാധിതരുടെ മരണനിരക്കും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നാണ് പഠനത്തിന്റെ പ്രാഥമികമായ വിലയിരുത്തൽ.

യു‌എസ്‌എ, ഇറ്റലി, സ്‌പെയിൻ, യുകെ തുടങ്ങിയ ഉയർന്ന COVID-19 മരണനിരക്ക് ഉള്ള രാജ്യങ്ങളിലെ രോഗികൾക്ക് വിറ്റാമിൻ ഡി 3 യുടെ കടുത്ത അപര്യാപ്തത ഉണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. കോവിഡ് 19 രോഗികളിൽ സൈറ്റോകൈൻ വിസ്ഫോടനം അടിച്ചമർത്തുന്നതിലൂടെ വിറ്റാമിൻ ഡി രോഗത്തിന്റെ തീവ്രത കുറയ്‌ക്കുമെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത്. എന്നാൽ ഇത് സംബന്ധിച്ച വിശദമായ ഗവേഷണങ്ങൾ നടന്നാലേ വിറ്റാമിൻ ഡി, കോവിഡ് ബാധ തടയുന്നതിന് സഹായകമാകുമോ എന്ന് കണ്ടെത്താനാകു.

Related posts