ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുന്നവർക്കിടയിൽ തൈര് പ്രധാനപ്പെട്ടതാണ്. കാരണം ഇതിന്റെ അമൂല്യമായ ആരോഗ്യ ഗുണങ്ങൾ. ദഹനവ്യവസ്ഥ, രോഗപ്രതിരോധ ശേഷി, ചർമ്മം, മുടി, എല്ലുകൾ എന്നിവയ്ക്കെല്ലാം പല രീതിയിൽ ഗുണം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും ഇത് ഗുണകരമായി പ്രവർത്തിക്കുന്നു. ഇത് കൂടാതെ തൈര് ആരോഗ്യത്തിന് എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം.
തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമായതിനാൽ, അതിൽ നമ്മുടെ ദഹനത്തിന് ഗുണകരമായ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകൾ നമ്മുടെ കുടലിന്റെയും വയറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് വീക്കമുള്ള കുടൽ ആവരണങ്ങളെയും അൾസറുകളെയും ശമിപ്പിക്കുമെന്ന് അറിയപ്പെടുന്നു. മോശം ദഹന ആരോഗ്യം പലപ്പോഴും വയറു വീർക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. തൈര് വായുകോപം കുറയ്ക്കുന്നതിനും വയറ്റിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ദഹനക്കേട് ഒഴിവാക്കാൻ തൈര് ദിവസവും ഭക്ഷണത്തിന് ശേഷം കഴിക്കാം.
നിരവധി പഠനങ്ങളിൽ തൈര് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ദിവസേന രണ്ട് കപ്പ് തൈര് കഴിക്കുന്നവരിൽ പ്രതിരോധശേഷി തൈര് കഴിക്കാത്തവരെക്കാൾ അഞ്ചിരട്ടി വർദ്ധിപ്പിക്കുന്നു എന്ന് ശ്രദ്ധേയമായ ഫലങ്ങൾ കാണിക്കുന്നു. പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്, അത് ഭക്ഷണത്തിലൂടെ ദഹനവ്യവസ്ഥയിലേക്ക് പ്രവേശിക്കുന്ന ചീത്ത ബാക്ടീരിയകൾക്കെതിരെ പോരാടുകയും അങ്ങനെ വയറിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഉപ്പിൽ സോഡിയം ഉണ്ടെന്ന് നമുക്ക് അറിയാം, അതിനാൽ കൂടുതൽ ഉപ്പ് കഴിക്കുന്നത് രക്തത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് അധിക വെള്ളം മൂത്രസഞ്ചിയിലെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. ശരീരത്തിന് ആവശ്യമായ അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ലഭിക്കുമ്പോൾ, അത് സോഡിയവുമായി സന്തുലിതമാക്കുകയും നമ്മുടെ ശരീരത്തിലെ മികച്ച ജലാംശം നിലനിർത്തുകയും ചെയ്യുന്നു. അതുവഴി, രക്തസമ്മർദ്ദം കുറയുന്നു.
എല്ലുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കാൽസ്യം. തൈര് കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. യുഎസ്ഡിഎ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, 250 ഗ്രാം തൈരിൽ ഏകദേശം 275 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്, കാൽസ്യം എല്ലുകളെ ബലപ്പെടുത്തുക മാത്രമല്ല, ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ കാൽസ്യം അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുന്നു.
തൈര് നമ്മുടെ ശരീരത്തിൽ കോർട്ടിസോൾ അടിഞ്ഞു കൂടുന്നത് തടയുന്നു, കോർട്ടിസോൾ അമിതവണ്ണത്തിലേക്കും രക്തസമ്മർദ്ദത്തിലേക്കും നയിക്കുന്ന ഒരു ഹോർമോണാണ്. അതിനാൽ തന്നെ ദിവസവും തൈര് കഴിക്കുന്നത് അധിക ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. തൈരില്‍ കൊഴുപ്പെന്നു പേടിയ്ക്കുന്നവര്‍ക്ക് മോരിന്റെ രൂപത്തില്‍ കഴിയ്ക്കാം. ഗ്രീക്ക് യോഗര്‍ട്ടാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല തൈര്. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ പൊതുവേ തടി കുറയ്ക്കാന്‍ നല്ലതാണ്. ഇവ പെട്ടെന്ന് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും, പെട്ടെന്ന് വിശപ്പു തോന്നുകയുമില്ല. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. തൈരില്‍ 70-80 ശതമാനം വെള്ളമാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.
പലര്‍ക്കും തൈര്, യോഗര്‍ട്ട് എന്നിവ ഒന്നാണെന്ന ചിന്തയുണ്ട്. എന്നാല്‍ ഇത് വ്യത്യസ്തമാണ്. യോഗര്‍ട്ട് തൈരില്‍ നിന്നും വ്യത്യസ്തമാണ്. യോഗര്‍ട്ടിന് സാധാരണ തൈരിന്റെ പുളിയുണ്ടാകില്ല. നല്ല കട്ടിയുമായിരിയ്ക്കും. തൈരും യോഗര്‍ട്ടും ഒരേ പ്രക്രിയയില്‍ കൂടിയാണ് ഉണ്ടാക്കുന്നത്. അതായത് പാല് പുളിപ്പിച്ച്, അതായത് പാല് ഉറയൊഴിച്ച്. എന്നാല്‍ തൈരില്‍ ഒരു ബാക്ടീരിയ മാത്രമേയുള്ളൂ. എന്നാൽ യോഗര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഇതിലേയ്ക്ക് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ടിനം ബാക്ടീരിയകളെ കൂടി കടത്തി വിടുന്നു. ഇതിനാല്‍ തന്നെ തൈരിനേക്കാള്‍ യോഗര്‍ട്ടാണ് വയറിന്റെ ആരോഗ്യത്തിന് ഉത്തമം.
ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുമ്പോൾ അതിനോടൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണ രീതികളും തിരഞ്ഞെടുക്കണം. അത്തരത്തിൽ തിരഞ്ഞെടുക്കാവുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ് തൈര്. അതിനാൽ തീന്മേശയിൽ തൈരിന് മികച്ചൊരു ഇരിപ്പിടം തന്നെ നമുക്ക് നൽകാം.